ന്യൂയോര്‍ക്ക്: ഫ്‌ളോറല്‍പാര്‍ക്കിലെ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള എട്ടുനോമ്പാചരണവും പരി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ഈവര്‍ഷം സെപ്‌റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ വിവിധ പരിപാടികളോടെ ആചരിച്ചു. പെരുന്നാള്‍ ചടങ്ങുകളില്‍ മലങ്കര ആര്‍ച്ച് ഡയോസിസിലെ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികനായിരുന്നു. സെപ്‌റ്റംബര്‍ ഒന്നാം തീയതി രാവിലെ 7 മണിക്ക് പ്രാര്‍ത്ഥനയോടെ ആരംഭിച്ച പെരുന്നാള്‍ ചടങ്ങുകള്‍ വി. കുര്‍ബാനയെ തുടര്‍ന്ന് പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍, നോമ്പാചരണം എന്നിവയോടെ തുടര്‍ന്നു. സെപ്‌റ്റംബര്‍ ഏഴാം തീയതി ശനിയാഴ്‌ച പ്രധാന പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് വികാരി റവ.ഡോ. വര്‍ഗീസ് മാനിക്കാട്ട് അഞ്ചുമണിക്ക് പള്ളിയങ്കണത്തില്‍ കൊടി ഉയര്‍ത്തി. 5.30-ന് ദേവാലയത്തിലേക്ക് എഴുന്നെള്ളി വന്ന ആര്‍ച്ച് ബിഷപ് മാര്‍ യല്‍ദോ മോര്‍ തീത്തോസിന് രണ്ടു വരികളിലായി അണിനിരന്ന സണ്‍ഡേ സ്‌കൂള്‍ കൂട്ടികള്‍, നൂറുകണക്കിന് വിശ്വാസികള്‍ എന്നിവരുടെ അകമ്പടിയോടെ ആചാരപ്രകാരം കത്തിച്ച മെഴുകുതിരി നല്‌കി വികാരി സ്വീകരിച്ചു. `തോബശ്‌ലോം...' എന്നു തുടങ്ങുന്ന സുറിയാനി ഗീതം ജിനു ജോണിന്റെ നേതൃത്വത്തില്‍ ഗായകസംഘം ആലപിച്ച് ദേവാലയാന്തരീക്ഷം ഭക്തിസാന്ദ്രമാക്കി. ധൂപപ്രാര്‍ത്ഥനകള്‍ക്കുശേഷം ആറുമണിക്ക് സന്ധ്യാപ്രാര്‍ത്ഥന ആരംഭിച്ചു. 7 മണിക്ക് നടന്ന വി. മൂന്നിന്‍മേല്‍ കുര്‍ബാനയില്‍ മാര്‍ തീത്തോസ് മുഖ്യകാര്‍മികനായിരുന്നു. വെരി റവ വര്‍ക്കി മുണ്ടയ്‌ക്കല്‍ കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
റവ.ഫാ. ആകാശ് പോള്‍ വി മദ്‌ബഹയിലെ നടത്തിപ്പുകള്‍ക്ക് നേതൃത്വം വഹിച്ചു. വി. കുര്‍ബാനമധ്യേ തന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ വി. ലൂക്കോസിന്റെ സുവിശേഷം ഒന്നിന്റെ 48-ല്‍ വായിക്കുന്നതുപോലെ `ഇന്നുമുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്‌ത്തും' നാമും വിശുദ്ധ കന്യകമറിയത്തിന്റെ അപദാനങ്ങളെ ലോകമുള്ളിടത്തോളം വാഴ്‌ത്തിപാടണമെന്ന് വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. ലോകമെമ്പാടും ഏറ്റവും അധികം അത്ഭുതങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഏകമധ്യസ്ഥതയുടെ നാമം മാതാവിന്റേതാണെന്നും അവള്‍ എന്നെന്നും കന്യകയും ദൈവമാതാവുമാണെന്നും ആദിമ നൂറ്റാണ്ടുകള്‍ മുതലുള്ള സഭാ പിതാക്കന്മാരെ ഉദ്ധരിച്ചുകൊണ്ട് പ്രസ്‌താവിച്ചു. അനുദിനം വളര്‍ച്ചയുടെ പടവുകളിലൂടെ മുന്നേറുന്ന ഇടവകയെ പ്രശംസിക്കുകയും നേതൃത്വം നല്‍കുന്ന വികാരി ഫാ. മാനിക്കാട്ടിനെ അഭിനന്ദിക്കുകയും ചെയ്‌തു. തുടര്‍ന്ന് നടന്ന ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയില്‍ കത്തിച്ച മെഴുകുതിരികളുമായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വി. മാതാവിന്റെ മദ്ധ്യസ്ഥതയില്‍ വി. കുര്‍ബാന ഏറ്റുകഴിക്കുന്ന രീതി നിലവിലുള്ള ഭദ്രാസനത്തിലെ ഏക ദേവാലയം ഇതാണ്. വി. കുര്‍ബാനയെ തുടര്‍ന്ന് കുരിശുകള്‍, കൊടികള്‍, മുത്തുക്കുടകള്‍, മെഴുകുതിരികള്‍ എന്നിവയേന്തി ഭക്തജനം ദേവാലയത്തിനു ചുറ്റും നടത്തിയ പ്രദക്ഷിണത്തില്‍ റവ.ഡോ. ജെറി ജേക്കബ് മുഖ്യകാര്‍മികനായിരുന്നു. ദൈവമാതാവിനെ വാഴ്‌ത്തിക്കൊണ്ട് ഗീതങ്ങള്‍ ആലപിച്ചും പ്രാര്‍ത്ഥനാവചനങ്ങള്‍ ഉച്ചത്തില്‍ ഏറ്റുപാടിയും ദേവാലയാന്തരീക്ഷം വിശ്വാസികള്‍ ഭക്തിമുഖരിതമാക്കി. സെപ്‌റ്റംബര്‍ എട്ടിന് രാവിലെ 7 മണിക്ക് പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. വികാരി റവ.ഡോ. വര്‍ഗീസ് മാനിക്കാട്ട് വി. കുര്‍ബാന ചൊല്ലി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നേര്‍ച്ച വിളമ്പ്, മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍, ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ ഉച്ചയോടെ സമാപിച്ചു. സമീപ പ്രദേശത്തെ വൈദീകരോടൊപ്പം സഭയിലെ സ്ഥാനീയരായ കമാണ്ടര്‍ ജോണ്‍സണ്‍ മാത്യു, ഷെവലിയാര്‍ ബാബു ജേക്കബ്, ജോര്‍ജ് പാടിയേടത്ത് തുടങ്ങിയവരും ഭദ്രാസന ഭാരവാഹികള്‍, ഭക്തസംഘടനാ ഭാരവാഹികള്‍, സഹോദര ഇടവകയിലെ വിശ്വാസികള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ പെരുന്നാളില്‍ സംബന്ധിച്ചു.
Comments