ജോയിച്ചന്‍ പുതുക്കുളം
ഫിലാഡല്‍ഫിയാ, ഫിലാഡല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ പത്തനംതിട്ട ഡിസ്ട്രിക്ക് അസോസിയേഷന്റെ (പി.ഡി.എ) കുടുംബ സംഗമവും ഓണാഘോഷവും ജൂലൈ 27 ന് ശനിയാഴ്ച രാവിലെ 11 മുതല്‍ ബെന്‍സേലം സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (4136 Hulmeville Rd, Bensalem, PA 19020) വിപുലമായ ആഘോഷ പരിപാടികളോടുകൂടി നടത്തപ്പെട്ടു.
ഫിലാഡല്‍ഫിയായിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തപ്പെട്ട ഈ വിപുലമായ പരിപാടികള്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തില്‍ അധ്യക്ഷത വഹിച്ചു. പ്രളയക്കെടുതിയില്‍ കഷ്ടതയനുഭവിച്ച കേരളജനതയോടുള്ള ആദരവ് മൂലം കഴിഞ്ഞ വര്‍ഷം സംഘടനയ്ക്ക് ഓണം ആഘോഷിക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആ തുക കേരളത്തില്‍ കഷ്ടതയനുഭവിക്കുന്ന ധാരാളം പേര്‍ക്ക് അത്യാവശ്യം വേണ്ടുന്ന സാധനങ്ങള്‍ അതിവേഗം വിവിധ സ്ഥലങ്ങളില്‍ എത്തിച്ചുകൊടുക്കാന്‍ സാധിച്ചതിലുള്ള ചാരിതാര്‍ഥ്യം യോഹന്നാന്‍ ശങ്കരത്തില്‍ സദസ്സില്‍ പങ്കുവച്ചു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അമേരിക്കന്‍ ഭദ്രാസന സീനിയര്‍ വൈദീകനും, കോര്‍എപ്പീസ്‌കോപ്പയും, പത്തനംതിട്ട നിവാസിയുമായ വന്ദ്യ കെ. മത്തായി കോര്‍എപ്പീസ്‌കോപ്പാ ആയിരുന്നു മുഖ്യാഥിതി. പട്ടിണിയും ദാരിദ്രവും എന്തെന്ന് അറിയാവുന്ന ആ പഴയകാല ഓണത്തിന്റെ മാധുര്യം ആദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉടനീളം കേള്‍ക്കുവാന്‍ സാധിക്കുമായിരുന്നു ഇന്ന് കേരളത്തില്‍ ഓണം എന്നത് വിപണികള്‍ കീഴടക്കി പേരിനു മാത്രമായി ആഘോഷിച്ചു പോകുമ്പോള്‍ ആ ഓണം എന്ന ഉത്സവത്തെ ആ പഴയ പ്രതാപത്തോടുകൂടി ഉത്സാഹപൂര്‍വ്വം ആഘോഷിക്കുന്നത് പ്രവാസികളാണെന്ന കാര്യവും വന്ദ്യ കോര്‍എപ്പീസ്‌കോപ്പാ ചൂണ്ടിക്കാട്ടി.
ആശംസാ പ്രസംഗം നടത്തിയ ബഹുമാനപ്പെട്ട കെ.കെ. ജോണച്ചന്‍ തന്‍റെ ബാല്യകാല ഓണത്തിന്റെ മധുര സ്മരണകള്‍ തന്റേതായ ശൈലിയില്‍ അവതരിപ്പിച്ചപ്പോള്‍ പലരും അറിയാതെ ആ കാലഘട്ടത്തിലെ ബാല്യകാല സ്മരണകളിലേക്ക് അല്പനേരത്തേക്കെങ്കിലും യാത്ര ചെയ്തു.
ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ രാജുവര്‍ഗീസ്, വൈസ് പ്രസിഡന്റ് വര്‍ക്കി വട്ടക്കാട്ട്, ഐപ്പ് മാരേട്ട് എന്നിവരും ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസംഗിച്ചു. സുജു പൊന്നന്താനവും ശില്‍പയും ചേര്‍ന്ന് അമേരിക്കന്‍ നാഷണലാന്തവും ഇന്ത്യന്‍ നാഷണലാന്തവും, ജിയാന, സമാന്ത എന്നിവര്‍ ചേര്‍ന്ന് പ്രാര്‍ത്ഥനാ ഗാനവും ആലപിച്ചു. അസോസിയേഷന്‍ പി .ആര്‍ .ഓ. രാജു ശങ്കരത്തില്‍ എം സി ആയി പ്രോഗ്രാം നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി രാജു ഗീവര്‍ഗീസ് സ്വാഗതവും, ട്രഷറാര്‍ സാലു യോഹന്നാന്‍ നന്ദിയും പറഞ്ഞു.
ഓമന വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമിന് മോള്‍സി തോമസ്, സാലു യോഹന്നാന്‍, മേഴ്‌സി വര്‍ക്കി, ആലീസ് സാമുവേല്‍, സുജു പോന്നന്താനം, സാറാമ്മ ഐപ്പ്, തങ്കമണി ജോണ്‍, എന്നിവര്‍ വിവിധ പ്രോഗ്രാമുകളില്‍ പങ്കെടുത്തു. കെവിന്‍ വര്‍ഗീസ്, ജോണ്‍ കാപ്പില്‍ എന്നിവരുടെ അടിച്ചുപൊളി പാട്ടുകള്‍ ശ്രോദാക്കളില്‍ ഉത്സവ പ്രതീതി ജനിപ്പിച്ചു ആഹ്ലാദത്തിന്റെ ആവേശത്തിരയിളക്കി. ശ്രുതി മാമ്മന്‍ അവതരിപ്പിച്ച മനോഹര നൃത്തം ഏവരുടെയും മനം കവര്‍ന്നു.
ഓണത്തിന്റെ തനതായ വിഭവങ്ങളാല്‍ തയ്യാറാക്കിയ സ്വാദേറിയ ഓണ സദ്യക്ക് വര്‍ക്കി വട്ടക്കാട്ട് , ഡോക്ടര്‍ രാജന്‍ തോമസ് , ബാബു വര്‍ഗീസ്, ജോസ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി സന്തോഷകരമായ പ്രോഗ്രാമിന് തിരശീലവീണു.
വാര്‍ത്ത തയ്യാറാക്കി അയച്ചത്: രാജു ശങ്കരത്തില്‍, ഫിലഡല്‍ഫിയ.
Comments