മാർട്ടിൻ വിലങ്ങോലിൽ
ന്യൂയോർക്ക്∙ അമേരിക്കൻ മലങ്കര അതിഭദ്രാസന 33–ാം യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ്, കേരളത്തിൽ മലങ്കര യാക്കോബായ സുറിയാനി സഭ ഇന്നഭിമുഖീകരിക്കുന്ന പ്രതിസന്ധികളിൽ ശക്തമായ ഉൽക്കണ്ഠ രേഖപ്പെടുത്തി.
ഡാലസ് ഷെരാട്ടൻ ഹോട്ടലിൽ ജൂലൈ 25 മുതൽ 28 വരെ നന്ന കോൺഫറൻസിന് ഭദ്രാസനാധിപൻ യൽദൊ മോർ തീത്തോസ്, ഏലിയാസ് മോർ യൂലിയോസ്, ഗീവർഗീസ് മോർ കൂറിലോസ് എന്നീ മെത്രാപ്പോലീത്താമാർ നേതൃത്വം നൽകി
കോൺഫറൻസിനോടനുബന്ധിച്ച് മലങ്കര സഭ ഇന്ന് അനുഭവിക്കുന്ന രൂക്ഷമായ പ്രശ്നങ്ങളെകുറിച്ചും സഭാംഗങ്ങൾക്ക് നേരിടേണ്ടി വരുന്ന കഷ്ടതകളെക്കുറിച്ചും അഭിവന്ദ്യ മെത്രാപോലീത്താമാരുടെ സാന്നിദ്ധ്യത്തിൽ വിശദമായ ചർച്ച നടത്തി. അംഗങ്ങളുടെ ചോദ്യങ്ങൾക്ക് പിതാക്കന്മാർ മറുപടി നൽകി. കട്ടച്ചിറ, കോതമംഗലം, പിറവം തുടങ്ങിയ വിവിധ ദേവാലയങ്ങളിലെ ഇപ്പോഴത്തെ പ്രതിസന്ധികളെക്കുറിച്ച് ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്താ യോഗത്തെ ധരിപ്പിച്ചു.
മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവായോടും മലങ്കര സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായോടും മലങ്കര സഭയിലെ എല്ലാ മെത്രാപോലീത്താമാരോടും അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിനുള്ള കൂറും ഭക്തിയും യോഗം ആവർത്തിച്ച് പ്രഖ്യാപിച്ചു.
മലങ്കരയിൽ ഇപ്പോൾ നിലനിൽക്കുന്ന നീതി നിഷേധത്തിനെതിരെയും ശവസംസ്ക്കാരം പോലുള്ള പൗരന്റെ അടിസ്ഥാന മൗലികാവകാശ ധ്വംസനത്തിനെതിരെയും യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സത്യ വിശ്വാസ സംരക്ഷണത്തിനും അർഹമായ നീതി ലഭ്യമാക്കുന്നതിനും ശാശ്വതമായ പ്രശ്ന പരിഹാരത്തിനുമായി മലങ്കര സഭ സ്വീകരിക്കുന്ന ഏതുമേൽ നടപടികൾക്കും അമേരിക്കൻ മലങ്കര അതിഭദ്രാസം സർവ്വവിധമായ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി ഐക്യകണ്ഠേന പ്രഖ്യാപിക്കുകയും ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനായി സഭാ ഭരണ സമിതിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. അമേരിക്കൻ മലങ്കര അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
Comments