ഡാലസ് ∙ 346 ദിവസങ്ങൾക്കുശേഷം ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ജൂലൈ 31ന് ഡാലസിൽ രേഖപ്പെടുത്തി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഡിഫ്ഡബ്ല്യു രാജ്യാന്തര വിമാനത്താവളത്തിൽ ട്രിപ്പിൾ ഡിജിറ്റ് 100 ഡിഗ്രിയാണ് രേഖപ്പെടുത്തിയതെന്ന് നാഷനൽ വെതർ സർവീസിന്റെ അറിയിപ്പിൽ പറയുന്നു.
2018–ൽ ഏറ്റവും ഉയർന്ന താപനില (100 ഡിഗ്രി) രേഖപ്പെടുത്തിയത് ജൂൺ 22 ആയിരുന്നു. കഴിഞ്ഞ വർഷം ഡാലസ് ഫോർട്ട്‌വർത്തിൽ തുടർച്ചയായി 100 ഡിഗ്രിയിൽ കൂടുതൽ ചൂട് രേഖപ്പെടുത്തിയത് റെക്കാർഡായിരുന്നു എന്നും നാഷണൽ വെതർ സർവീസിന്റെ അറിയിപ്പിൽ ചൂണ്ടിക്കാട്ടി.
109 ഡിഗ്രി വരെ താപനില 10 ദിവസം തുടർച്ചയായി ഉയർന്നിരുന്നുവെന്നും പിന്നീട് സാധാരണ നിലയിലേക്ക് മടങ്ങിയിരുന്നുവെന്നും അധികൃതർ പറഞ്ഞു. താപനില ഉയർന്നതോടെ സൂര്യാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
ഈയാഴ്ച തുടർച്ചയായി 100 ഡിഗ്രിയിൽ കൂടുതൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നും അതുകൊണ്ടു വീടിനുവെളിയിൽ ഇറങ്ങുന്നവർ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments