ഷിക്കാഗോ: 2013 നവംബര്‍ 29 വെള്ളിയാഴ്‌ച മുതല്‍ ഡിസംബര്‍ ഒന്ന് ഞായറാഴ്‌ച വരെ ഷിക്കാഗോയില്‍ വെച്ച് നടക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാനാ) യുടെ ഒമ്പതാമത് നാഷണല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് `മാധ്യമങ്ങളും മലയാള സാഹിത്യവും: ഒരു അമേരിക്കന്‍ വിജയഗാഥ' എന്ന സെമിനാര്‍ സംഘടിപ്പിക്കുന്നു. മാധ്യമങ്ങളും എഴുത്തുകാരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നതാകയാല്‍ വളര്‍ച്ചയുടെ വഴിയില്‍ രണ്ട് വിഭാഗവും ഒരുമിച്ച് മുന്നേറുന്നവരാണ്. ദശാബ്‌ദങ്ങളുടെ ചരിത്രമാണ് അമേരിക്കയിലെ മാധ്യമങ്ങള്‍ക്കുള്ളത്. മാധ്യമങ്ങളോടൊപ്പം വളരുകയും സാഹിത്യസപര്യയോടൊപ്പം മാധ്യമങ്ങളുടെ വളര്‍ച്ചയില്‍ നിസ്‌തുല പങ്കുവഹിക്കുകയും ചെയ്‌തവരാണ് വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാര്‍. വിജയവീഥികളിലെ അറിയപ്പെടുന്നതും അല്ലാത്തതുമായ അനുഭവകഥകളും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ക്കിടയില്‍ പരസ്‌പര ബാന്ധവത്തിന്റെ അനിവാര്യതകളും ഈ സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. മാധ്യമങ്ങളുടെ പ്രതിനിധികളായി നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ അച്ചടി-ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാരും, എഴുത്തുകാരെ പ്രതിനിധീകരിച്ച് അമേരിക്കയിലേയും കാനഡയിലേയും സാഹിത്യ സംഘടനാ ഭാരവാഹികളുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ജനനി മാസിക പത്രാധിപര്‍ ജെ. മാത്യൂസ് സെമിനാറിന്റെ മോഡറേറ്ററായിരിക്കും. ടാജ് മാത്യു (മലയാളം പത്രം), ജോസ് കണിയാലി (കേരളാ എക്‌സ്‌പ്രസ്), ജോസ് ചേന്നിക്കര (സംഗമം), ജോര്‍ജ് ജോസഫ് (ഇ മലയാളി), ജോസ് തയ്യില്‍ (കൈരളി), അലക്‌സാണ്ടര്‍ തോമസ് (പ്രവാസി), ജോയിച്ചന്‍ പുതുക്കുളം (ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോം), ഡോ. മാത്യു ജോയിസ് (മലയാളി), ജയിംസ് കുരീക്കാട്ടില്‍ (ധ്വനി), പ്രിന്‍സ് മര്‍ക്കോസ് (അക്ഷരം), ഡോ. ജോര്‍ജ് കാക്കനാട്ട് (ആഴ്‌ചവട്ടം), മാത്യു മൂലേച്ചേരില്‍ (യു.എസ് മലയാളി & സാഹിത്യ സല്ലാപം) എന്നിവരാണ് അച്ചടി- ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ജോണ്‍ ഇലക്കാട് (ചിക്കാഗോ സാഹിത്യവേദി), മനോഹര്‍ തോമസ് (സര്‍ഗ്ഗവേദി, ന്യൂയോര്‍ക്ക്), സാംസി കൊടുമണ്‍ (വിചാരവേദി, ന്യൂയോര്‍ക്ക്), ഏബ്രഹാം തെക്കേമുറി (കേരള ലിറ്റററി സൊസൈറ്റി, ഡാളസ്), ജോണ്‍ മാത്യു (കേരളാ റൈറ്റേഴ്‌സ് ഫോറം, ഹൂസ്റ്റണ്‍), ജോര്‍ജ് മണ്ണിക്കരോട്ട് (മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹൂസ്റ്റണ്‍), തോമസ് കര്‍ത്തനാള്‍ (മിലന്‍, ഡിട്രോയിറ്റ്), ഇ.വി. പൗലോസ് (നാട്ടുക്കൂട്ടം, ഫലാഡല്‍ഫിയ), ജോണ്‍ ഇളമത (സര്‍ഗ്ഗധാരാ മിഷന്‍, കാനഡ) എന്നിവര്‍ വടക്കേ അമേരിക്കയിലെ സാഹിത്യ സംഘടനകളെ പ്രതിനിധീകരിച്ച് പ്രസംഗിച്ചു. നവംബര്‍ മാസം 29 -ന് വെള്ളിയാഴ്‌ച വൈകുന്നേരം 5 മണിക്ക് കണ്‍വെന്‍ഷന്‍ പരിപാടികള്‍ക്ക് തുടക്കംകുറിക്കും. കേരളാ സാഹിത്യ അക്കാഡമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതും മലയാള സാഹിത്യത്തിന്റെ സമകാലിക മുഖത്തെപ്പറ്റി പ്രഭാഷണം നടത്തുന്നതുമാണ്. ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടിനടുത്തുള്ള ഹോട്ടല്‍ ഷെറാട്ടണിലായിരിക്കും (എസ്.കെ. പൊറ്റക്കാട് നഗര്‍) കണ്‍വെന്‍ഷന്‍ നടക്കുന്നത്. മുറികള്‍ ആവശ്യമുള്ളവര്‍ മുന്‍കൂട്ടി വിളിച്ച് താമസ സൗകര്യം ഉറപ്പുവരുത്താവുന്നതാണ്. (ഫോണ്‍: 847 699 6300). കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒഹയര്‍ എയര്‍പോര്‍ട്ടില്‍ നിന്നും, തിരിച്ചും ഷെറാട്ടണ്‍ ഹോട്ടല്‍ ഏര്‍പ്പെടുത്തുന്ന സൗജന്യ യാത്രാസൗകര്യം ഉണ്ടായിരിക്കും. ഷാജന്‍ ആനിത്തോട്ടം അറിയിച്ചതാണിത്.
Comments