ന്യുയോർക്ക്∙ ന്യുയോർക്ക് ഫ്ലോറൽ പാർക്കിൽ കഴിഞ്ഞ ദിവസം നടക്കാനിറങ്ങിയ ഹിന്ദു പുരോഹിതൻ സ്വാമി ഹരിഷ് ചന്ദർ പുരി (62) ക്രൂരമായി അക്രമിക്കപ്പെട്ട കേസിൽ നീതി നിർവഹിക്കപ്പെടണമെന്ന് ന്യുയോർക്ക് ഡമോക്രാറ്റിക് പ്രതിനിധി ഗ്രേയ്സ് മെംങ് ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തോട് ചേർന്നു നിന്നു ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രതിനിധി പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സ്വാമിക്ക് പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ കഴിയട്ടെ എന്നും ഗ്രേയ്സ് ആശംസിച്ചു.
ഇതു ഞങ്ങൾ താമസിക്കുന്ന പരിസരമാണ് എന്നാക്രോശിച്ചുകൊണ്ടായിരുന്നു നടന്ന പോകുകയായിരുന്ന സ്വാമിയെ പുറകിൽ നിന്നും അക്രമിച്ചത്. പ്രതി സെർജിയൊ ഗോവിയായെ (52) പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു. കൈയിലുണ്ടായിരുന്ന വാക്കിങ്ങ് സ്റ്റിക്ക് തട്ടികളഞ്ഞാണ് ഇയാൾ മർദനം ആരംഭിച്ചത്. ദേഹത്തും മുഖത്തും കാര്യമായി പരുക്കേറ്റ സ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കൊയലേഷൻ ഓഫ് പ്രോഗ്രസീവ് ഹിന്ദു സംഘടനാ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും, വർധിച്ചുവരുന്ന ആക്രമങ്ങൾ അമർച്ച ചെയ്യുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Comments