ഡാലസ് ∙ ആത്മീയതയിൽ സംഭവിച്ച വീഴ്ച ദൈവവുമായുള്ള ബന്ധം നഷ്ടപ്പെടുത്തിയതായി ഉണർവ് പ്രാസംഗീകനും, ഭാരതത്തിലെ സുവിശേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയും ചെയ്യുന്ന പാസ്റ്റർ ജോൺസൻ മേമന പറഞ്ഞു. ജൂലായ് 21 മുതൽ 28 വരെ ഡാലസ് മാറാനാഥാ ഫുൾഗോസ്പൽ ചർച്ചിന്റെ ഒരാഴ്ച നീണ്ടു നിൽക്കുന്ന വാർഷിക സുവിശേഷ യോഗങ്ങളുടെ പ്രാരംഭ യോഗത്തിൽ വചനശുശ്രൂഷ നിർവ്വഹിക്കുകയായിരുന്നു ബ്രദ. ജോൺസൻ.
എല്ലാവരും നിന്ദാ വാക്കുകൾ പറഞ്ഞു വേദനിപ്പിക്കുമ്പോൾ, തോളിൽ തട്ടി ആശ്വസിപ്പിക്കുന്ന ദൈവം ഉണ്ടെന്ന യാഥാർത്ഥ്യം വിസ്മരിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഗാനശുശ്രൂഷയോടെ ആരംഭിച്ച യോഗത്തിൽ പാസ്റ്റർ കെ. ജോയ് പ്രാരംഭ പ്രാർഥന നടത്തി.
മറാനാഥ ചർച്ച് സ്ഥാപകനും പാസ്റ്ററുമായ ബെഥേൽ ജേക്കബ് എല്ലാ വർഷവും കൺവൻഷൻ സംഘടിപ്പിക്കുവാൻ കഴിയുന്നത് ദൈവകൃപ ഓർത്തു മാത്രമാണെന്ന് പറഞ്ഞു. തുടർന്ന് സ്വാഗതം ആശംസിച്ചു. കേരളത്തിൽ നിന്നും എത്തിചേർന്ന ബർശേബ ഗോസ്പൽ വോയ്സ് ഗായകൻ കെ. പി. രാജൻ ഗാനമാലപിച്ചു. മാത്യു റോയ്, പാസ്റ്റർ ജേക്കബ് വർഗീസ് എന്നിവർ അനുഗ്രഹങ്ങൾക്കായി പ്രാർഥിച്ചു.
Comments