You are Here : Home / USA News

സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങള്‍ (ഓര്‍മ്മക്കുറിപ്പ് ഭാഗം- 1: തോമസ് കൂവള്ളൂര്‍)

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 22, 2019 03:33 hrs UTC

ന്യൂയോര്‍ക്ക്: വളരെ നാളുകളായി സ്വാമി ഭുവയോടൊപ്പം അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തതും, ഏതാനും ദിവസങ്ങള്‍ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് താമസിച്ചതും, അദ്ദേഹത്തില്‍ നിന്നും, കുടുംബാംഗങ്ങളില്‍ നിന്നും മനസ്സിലാക്കിയ കാര്യങ്ങള്‍ പുറംലോകത്തെ എങ്ങനെ അറിയിക്കാന്‍ കഴിയും എന്നു ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയിട്ട്. 

2010 ജൂലൈ 22-ന് സമാധിയടയുന്നതിനു മുമ്പ് അദ്ദേഹത്തോടൊപ്പം ന്യൂയോര്‍ക്കില്‍ നിന്നും കാനഡയിലേക്ക് പോയതും, ഏതാനും ദിവസങ്ങള്‍ താമസിച്ചതിനുശേഷം തിരികെ ന്യൂയോര്‍ക്കിലെ താമസ സ്ഥലത്തെത്തിയതുമായ വിവരങ്ങള്‍ എന്റെ സുഹൃത്തും, ഉപദേശകനും, യോഗയില്‍ എന്റെ ശിഷ്യനുമായ പ്രൊഫസര്‍ ഡോ. ജോയി റ്റി കുഞ്ഞാപ്പുവുമായി പങ്കുവെച്ചപ്പോള്‍ സ്വാമി ഭുവയെപ്പറ്റി എനിക്കറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായ രീതിയില്‍, എനിക്കറിയാവുന്ന ഭാഷയില്‍ എഴുതണമെന്നു അദ്ദേഹം എന്നെ നിര്‍ബന്ധിക്കുകയുണ്ടായി. ഡോ. ജോയി ഇപ്പോള്‍ സ്വാമി ഭുവ ലോകത്തിനു കാഴ്ചവെച്ച ഹഠ യോഗയിലെ പ്രധാന തത്വങ്ങള്‍ സ്വായത്തമാക്കി അവയെപ്പറ്റി ശാസ്ത്രീയ പഠനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു ശാസ്ത്രജ്ഞന്‍ കൂടിയാണ്. വാസ്തവത്തില്‍ ഡോ. ജോയി കുഞ്ഞാപ്പുവാണ് ശ്രമകരമായ ഈ ദൗത്യം ഏറ്റെടുത്ത് എഴുതാന്‍ എനിക്ക് പ്രേരണ നല്‍കിയത്. 

2010 ജനുവരി 10-ന് സ്വാമി ഭുവ താമസിച്ചിരുന്ന ന്യൂയോര്‍ക്ക് സിറ്റിയുടെ ഹൃദയഭാഗത്തുള്ള 330 വെസ്റ്റ്  58 സ്ട്രീറ്റിലുള്ള അപ്പാര്‍ട്ട്‌മെന്റ് 11 ജെയില്‍ നിന്നും അദ്ദേഹത്തെ കാറില്‍ കയറ്റി കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലുള്ള ദി ആല്‍ബര്‍ട്ട് ഓഫ് ബേ സ്യൂട്ട് ഹോട്ടലില്‍ പോയി ഏതാനും ദിവസങ്ങള്‍ അദ്ദേഹത്തടൊപ്പം താമസിച്ചശേഷം തിരികെ അദ്ദേഹത്തെ യാതൊരു കുഴപ്പവുമില്ലാതെ ന്യൂയോര്‍ക്ക് സിറ്റിയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചതും ഇന്നലെയെന്നോണം ഞാന്‍ ഓര്‍ക്കുന്നു. 2010 ജനുവരി മാസം ന്യൂയോര്‍ക്കിലും കാനഡയിലും ഏറ്റവും കൂടുതല്‍ മഞ്ഞുപെയ്യുന്ന കാലമായിരുന്നു. അങ്ങനെയുള്ള ഒരു അവസരത്തില്‍ കാറില്‍ യാത്ര ചെയ്യുക എന്നുള്ളത് എത്രമാത്രം ദുഷ്കരമായിരുന്നു എന്നു വായനക്കാര്‍ക്ക് ഊഹിക്കാമല്ലോ?

2009 ഡിസംബര്‍ മാസത്തില്‍ ഒരു ദിവസം സ്വാമി ഭുവ എന്നോട് വളരെ കാര്യമായി അദ്ദേഹത്തെ കാനഡയ്ക്ക് ഒന്നു കൊണ്ടുപോകാമോ എന്നു ചോദിച്ചു. കൊണ്ടുപോകാമല്ലോ എന്നു ഞാന്‍ മറുപടിയും പറഞ്ഞു. അപ്പോള്‍ സ്വതസിദ്ധമായ തമിഴ് ചുവയോടെ "സത്യമേ പറയാവൂ' എന്നു സ്വാമി എടുത്തുപറഞ്ഞു. സത്യമായും കൊണ്ടുപോകാമെന്ന് ഞാന്‍ വാക്കും കൊടുത്തു. 

അങ്ങിനെ 2010 ജനുവരി 10-ന് പോകാനുള്ള ഒരുക്കങ്ങള്‍ നടത്തി. വാസ്തവത്തില്‍ ന്യൂയോര്‍ക്കിലും കാനഡയിലും പെയ്യാനിരുന്ന മഞ്ഞുവീഴ്ചയെപ്പറ്റി ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. എന്തു പ്രതിസന്ധി നേരിടേണ്ടിവന്നാലും പറഞ്ഞ വാക്കു പാലിക്കാന്‍ തന്നെ ഞാന്‍ തീരുമാനമെടുത്തിരുന്നു. 

യാത്ര പുറപ്പെടേണ്ട ദിവസം ഒരു ഞായറാഴ്ച ആയതിനാല്‍ അതിനു രണ്ടു ദിവസം മുമ്പ് ഞാന്‍ ഓടിക്കാനിരുന്ന എന്റെ കാര്‍ ഫുള്‍ സര്‍വീസ് ചെയ്യുന്നതിനുവേണ്ടി മലയാളിയായ ഒരു മെക്കാനിക്കിനെ ഏല്‍പിച്ചു. പിറ്റേന്ന് ശനിയാഴ്ച ഉച്ചകഴിയുമ്പോള്‍ എല്ലാ പ്രശ്‌നങ്ങളും ശരിയാക്കി കാര്‍ തരാമെന്ന് ഉറപ്പും നല്‍കി. ഏറെക്കുറെ ആയിരം ഡോളര്‍ സര്‍വീസ് ഫീസും കൊടുത്ത് കാറുമായി വീട്ടിലെത്തിയപ്പോള്‍ കാറിന്റെ പിറകിലെ ബ്രേക്ക് ലൈറ്റുകളെല്ലാം തെളിഞ്ഞു നില്‍ക്കുന്നു. മെക്കാനിക്കിനെ വിളിച്ചപ്പോള്‍ ബ്രേക്ക് രണ്ടുമൂന്നു തവണ ചവിട്ടാന്‍ പറഞ്ഞു. എന്തിനേറെ, സര്‍വ്വ പണിയും നോക്കിയിട്ടും ബ്രേക്ക് ലൈറ്റുകള്‍ തെളിഞ്ഞുതന്നെ നിന്നു. 

അത്തരത്തില്‍ ഒരു കാറുമായി കാനഡയ്ക്ക് പോയാല്‍ തിരിച്ചെത്താന്‍ കഴിഞ്ഞെന്നു വരുകയില്ല എന്നു ഞാന്‍ മനസിലാക്കി. പിറ്റെ ദിവസം ഞായറാഴ്ച ആയതിനാല്‍ മെക്കാനിക്ക് അവധിയാണെന്നും തിങ്കളാഴ്ച കാറുമായ ചെല്ലാനും അയാള്‍ പറഞ്ഞു. വാസ്തവത്തില്‍ അത്തരമൊരു അവസ്ഥയില്‍ എന്റെ മാനസികാവസ്ഥ എന്തായിരിക്കണം എന്ന് വായനക്കാര്‍ക്ക് ഊഹിക്കാമല്ലോ?

ഏതായാലും എന്റെ മകളുടെ രണ്ടു ഡോറുകള്‍ മാത്രമുള്ള ചെറിയ ഹോണ്ട സിവിക് കാര്‍ ഞാന്‍ ചോദിച്ചുവാങ്ങി. യോങ്കേഴ്‌സില്‍ താമസിക്കുന്ന എനിക്ക് ഒരു മണിക്കൂറോളം യാത്ര ചെയ്ത് മന്‍ഹാട്ടനില്‍ എത്തിയിട്ട് അവിടെനിന്നും വേണ്ടിയിരുന്നു സ്വാമി ഭുവയെ കാറില്‍ കയറ്റാന്‍. 121 വയസിനു മേല്‍ പ്രായമുള്ള സ്വാമി ഭുവയോടൊപ്പം അദ്ദേഹത്തിന്റെ ഇളയ മകള്‍ പ്രേമലതയും, അവരുടെ ഭര്‍ത്താവ് രാജാറാമും എന്നോടൊപ്പം പോരാന്‍ ഒരുങ്ങിയിരുന്നു. രാത്രി 11 മണിയോടുകൂടി അവര്‍ താമസിക്കുന്നിടത്ത് ചെല്ലാന്‍ പ്രേമലത എന്നെ ഫോണില്‍ വിളിച്ച് അറിയിച്ചു. അതനുസരിച്ച് സമയത്തിനു മുമ്പ് ഞാന്‍ സ്ഥലത്തെത്തി. 

സ്വാമി ഭുവയെ ഒരുക്കി അവര്‍ കാറിലെത്തിച്ചപ്പോള്‍ സമയം പാതിരാ കഴിഞ്ഞിരുന്നു. നല്ല കൊടും തണുപ്പായിരുന്നതിനാല്‍ എല്ലാവരും മൂടിപ്പൊതിഞ്ഞാണെത്തിയത്. രണ്ടു മൂന്നു കെട്ടുകളിലായി പല സാധനങ്ങളും അവര്‍ എടുത്തിരുന്നു. കെട്ടുകള്‍ വെച്ചതോടെ കാറിനകത്ത് തീരെ സ്ഥലം ഇല്ലാതായി. 

സ്വാമി ഭുവ എന്നോടൊപ്പം മുന്‍ സീറ്റിലും രാജാറാമും പ്രേമലതയും പുറകിലത്തെ സീറ്റില്‍ ചുരുണ്ടുകൂടിയിമിരുന്നു. ഒരുപക്ഷെ സൗകര്യപ്രദമായ ഒരു കാറുമായി ഞാന്‍ ചെല്ലുമെന്ന് അവര്‍ കരിതിയിരിക്കാം. എന്താണെങ്കിലും എനിക്ക് സംഭവിച്ച ഗതികേട് ഞാനവരെ അറിയിച്ചുമില്ല. 

ഏറെക്കുറെ രാത്രി ഒരുമണിയോടെ ഞങ്ങള്‍ മന്‍ഹാട്ടനില്‍ നിന്നും കാനഡയ്ക്ക് യാത്ര പുറപ്പെട്ടു. എനിക്കന്ന് വഴി നോക്കാന്‍ ജി.പി.എസ് പോലുമില്ല. മാപ്പ് ക്വസ്റ്റില്‍ നിന്നും വഴിയുടെ പ്രിന്റ് ഞാന്‍ എടുത്തിരുന്നു. രാജാറാമാണ് എനിക്ക് വഴി പറഞ്ഞുതന്നിരുന്നത്. വളരെ ശ്രദ്ധാപൂര്‍വ്വം യാതൊരു പിശകുമില്ലാതെ അദ്ദേഹം എനിക്ക് വഴി പറഞ്ഞുതന്നുകൊണ്ടുമിരുന്നു. വാസ്തവത്തില്‍ പ്രത്യേക തടസ്സങ്ങളൊന്നുമില്ലെങ്കില്‍ ഏഴര മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ ലക്ഷ്യസ്ഥാനത്തെത്താം. പോകുന്ന വഴിയിലുടനീളം മഞ്ഞു വീണു കിടന്നിരുന്നതിനാല്‍ യാത്ര വളരെ സാവകാശമായിരുന്നു. ചുറ്റും മഞ്ഞുകൊണ്ടു മൂടപ്പെട്ടിരുന്നു. ഭീകരമായ ഒരു അന്തരീക്ഷം. 

രണ്ടു മൂന്നു മണിക്കൂര്‍ യാത്ര ചെയ്തു കഴിഞ്ഞപ്പോള്‍ എനിക്ക് കലശലായ ഉറക്കം അനുഭവപ്പെടാന്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും ഉറക്കത്തെ നിയന്ത്രിക്കാനെനിക്കു കഴിയാത്ത അവസ്ഥയിലെത്തി. സാധാരണ മനുഷ്യര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത ഒന്നാണ് ഉറക്കം എന്നുള്ള സത്യം ഞാന്‍ അന്നു ഞാന്‍ മനസിലാക്കി. ആയിടയ്ക്ക് ഉറക്കംമൂലം കാറോടിച്ച് അപകടമരണത്തിനിരയായ എന്റെ സുഹൃത്തും, അയല്‍വാസിയുമായ ചെറുപ്പക്കാരനെപ്പറ്റിയുള്ള ഓര്‍മ്മ എന്റെ മനസ്സില്‍ ഓടിയെത്തി. അപ്പോള്‍ തന്നെ ഉറക്കം പകുതി വിട്ടുപോയി. എന്താണെങ്കിലും തൊട്ടടുത്തുകണ്ട റസ്റ്റ് ഏരിയയില്‍ കയറി അല്‍പം വിശ്രമിച്ചു. ഒരു കോഫിയും കുടിച്ചു. കുറെ സമയം കാറിലിരുന്ന് ഉറങ്ങി. ഈ സമയമെല്ലാം സ്വാമി ഭുവ എന്റെ തൊട്ടടുത്ത സീറ്റില്‍ ഒരു പൂച്ചക്കുട്ടിയെപ്പോലെ കണ്ണടച്ചിരുന്ന് മയങ്ങുകയായിരുന്നു. ഒരുതുള്ളി വെള്ളംപോലും കുടിച്ചുമില്ല. അതെപ്പറ്റി മകള്‍ പ്രേമലത പറഞ്ഞത് ദിവസങ്ങളോളം വെള്ളംപോലും കുടിക്കാതെ കഴിയാനുള്ള പ്രത്യേക ശക്തി സ്വാമിജിക്ക് ഉണ്ടെന്നാണ്. 

ഞങ്ങള്‍ കാനഡയുടെ ബോര്‍ഡറിലെത്തിയപ്പോള്‍ കസ്റ്റംസുകാരായ രണ്ടു സ്ത്രീകള്‍ ഒരു ഇരയെ കിട്ടിയതുപോലെ തയാറെടുത്ത് എവിടെനിന്നോ ഓടിവരുന്നത് കണ്ടു. എനിക്ക് അമേരിക്കന്‍ പാസ്‌പോര്‍ട്ടും, സ്വാമിജിക്ക് ഗ്രീന്‍കാര്‍ഡും, മറ്റു രണ്ടുപേര്‍ക്കും ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളും, വിസയുമുണ്ടായിരുന്നു. രാജാറാമും പ്രേമലതയും എവിടെയാണ് താമസിക്കുന്നതെന്നു ചോദിച്ചപ്പോള്‍ ന്യൂയോര്‍ക്കിലാണെന്നു ഞാന്‍ മറുപടി പറഞ്ഞു. രാജാറാമിനും സ്വാമിജിക്കും നീണ്ട താടി ഉണ്ടായിരുന്നതിനാല്‍ ഓഫീസര്‍മാര്‍ അവരെ ശരിക്കും ഒന്നു നോക്കി. എനിക്ക് അന്ന് താടിയോ മീശയോ ഉണ്ടായിരുന്നില്ല. ഇതിനിടെ കുനിഞ്ഞിരുന്ന സ്വാമിജിയുടെ മുഖം കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടപ്പോള്‍ സ്വാമിജി അവരോട് 'ഗോഡ് ബ്ലെസ് യു' എന്നു പറഞ്ഞ് കൈ ഉയര്‍ത്തി ആംഗ്യം കാണിച്ചു. 

അങ്ങിനിടെ ഒടുവില്‍ ഞങ്ങള്‍ താമസിക്കേണ്ട ദി ആല്‍ബര്‍ട്ട് ഓഫ് ബേ സ്യൂട്ട് ഹോട്ടലില്‍ എത്തിയപ്പോള്‍ സമയം ഉച്ചകഴിഞ്ഞ് ഒരുമണിയോളം ആയിരുന്നു. രാജാറാമിന്റേയും പ്രേമലതയുടേയും ഏക മകളായ മധുവന്തി എന്ന ചെറുപ്പക്കാരി ഞങ്ങളെ സ്വീകരിക്കാന്‍ ഹോട്ടലിന്റെ റിസപ്ഷനില്‍ തയാറെടുത്തു നിന്നിരുന്നു. എനിക്കും സ്വാമിജിക്കും താമസിക്കാന്‍ പ്രത്യേകം പ്രത്യേകം ബാത്ത് റൂമുകളിലുള്ള ഡബിള്‍ റൂമും, രാജാറാമിനും പ്രേമലതയ്ക്കും മധുവന്തിക്കും താമസിക്കാന്‍ മറ്റൊരു ഡബിള്‍ റൂമും മധുവന്തി ബുക്ക് ചെയ്തിരുന്നു. 

ചെന്നപാടെ നന്നായൊന്നു കുളിച്ച്, ദിനചര്യകള്‍ കഴിഞ്ഞ് ഒരുങ്ങിക്കഴിഞ്ഞപ്പോള്‍ തലേന്നു രാത്രിയില്‍ കാറോടിച്ച ക്ഷീണമെല്ലാം മാറി നല്ലൊരു ഉന്മേഷം തോന്നി. ഇതിനിടെ മധുവന്തി കൊണ്ടുവന്ന ചപ്പാത്തി, പൂരി, ചോറ്, പരിപ്പുകറി, മിന്റ് ചട്‌നി, മത്തങ്ങാക്കറി, യോഗര്‍ട്ട്, എല്ലാത്തിനും പുറമെ വിവിധയിനം പഴവര്‍ഗ്ഗങ്ങള്‍ എല്ലാം കഴിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഒരു സുഖം അനുഭവപ്പെട്ടു. എന്നെ ഒരു വിശിഷ്ടാതിഥിയായി അവര്‍ കണക്കാക്കി എന്നുള്ളത് എടുത്തു പറയത്തക്ക ഒന്നാണ്. ബ്രാഹ്മണന്മാരായ അവര്‍ എന്നേയും ഒരു ബ്രാഹ്മണനായി കണക്കാക്കി. 'യു ആര്‍ എ ബ്രാഹ്മിന്‍' എന്ന് സ്വാമി ഭുവ എന്നോടു പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു. സ്വാമിജിയോടൊപ്പമുള്ള യാത്രയില്‍ അദ്ദേഹം എന്നോട് "യു ആര്‍ എ പവര്‍ഫുള്‍ മാന്‍' എന്നുപറഞ്ഞചും ഞാനോര്‍ക്കുന്നു. 

വളരെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ അദ്ദേഹത്തോടൊപ്പം താമസിക്കാന്‍ കഴിഞ്ഞുള്ളുവെങ്കിലും സ്വാമി ഭുവയില്‍ നിന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ നിന്നും സ്വാമി ഭുവ ആരായിരുന്നുവെന്നും, അദ്ദേഹത്തിന്റെ ദൗത്യം എന്തായിരുന്നുവെന്നും മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞു. 

അവിഭക്ത ഇന്ത്യയില്‍ പൊള്ളാച്ചിയില്‍ 1889-ല്‍ ആയിരുന്നു സ്വാമി ഭുവ ജനിച്ചത്. 12 ആണ്‍മക്കളും, 4 പെണ്‍ മക്കളുമുള്ള ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലെ പതിനാറാമത്തെ കുട്ടിയായിരുന്നു അദ്ദേഹം. 

ജനിച്ചപ്പോള്‍ തന്നെ വൈകല്യത്തോടെ ജനിച്ച കുട്ടി ജീവിച്ചിരിക്കില്ലെന്ന്  ആ നാട്ടിലെ ഒരു ഭിഷഗ്വരന്‍ പറഞ്ഞതനുസരിച്ച് കുട്ടിയെ വളര്‍ത്തിയിട്ട് കാര്യമില്ലെന്നു മനസ്സിലാക്കിയ വീട്ടുകാര്‍ കുട്ടിയെ ഒരു ചിതയുണ്ടാക്കി അതില്‍വച്ച് ദഹിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കുട്ടിയെ ചിതയില്‍ വച്ച് തീകൊളുത്തിയ സമയത്ത് ആ നാട്ടിലുണ്ടായിരുന്ന യോഗേശ്വരന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു സന്യാസി കുട്ടിയെ ചിതയില്‍ നിന്നും എടുത്ത് അദ്ദേഹത്തിന്റെ ആശ്രമത്തില്‍ കൊണ്ടുപോയി ഹിമാലയത്തില്‍ നിന്നും കൊണ്ടുവന്ന മരുന്നുകളുപയോഗിച്ച് കുട്ടിയെ ചികിത്സിച്ചു ഭേദമാക്കി. അതോടൊപ്പം യോഗവിദ്യയും അഭ്യസിപ്പിച്ചു. അങ്ങനെ 17 വയസ്സായപ്പോള്‍ സ്വാമി ഭുവയ്ക്ക് ആരോഗ്യം വീണ്ടുകിട്ടിയത്രേ. 

പതിനേഴാമത്തെ വയസില്‍ സ്വാമി ഭുവ പൂനെയിലെ ലോണാവാലയിലുള്ള കൈവല്യധാമില്‍ കൂവളാനന്ദസ്വാമിയുടെ ശിക്ഷണത്തില്‍ ഹഠ യോഗയില്‍ പ്രാവീണ്യം നേടി. കൂവളാനന്ദ സ്വാമിയാണ് ഭുവ എന്ന പേര് സ്വാമിജിക്ക് നല്‍കിയത്. കുറെക്കാലം കൈവല്യധമില്‍ കുട്ടികളെ യോഗ പഠിപ്പിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടശേഷം ഹിമാലയത്തിലെ ഋഷികേശില്‍ ഹഠ യോഗയില്‍ ഏറ്റവും ശ്രേഷ്ഠനായ മാസ്റ്റര്‍ എന്നറിയപ്പെടുന്ന സ്വാമി ശിവാനന്ദയുടെ ശിക്ഷണത്തില്‍ "മാസ്റ്റര്‍ ഓഫ് ഹഠ യോഗ' എന്ന പദവി നേടിടെയുത്തു. യോഗയിലെ പരമോന്നത പദവിയായ 'യോഗീരാജ്' എന്ന പദവി സ്വാമി ശിവാനന്ദയില്‍ നിന്നും നേരിട്ടുവാങ്ങിയ ഏക വ്യക്തിയാണ് സ്വാമി ഭുവ. 

സ്വാമി ശിവാനന്ദയുടെ നിര്‍ദേശ പ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയി ഹഠ യോഗയുടെ സന്ദേശം സാധാരണക്കാരില്‍ എത്തിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട, ലോകം കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും ശ്രേഷ്ഠനായ ഹഠ യോഗി ആയിരുന്നു സ്വാമി ഭുവ എന്നുള്ള കാര്യം അദ്ദേഹത്തിന്റെ ജന്മനാട്ടുകാരായ ഇന്ത്യക്കാര്‍ പോലും മനസ്സിലാക്കിയിരുന്നില്ല എന്നുള്ളതാണ് പരമാര്‍ത്ഥം. 

1998-ല്‍ 'ഹിന്ദു റിനൈന്‍സണ്‍സ്' അവാര്‍ഡും, 1999-ല്‍ 'ഹിന്ദു ഇസംടുഡേ' എന്ന മാഗസിന്റെ 'ഹിന്ദു ഓഫ് ദി ഇയര്‍' എന്ന അവാര്‍ഡും സ്വാമി ഭുവയ്ക്ക് ലഭിച്ചു. സ്വാമി ഭുവയെ അടുത്തറിഞ്ഞവര്‍ക്കറിയാം അദ്ദേഹം ഒരു ഐതിഹാസിക പുരുഷന്‍ ആയിരുന്നു എന്ന്. പക്ഷെ എന്തുകൊണ്ടോ ജന്മഭൂമിയായ ഇന്ത്യയിലെ ജനങ്ങളും, ഗവണ്‍മെന്റും സ്വാമി ഭുവയെ അറിയാതെ പോയി എന്നു പറഞ്ഞേ മതിയാവൂ. പിന്നീടാണ് അതിനുള്ള കാരണം എന്തായിരുന്നു എന്ന് മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞത്. 

സുഭാഷ് ചന്ദ്രബോസ് സ്വാമി ഭുവയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു എന്നുള്ള സത്യം സാമിജിയും അദ്ദേഹത്തിന്റെ മകള്‍ പ്രേമലതയും എന്നോട് തുറന്നു പറയുകയുണ്ടായി. അതുപോലെ തന്നെ രവീന്ദ്രനാഥ ടാഗോറിന്റേയും അടുത്ത സുഹൃത്തായിരുന്നു സ്വാമി ഭിവ. ഗാന്ധിജിയുടെ ആശ്രമമായ സബര്‍മതിയില്‍ താമസിച്ചിട്ടുണ്ടെങ്കില്‍ പോലും ഗാന്ധിജിയുടെ ആദര്‍ശങ്ങളോട് അദ്ദേഹത്തിനു താത്പര്യമില്ലായിരുന്നു എന്നു പറഞ്ഞു. കൂടാതെ ഗാന്ധിജി ഇന്ത്യാ വിഭജനത്തിന് കൂട്ടുനിന്നതും സ്വാമിജിക്ക് ഗാന്ധിജിയോട് താത്പര്യമില്ലാത്തിനു കാരണമായി. 

ഇതിനിടെ ജര്‍മ്മനിയിലെത്തിയ സ്വാമി ഭുവയെ ഹിറ്റ്‌ലര്‍ സ്വീകരിക്കുകയും അദ്ദേഹത്തെ ആദരിക്കുകയുമുണ്ടായത്രേ. എന്നു തന്നെയല്ല, രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്ന സമയം ഹിറ്റ്‌ലറോടൊപ്പം യാത്ര ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞു. ഹിറ്റ്‌ലറുടെ വാഹനത്തില്‍ യാത്ര ചെയ്തപ്പോള്‍ 'എന്നോടൊപ്പം യാത്ര ചെയ്യാന്‍ നിനക്കു ഭയമുണ്ടോ' എന്നു ഹിറ്റ്‌ലര്‍ ചോദിച്ചതായും മറുപടിയായി "ഞാനുള്ളപ്പോള്‍ നീ ഭയപ്പെടേണ്ട' എന്ന് സ്വാമി പറഞ്ഞതായും സ്വാമിജിയുടെ ഇളയ മകള്‍ പ്രേമലത പറയുകയുണ്ടായി. 

വാസ്തവത്തില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മനിയോ, ജപ്പാനോ ജയിച്ചിരുന്നുവെങ്കില്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ചരിത്ര പുരുഷനായി സ്വാമി ഭുവ മാറുമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. സുഭാഷ് ചന്ദ്രബോസുമായുള്ള അടുത്ത ബന്ധമായിരുന്നിരിക്കാം ഹഠ യോഗയിലെ ചക്രവര്‍ത്തിക്കു തുല്യനായിരുന്ന സ്വാമി ഭുവയെ ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റ് കണ്ടില്ലെന്നു നടിക്കാന്‍ കാരണം എന്നു ഞാന്‍ കരുതുന്നു. 

ഹൈന്ദവ വേദഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നതുപോലെ സത്യസന്ധമായും, സന്മാര്‍ഗ്ഗത്തിലൂടെയും ജീവിക്കുന്ന വ്യക്തികള്‍ 120 വയസ്സുവരെ ജീവിക്കാന്‍ സാധ്യതയുള്ളതായി പറയുന്നു. സ്വാമി ഭുവ അതിനൊരു ഉദാഹരണമായിരുന്നു എന്നു തന്നെ പറയാം. 

ഹൈന്ദവ മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള ഇന്ത്യാ ഗവണ്‍മെന്റ് സ്വാമി ഭുവയെ കണ്ടെത്തി അദ്ദേഹത്തെ ഒരു ചരിത്ര നായകനാക്കി മാറ്റാനും മേലായ്കയില്ല. 2019 ജൂലൈ 22 സ്വാമി ഭുവ സമാധിയടഞ്ഞ ദിവസമായിരുന്നു. ഇന്ത്യാ ഗവണ്‍മെന്റ് അറിഞ്ഞോ അറിയാതെയോ ജൂലൈ 22-നു ഇന്ത്യയുടെ ചന്ദ്രനിലെത്താനുള്ള മിഷന്റെ ഭാഗമായി വിക്ഷേപിച്ച ചന്ദ്രയാന്‍ -2 സ്വാമി ഭുവയോടുള്ള ബഹുമാനാര്‍ത്ഥം ആയിരുന്നുവെങ്കില്‍ അത് തികച്ചും ഉചിതമായേനെ. 

അവിഭക്ത ഇന്ത്യയില്‍ ജനിച്ച്, രണ്ടു ലോക മഹായുദ്ധങ്ങളും, ഇന്ത്യാ വിഭജനവും, നിരവധി കൂട്ടക്കൊലകളും നേരിട്ടുകാണാനിടയായ സ്വാമി ഭുവ ലോക പ്രശസ്തരായ നിരവധി മഹദ് വ്യക്തികളുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ആളായിരുന്നു എന്നറിയുമ്പോള്‍ ചിലരെങ്കിലും അതിശയിക്കാതിരിക്കുകയില്ല. യുണൈറ്റഡ് നേഷന്‍സിലെ സെക്രട്ടറി ജനറല്‍ ആയിരുന്ന കോഫി അന്നന്‍ സ്വാമി ഭുവയുടെ ഒരു ആരാധകന്‍കൂടിയായിരുന്നു. അതുപോലെ തന്നെ ലോകം കണ്ടിട്ടുള്ള അതി ശക്തനായിരുന്ന മുഹമ്മദ് അലി, 'കിംഗ് ഓഫ് പോപ്പ്' ആയിരുന്ന മൈക്കിള്‍ ജാക്‌സണ്‍ എന്നിവരെല്ലാം സാമി ഭുവയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു.

(തുടരും...............)

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.