You are Here : Home / USA News

ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി KANJ ഓണാഘോഷത്തിന്റെ മുഖ്യ സ്പോണ്‍സര്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, September 11, 2013 11:01 hrs UTC

ന്യൂജെഴ്‌സി: അമേരിക്കയിലെ പ്രശസ്തമായ ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ) യുടെ ഓണാഘോഷ പരിപാടികളുടെ മുഖ്യ സ്പോണ്‍സറായി മുന്നോട്ടുവന്നു എന്ന് KANJ പ്രസിഡന്റ് ജിബി തോമസ് മോളോപ്പറമ്പില്‍ അറിയിച്ചു. സെപ്തംബര്‍ 28-ന് നടക്കുന്ന ഓണാഘോഷ പരിപാടികളെക്കുറിച്ച് ഗ്രാന്റ് കാനിയന്‍ യൂണിവേഴ്സിറ്റി അധികൃതരെ അറിയിച്ചയുടനെ റിക്കാര്‍ഡോ കോണ്‍‌ട്രിറാസ് നേതൃത്വം നല്‍കുന്ന യൂണിവേഴ്‌സിറ്റി പ്രതിനിധി സംഘം ഓണാഘോഷങ്ങളില്‍ സംബന്ധിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയും, മുഖ്യ സ്പോണ്‍സറാകാന്‍ സന്നദ്ധരാകുകയുമായിരുന്നു എന്നും ജിബി പറഞ്ഞു. ഫോമയും ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി ഉണ്ടാക്കിയിട്ടുള്ള വിദ്യാഭ്യാസ കരാറിന്റെ അടിസ്ഥാനത്തില്‍ അംഗസംഘടനയായ KANJ-ന്റെ ഓണാഘോഷങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നതോടൊപ്പം, അന്നേ ദിവസം യൂണിവേഴ്‌സിറ്റി പ്രത്യേക ബൂത്തുകളും സജ്ജീകരിക്കുന്നുണ്ട്. ഈ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം തേടുന്ന മലയാളികള്‍ക്ക് ഫോമ-ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ കരാറിന്റെ ആനുകൂല്യം ലഭ്യമാക്കാനാണ് ഉദ്ദേശമെന്ന് ജോബി പറഞ്ഞു. കരാര്‍ പ്രകാരം FOMAA-KANJ അംഗങ്ങള്‍ക്ക് 15 ശതമാനം ട്യൂഷന്‍ ഫീ ഇളവു ലഭിക്കുന്നതാണ്. പുതുതായി പ്രവേശനം തേടുന്നവര്‍ക്കും നേരത്തെ പ്രവേശനം ലഭിച്ചവര്‍ക്കും ഫോമയുടെ ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ന്യൂജെഴ്‌സിയില്‍ നിന്നുതന്നെ ഏകദേശം ഇരുപതോളം പേര്‍ ഈ ആനുകൂല്യം ലഭിച്ചവരില്‍ പെടുന്നുണ്ടെന്നും ജിബി പറഞ്ഞു. അമേരിക്കയിലെ പ്രശസ്തമായ ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി ഫോമ ഉണ്ടാക്കിയിട്ടുള്ള ട്യൂഷന്‍ ആനുകൂല്യ കരാര്‍ നിരവധി പേര്‍ക്ക് പ്രയോജനപ്പെടുന്നുണ്ടെന്ന് ജിബി പറയുന്നു. നിരവധി പേരാണ് ഇതേക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്നും, ഈ ആനുകൂല്യം മറ്റൊരു സംഘടനയുമായോ യൂണിവേഴ്‌സിറ്റിയുമായോ ലഭ്യമല്ല, ഫോമ മാത്രമേ ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയതെന്നും അതുകൊണ്ട് എല്ലാവരും ഈ ആനുകൂല്യം ലഭ്യമാകാന്‍ ഫോമയുമായി ബന്ധപ്പെടണമെന്നും ജിബി അഭ്യര്‍ത്ഥിച്ചു. അരിസോണയിലെ ഫീനിക്‌സില്‍ സ്ഥിതിചെയ്യുന്ന ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റി അറുപതിലേറെ വര്‍ഷങ്ങളായി അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ പ്രഥമ സ്ഥാനം വഹിക്കുന്ന സ്ഥാപനമാണ് . ഫീനിക്‌സിലെ വിശാലമായ കാമ്പസ്‌ കൂടാതെ ഓണ്‍ലൈന്‍ ക്ലാസുകളും വിദ്യാര്‍ത്ഥികളുടെ സൗകര്യത്തിനായി യൂണിവേഴ്‌സിറ്റി നടത്തുന്നുണ്ട് . ബാച്ചിലേഴ്‌സ്‌, മാസ്റ്റേഴ്‌സ്‌, ഡോക്‌ടേഴ്‌സ്‌, എം.ബി.എ വിഭാഗങ്ങളിലായി നൂറിലേറെ പാഠ്യപദ്ധതികള്‍ യൂണിവേഴ്‌സിറ്റിക്കുണ്ട് . അമേരിക്കയില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരുടെ സൗകര്യാര്‍ത്ഥം ബി.എസ്‌.എന്‍, എം.എസ്‌.എന്‍ എന്നീ ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി നടത്തുന്നുണ്ട് . ഇതുമൂലം ജോലിയും പഠനവും ഒന്നിച്ചുകൊണ്ടുപോകുവാന്‍ സാധിക്കുന്നു. ആര്‍ . എന്നിന്‌ 36 ക്രെഡിറ്റുകൂടി എടുത്താല്‍ ബി.എസ്‌.എന്‍ ലഭിക്കുന്നതാണ് . ഇത്‌ പ്രമോഷനും മാനേജ്‌മെന്റ്‌ ജോലി ലഭിക്കുന്നതിനും സഹായിക്കും. ജോലികള്‍ ലഭിക്കുന്നതിന്‌ യൂണിവേഴ്‌സിറ്റിയില്‍ കരിയര്‍ സെന്ററുമുണ്ട് . KANJ അംഗങ്ങള്‍ ഈ ആനുകൂല്യത്തിന് അര്‍ഹരാണ്. അംഗങ്ങളല്ലാത്തവര്‍ക്ക് അംഗത്വമെടുക്കാന്‍ www.kanj.org എന്ന വെബ്‌സൈറ്റില്‍ അപേക്ഷാ ഫോറം ലഭ്യമാണ്. നിരവധി പേര്‍ക്ക് പ്രയോജനകരമാകാവുന്ന വിദ്യാഭ്യാസ കരാര്‍ ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് പ്രാബല്യത്തില്‍ കൊണ്ടുവന്ന ഫോമ പ്രസിഡന്റ് ജോര്‍ജ്ജ് മാത്യുവിനും, സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസിനും, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പിനും, കോ-ഓര്‍ഡിനേറ്റര്‍മാരായ ബാബു തോമസ് തെക്കേക്കര, സജീവ് വേലായുധന്‍ എന്നിവര്‍ക്കും KANJ എക്സിക്യൂട്ടീവ് കമ്മിറ്റി അകൈതവമായ നന്ദി അറിയിച്ചു. ന്യൂജെഴ്‌സിയിലെ എല്ലാ മലയാളികളേയും ഒരുമിച്ചൊരു കുടക്കീഴില്‍ കൊണ്ടുവരികയും ഈ ആനുകൂല്യത്തിന് അര്‍ഹരാക്കുകയും ചെയ്യുകയാണ് തന്റേയും സഹപ്രവര്‍ത്തകരുടേയും ലക്ഷ്യമെന്ന് ജിബി പറഞ്ഞു. പൊതുജനങ്ങളില്‍ നിന്നു കിട്ടുന്ന പ്രോത്സാഹനമാണ് ഇങ്ങനെയുള്ള സം‌രംഭങ്ങള്‍ക്ക് തുടക്കമിടാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നതെന്നും ജിബി കൂട്ടിച്ചേര്‍ത്തു. ജിബിയെ കൂടാതെ ജനറല്‍ സെക്രട്ടറി സ്വപ്ന രാജേഷ്, ട്രഷറര്‍ സണ്ണി വാലിപ്ലാക്കല്‍, ജോണ്‍ ജോര്‍ജ്ജ്, ഹരികുമാര്‍ രാജന്‍, ജയിംസ് ജോര്‍ജ്ജ്, നന്ദിനി മേനോന്‍, ഡോ. നീനാ ഫിലിപ്പ്, ജയന്‍ ജോസഫ്, ജോസഫ് ഇടിക്കുള, സോബിന്‍ ചാക്കോ, മാലിനി നായര്‍ എന്നിവരാണ് KANJ-ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഈ ഓണാഘോഷ വേളയില്‍ ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി പ്രതിനിധികളുമായി നേരില്‍ കാണാനും, നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി ലഭിക്കാനും ആഗ്രഹമുള്ളവര്‍ ഓണാഘോഷ ചടങ്ങില്‍ പങ്കെടുക്കണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. സെപ്‌തംബര്‍ 28 ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിമുതല്‍ വൈകീട്ട്‌ 6 മണിവരെ നോര്‍ത്ത്‌ ബ്രന്‍സ്‌വിക്‌ ഹൈസ്‌കൂളില്‍ (North Brunswick High School, 98 Raider Rd., North Brunswick, NJ 08902) വെച്ചാണ് ഓണാഘോഷങ്ങള്‍ നടക്കുന്നത് . കൂടുതല്‍ വിവരങ്ങള്‍ക്കും ഫീസിളവിനുള്ള അപേക്ഷാ ഫോറത്തിനും ബന്ധപ്പെടുക: ബാബു തോമസ്‌ 443 535 3955, Email : babutt59@yahoo.com, Jiby Thomas - 914-573-1616 Email : jibyusa@gmail.com https://www.youtube.com/watch?feature=player_embedded&v=OL9mct8JDOU

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.