സജി എബ്രഹാം
ന്യൂയോര്‍ക്ക്: കാനഡയിലെ കൈരളി ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 24ന് നടത്തിയ, പ്രവാസികളുടെ ഏറ്റവും വലിയ ജലമേളയായ കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തില്‍,ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ്ബിന്റെ 'ജലകേസരി' വിജയകിരീടമണിഞ്ഞു. കൈരളി ബോട്ട് ക്ലബ്ബ്, കാനഡയുടെ ജലറാണിയുമായി ഇഞ്ചോടിഞ്ചു പൊരുതി, അഞ്ച് തുഴപ്പാടുകള്‍ക്ക് പിന്നിലാക്കിയാണ് 'ജലകേസരി'യുടെ ചാലകര്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടത്. തുടര്‍ച്ചയായി ഇത് നാലാം തവണയാണ് ന്യൂയോര്‍ക്ക് ബോട്ട് ക്ലബ്ബ് വിജയകിരീടമണിയുന്നത്. ബ്രാംപ്‌ടണിലെ പ്രൊഫസ്സേഴ്‌സ് തടാകത്തില്‍ വെച്ച് നടന്ന വാശിയേറിയ മത്സരത്തില്‍ പതിന്നാല് ടീമുകളെ പിന്നിലാക്കിയാണ് ന്യൂയോര്‍ക്ക് ബോട്ട് ക്ലബ്ബ് ജേതാക്കളായത്. കഴിഞ്ഞ വര്‍ഷത്തെ ഹാട്രിക് വിജയവുമായി തുഴയെറിഞ്ഞ ന്യൂയോര്‍ക്കിന്റെ ചുണക്കുട്ടന്മാര്‍ നടത്തിയ മിന്നല്‍ പ്രകടനം, അമേരിക്കയിലേയും കാനഡയിലേയും കായിക പ്രേമികള്‍ വളരെ ആകാംക്ഷയോടെയാണ് നോക്കിക്കണ്ടത്. പ്രദര്‍ശന മത്സരത്തില്‍ വ്യത്യസ്ഥ രീതിയില്‍ തുഴകള്‍ ചലിപ്പിച്ച് ജലാശയത്തില്‍ നടത്തിയ പ്രകടനം കാണികളില്‍ ആവേശമുണര്‍ത്തി. ആദ്യ ഹീറ്റ്‌സ് മത്സരത്തില്‍ ഫിലഡല്‍ഫിയ ബോട്ട് ക്ലബ്ബിന്റെ മിന്നല്‍ തങ്കത്തിനേയും, ടൊറാന്റൊ ബോട്ട് ക്ലബ്ബിന്റെ പടക്കുതിരയേയും വള്ളപ്പാടുകള്‍ക്ക് പിന്നിലാക്കിയാണ് ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ്ബ് ഫൈനലില്‍ കടന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി ക്യാപ്‌റ്റന്‍ തമ്പി പായിപ്പടിന്റെ നേതൃത്വത്തില്‍ പതിനെട്ട് അംഗ ടീം ന്യൂയോര്‍ക്കിലെ ഫ്‌ലഷിംഗ് മെഡോ തടാകത്തില്‍ നടത്തിയ കഠിന പരിശീലനത്തിന്റെയും, ഒത്തൊരുമയുടേയും പ്രയത്‌നഫലമാണ്, തന്റെ നേതൃത്വത്തില്‍ നാലുതവണ നെഹ്‌റു ട്രോഫി നേടുവാന്‍ ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ്ബിനെ സഹായിച്ചതെന്ന് ക്യാപ്‌റ്റന്‍ തമ്പി പായിപ്പാട് അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ന്യൂയോര്‍ക്കിലും, കാനഡയിലും നടന്ന വള്ളം കളി മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് വിശ്വനാഥന്‍ കുഞ്ഞുപിള്ള (പ്രസിഡന്റ്), കുഞ്ഞ് മാലിയില്‍ (ചെയര്‍മാന്‍), സജി താമവേലില്‍ (സെക്രട്ടറി), ചെറിയാന്‍ ചക്കാലപ്പടിക്കല്‍ (ട്രഷറര്‍ ) ചെറിയാന്‍ കോശി (കോഓര്‍ഡിനേറ്റര്‍ ) എന്നീ പ്രമുഖ നേതൃത്വ നിരയാണ്. ടീം അംഗങ്ങള്‍ എല്ലാവരും തങ്ങളുടെ വിജയാഘോഷത്തിന്റെ ഭാഗമായി സെപ്‌തംബര്‍ 14ന് ന്യൂയോര്‍ക്കിലെ ജെറിക്കോ ടേണ്‍പൈക്കിലുള്ള ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ ഒന്നിച്ചു ചേരുവാന്‍ തീരുമാനിച്ചു. ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ്ബിനു വേണ്ടി പി.ആര്‍ .ഒ.മാരായ അനിയന്‍ മൂലയിലും സ്റ്റാന്‍ലി കളത്തിലും അറിയിച്ചതാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിയന്‍ മൂലയില്‍ 516 775 6000, സ്റ്റാന്‍ലി കളത്തില്‍ 516 318 7175.
Comments