You are Here : Home / USA News

ജെ ഗോപീകൃഷ്ണന്‍ പ്രസ് ക്ലബ് സമ്മേളനത്തിനെത്തുന്നു

Text Size  

Story Dated: Friday, September 13, 2013 07:33 hrs UTC

ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതി പുറത്തുകൊണ്ടു വന്ന മലയാളി പത്രപ്രവര്‍ത്തകന്‍ ജെ ഗോപീകൃഷ്ണന്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിനെത്തുന്നു. ഇപ്പോള്‍ പൈനിയര്‍ ദിനപത്രത്തിന്റെ ദല്‍ഹി ലേഖകനാണ് അദ്ദേഹം.ടെലകോം മിനിസ്റ്ററായിരുന്ന ആണ്ടിമുത്തു രാജയുടെ സ്ഥാനഭ്രഷ്ടിനു കാരണമായ ടു ജി സ്‌പെക്ട്രം അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്ന ഗോപീകൃഷ്ണനു ലഭിച്ച പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നിരവധിയാണ്. ടു ജി സ്‌പെട്രം ഇടപാട് സംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം പുറത്തു വിട്ടത് ഗോപീകൃഷ്ണനായിരുന്നു. സ്‌പെക്ട്രം ഇടപാടിലെ കോടികളുടെ അഴിമതികള്‍ 2008ലാണ് ആദ്യമായി പൈനീയര്‍ ദിനപത്രത്തില്‍ വരുന്നത്. അന്ന് അദ്ദേഹത്തിനു നേരിടേണ്ടി വന്നത് വന്‍ എതിര്‍പ്പുകളും.വാര്‍ത്ത വന്ന ഉടനെ തന്നെ അത് മറ്റ് മാധ്യമങ്ങള്‍ ഏറ്റെടുക്കാതിരിക്കാന്‍ വേണ്ടതെല്ലാം ടെലികോം മന്ത്രിയായിരുന്ന രാജ വേണ്ടതെല്ലാം ചെയ്തിരുന്നു. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വിടുന്നതിനു മുമ്പാണ് ഗോപീകൃഷ്ണന്റെ വാര്‍ത്തകള്‍ പയനിയര്‍ പ്രസിദ്ധീകരിച്ചത്.ഗോപീകൃഷ്ണനുമായിപോലും രാജ സന്ധിക്ക് ശ്രമം നടത്തി. എന്നാല്‍ ഗോപീകൃഷ്ണന് വിലപറയാന്‍ രാജയ്ക്കായില്ല. അതല്ലെങ്കില്‍ രാജ ഗോപീകൃഷ്ണനു മുന്നില്‍ തോറ്റു. ചില മാധ്യമ പ്രവര്‍ത്തകരെ ഇടനിലക്കാരാക്കിയും രാജ ഗോപീകൃഷ്ണനില്‍ സ്വാധീനം ചെലുത്തി. എന്നാല്‍ തന്റെ കടമയില്‍ നിന്ന് പിന്തിരിയാണോ പത്രപ്രവര്‍ത്തനത്തിന്റെ അന്തസ്സ് കളയാനോ അദ്ദേഹം തയ്യാറായില്ല.ഗോപീകൃഷ്ണന് വാര്‍ത്ത ചോര്‍ത്തിയ ഉറവിടം കണ്ടെത്താന്‍ രാജ ശ്രമം നടത്തിയിരുന്നു. പ്രലോഭനങ്ങളും ഭീഷണികളും മറികടന്നാണ് ഗോപീകൃഷ്ണന്‍ ടു ജി സ്‌പെട്രം അഴിമതി പുറം ലോകത്തെ അറിയിച്ചത്. ടു.ജി സ്‌പെക്ട്രം അഴിമതി പുറത്തുകൊണ്ടുവരാന്‍ തനിക്ക് കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു ഗോപീകൃഷ്ണന്‍. ജീവിതം മുഴുവന്‍ സമ്പാദിച്ചാല്‍കിട്ടാത്തഅത്രയും പണം ഗോപീകൃഷ്ണന് ഒരു നിമിഷ നേരം കൊണ്ടു സ്വന്തമാക്കാമായിരുന്നു.എന്നാല്‍ അതിനു തുനിയാതെ ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍ക്കെല്ലാം മാതൃകയായി ഗോപീകൃഷ്ണന്‍.പൈനിയറിലെ ജീവിതം ഗോപീകൃഷ്ണനു അത്ര സുഖമുള്ളതായിരുന്നില്ല. കൊച്ചിയിലായിരുന്നു അദ്ദേഹം ആദ്യം ജോലിചെയ്തിരുന്നത്. എന്നാല്‍ സാമ്പത്തിക ബാധ്യതമൂലം കൊച്ചി ഓഫീസ് പൂട്ടിയപ്പോള്‍ അദ്ദേഹത്തിന് ജോലി നഷ്ടമായി.പിന്നെ ദല്‍ഹിയില്‍ എത്തി.പത്രാധിപരെ കണ്ടു. ജോലിനല്‍കാന്‍ ആദ്യം പത്രാധിപര്‍ മടിച്ചു. എന്നാല്‍പിന്നീട് മൂന്നു മാസത്തെ പ്രൊബേഷന്‍ നല്‍കി ജോലിയില്‍ എടുത്തു. ഒരു ഉപാധി ബാക്കി എല്ലാം മൂന്നുമാസത്തെ പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷം മാത്രം. തുച്ഛമായ വേതനം മാത്രം.ജോലിയോടുള്ള ആത്മാര്‍ത്ഥത ഗോപീകൃഷ്ണനു നല്‍കിയ സമ്മാനമാണ് ടു ജി സ്‌പെട്രം കുംഭകോണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍.1.76ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തി എന്ന് സിഎജി കണ്ടെത്തിയതോടെ മന്ത്രി രാജയ്ക്ക് പുറത്തേക്കുള്ള വഴിതെളിഞ്ഞു. യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പ് പോലും നൂല്‍പ്പാലത്തിലായായിരുന്നു. അത് ഇന്നും തുടരുന്നു. രാജാവിനെ വീഴ്ത്തിയ മനുഷ്യന്‍ എന്നാണു പൈനിയര്‍ പത്രാധിപര്‍ ചന്ദന്‍ മിത്ര ഗോപീകൃഷ്ണനെ വിശേഷിപ്പിച്ചത്. അതുതന്നെയായിരുന്നു സത്യം. യുപിഎ ഭരണത്തിലെ രാജാവായിരുന്നു ഡിഎംകെയുടെ മന്ത്രി എ.രാജ. എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സ്‌പെക്ട്രം ഇടപാടിലൂടെ ലഭിച്ച വന്‍തുകയുടെ പങ്കുപറ്റിയിട്ടുണ്ട് എന്നാണ് ഗോപീകൃഷ്ണന്‍ പറയുന്നത്. അഴിമതിയില്‍ പണം കൈപ്പറ്റാത്തത് സി.പി.എം, എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ മാത്രമേയുള്ളൂ എന്ന് ഗോപീകൃഷ്ണന്‍ പറയുമ്പോള്‍ അഴിമതിയുടെ ആഴം നമുക്ക് മനസിലാക്കാം. തിരുവനന്തപുരം സ്വദേശിയായ ഗോപീകൃഷ്ണന്റെ ഭാര്യ നിഷാ റാണി.മകള്‍: ഗീതാഞ്ജലി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.