ഫിലാഡല്‍ഫിയ . രണ്ടാമത് ഹോളിഫാമിലി നഴ്സസ് റീ യൂണിയന്‍ ഓഗസ്റ്റ് 31 ശനി, സെപ്റ്റംബര്‍ 1 ഞായര്‍ എന്നീ ദിവസങ്ങളില്‍ ബെന്‍സേലം ഹോളിഡേ ഇന്‍ ഹോട്ടല്‍ സമുച്ചയത്തില്‍ വിവിധ പരിപാടികളോടെ നടന്നു. സഹപാഠികളെ കണ്ടുമുട്ടുന്നതിനും, സൌഹൃദം പങ്കുവയ്ക്കുന്നതിനും, കുടുംബാംഗങ്ങളെ പരിചയപ്പെടുന്നതിനും ലക്ഷ്യമിട്ടു നടത്തിയ ഈ സ്നേഹക്കൂട്ടായ്മയില്‍ വടക്കേ അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നായി 100ല്‍ പരം മെഡിക്കല്‍ പ്രൊഫഷണല്‍സ് പങ്കെടുത്തു. ആതുര ശുശ്രൂഷാ രംഗത്ത് കഴിഞ്ഞ 60 വര്‍ഷങ്ങളായി സ്തുത്യര്‍ഹമായ സേവനം നടത്തിക്കൊണ്ടിരിക്കുന്ന ഹോളി ഫാമിലി ഹോസ്പിറ്റല്‍ഗ്രൂപ്പില്‍ നിന്നും ബിരുദമെടുത്ത് അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ ആതുര ശുശ്രൂഷ, ആരോഗ്യ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിനു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സിന്റെ സ്നേഹക്കൂട്ടായ്മയായ ഹോളി ഫാമിലി ഹോസ്പിറ്റല്‍ ഓഫ് ഇന്ത്യ ആലംനൈ എന്ന ദേശീയ സംഘടനയുടെ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ ആണ് ഈ വര്‍ഷത്തെ റീയൂണിയനു ആതിഥേയത്വം വഹിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് വിശിഷ്ടാതിഥികളെ താലപ്പൊലി പ്രദക്ഷിണമായി പൊതുസമ്മേളന വേദിയിലേക്കാനയിച്ചു.
ഫിലാഡല്‍ഫിയ സിറോമലബാര്‍ പള്ളി വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പിലിന്റെ പ്രാരംഭ പ്രാര്‍ഥനയോടെ ആരംഭിച്ച പൊതുസമ്മേളനത്തില്‍ ലണ്ടന്‍ ആസ്ഥാനമായുള്ള മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ റവ. ഡോ. സിസ്റ്റര്‍ ഏലിസബത്ത് വടക്കേക്കര മുഖ്യപ്രഭാഷണം നടത്തി. ന്യൂഡല്‍ഹി, പാറ്റ്നാ ഹോളി ഫാമിലി ഹോസ്പിറ്റല്‍ സ്കൂള്‍ ഓഫ് നഴ്സിങ് മുന്‍ ഡയറക്ടര്‍ സിസ്റ്റര്‍ അക്വിനാസ് മേരി ഹാമില്‍ട്ടണ്‍, റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സിസ്റ്റര്‍ ബട്രാന്‍ഡ് വിംഗ് (ഷേര്‍ലി), സിസ്റ്റര്‍ ബാര്‍ബറ ബ്രിഗം, സിറ്റര്‍ ഗൊരേത്തി പൂവത്തിങ്കല്‍ എന്നിവരായിരുന്നു മറ്റു വിശിഷ്ടാതിഥികള്‍. പൊതുസമ്മേളനത്തിനുശേഷം ലയന, മാതാ എന്നീ നൃത്തവിദ്യാലയങ്ങള്‍ അവതരിപ്പിച്ച കലാവിരുന്ന് ഹൃദ്യമായിരുന്നു. ഞായറാഴ്ച രാവിലെ ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. രാജു പിള്ളയുടെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലയോടെ പരിപാടികള്‍ ആരംഭിച്ചു. ഭക്ഷണത്തിനുശേഷം പ്രതിനിധികള്‍ ഫിലാഡല്‍ഫിയ സിറ്റിടൂര്‍ നടത്തി. വൈകുന്നേരം അഞ്ചുമണിക്കാരംഭിച്ച ബാര്‍ബിക്യൂ ഡിന്നറോടെ സമാപനപരിപാടികള്‍ക്കു തുടക്കം കുറിച്ചു. 1970കളില്‍ ഹോളിഫാമിലിയില്‍ നിന്നും പുറത്തുകടന്ന ആദ്യ തലമുറയും, ഇപ്പോഴത്തെ തലമുറയും തമ്മില്‍ ചിരിച്ചും, ആടിയും, പാടിയും തമാശകള്‍ പൊട്ടിച്ചും മൂന്നു നാലു മണിക്കൂര്‍ ചെലവഴിച്ചു. സൌഹൃദം പുതുക്കുന്നതിനും, ഗതകാല സ്മരണകള്‍ അയവിറക്കുന്നതിനും രണ്ടുദിവസം നീണ്ടു നിന്ന സമാഗമം സഹായിച്ചു എന്ന് പ്രതിനിധികള്‍ ഒന്നടങ്കം സമ്മതിച്ചു. രണ്ടുവര്‍ഷത്തിനു ശേഷം ന്യുജഴ്സിയില്‍ വീണ്ടും കാണാം എന്നുള്ള ശുഭപ്രതീക്ഷയോടെ പ്രതിനിധികള്‍ തങ്ങളുടെ സ്ഥലങ്ങളിലേക്ക് ചേക്കേറി. അടുത്ത വര്‍ഷത്തെ ഭാരവാഹികളായി മേരിക്കുട്ടി കുര്യാക്കോസ് (ചിക്കാഗോ, പ്രസിഡന്റ്), മറിയക്കുട്ടി ജോര്‍ജ് (ന്യുയോര്‍ക്ക്, വൈസ് പ്രസിഡന്റ്), സരളകുമാര്‍ (ന്യുജഴ്സി, സെക്രട്ടറി), മറിയാമ്മ അലക്സാണ്ടര്‍ (ന്യുജഴ്സി, ട്രഷറര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ മൂന്നാമതു റീ യൂണിയന്‍ ന്യുജഴ്സിയില്‍ നടക്കും. ആനി മാത്യു, മെര്‍ലി ജോസ് പാലത്തിങ്കല്‍, ബ്രിജിറ്റ് വിന്‍സന്റ്, ജോസഫ് കൊട്ടുകാപ്പള്ളി, മേരിക്കുട്ടി കുര്യാക്കോസ്, ജോസ് പാലത്തിങ്കല്‍ എന്നിവരായിരുന്നു റീ യൂണിയനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തത്. വാര്‍ത്ത അയച്ചത് : ജോസ് മാളേയ്ക്കല്‍
Comments