ബാള്‍ട്ടിമോറില്‍ സെപ്റ്റംബര്‍ അഞ്ചിന് വ്യാഴാഴ്ച അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ തോമസ് പി. ആന്റണിയുടെ നിര്യാണത്തില്‍ ചൊവ്വാഴ്ച കൂടിയ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷ്ണല്‍ എക്‌സിക്യൂട്ടീവ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.അമേരിക്കന്‍ മലയാള പത്രപ്രവര്‍ത്തന രംഗത്ത് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു തോമസ് പി. ആന്റണിയെന്നു അനുശോചന സന്ദേശത്തില്‍ പ്രസ്‌ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. നവംബറില്‍ നടക്കുന്ന ദേശീയ സമ്മേളനത്തില്‍ പ്രസ് ക്ലബിന്റെ ക്ഷണം സ്വീകരിക്കുകയും അതില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രസ്‌ക്ലബിന് നല്‍കുകയും മുതിര്‍ന്ന ജ്യേഷ്ഠന്റെ സ്ഥാനത്തുനിന്ന് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പ്രയത്‌നിക്കുകയും ചെയ്തിരുന്നു. നിശബ്ദമായ പ്രവര്‍ത്തനത്തിനുടമയായ അദ്ദേഹം അമേരിക്കന്‍ മാധ്യമ രംഗത്ത് കഴിവുള്ളവരെ തെരഞ്ഞെടുക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. മാധ്യമരംഗത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്, ശ്ലാഖനീയമാണ്.മതസാമൂഹ്യ, സംഘടനാ രംഗത്തെ അറിയപ്പെടുന്ന പ്രവര്‍ത്തകനുമായിരുന്ന അദ്ദേഹം ബാള്‍ട്ടിമോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് മേരീലാന്റിന്റെ (മാം) സ്ഥാപക ചെയര്‍മാനും ആയിരുന്നു.വ്യത്യസ്തമായ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹം അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയെടുത്തെന്നും പ്രസ്‌ക്ലബ് ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Comments