ടെക്സസ് എൻപാസോയിൽ ഒരു മാസത്തിനു മുൻപ് നടന്ന വെടിവയ്പിൽ 22 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപ് ടെക്സസിലെ തന്നെ പടിഞ്ഞാറൻ സിറ്റികളായ മിഡ്ലാന്റ്, ഒഡിസ എന്നീ നഗരങ്ങളിൽ നടന്ന വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. 21 പേർക്കു പരുക്കേറ്റു. അക്രമിയെ പിന്നീട് പൊലീസ് വെടിവച്ചു കൊന്നതായി ഒഡീസ സിറ്റി പൊലീസ് ചീഫ് മൈക്കിൾ ജെർക്കി മാധ്യമങ്ങളെ അറിയിച്ചു.
ശനിയാഴ്ച ഉച്ചക്കു ശേഷമാണ് സംഭവങ്ങളുടെ തുടക്കം. ട്രാഫിക് നിയമങ്ങൾ ലംഘിച്ചു അതിവേഗത്തിൽ മുന്നോട്ടു പോയ ടൊയോട്ട കാർ പൊലീസ് തടഞ്ഞു. വാഹനത്തിൽ സഞ്ചരിച്ചിരുന്ന ആൾ പൊലീസിനു നേരെ വെടിവച്ചു. അവിടെ നിന്നും യുഎസ് പോസ്റ്റൽ സർവീസിസിന്റെ വാഹനം തട്ടിയെടുത്താണ് വഴിയിൽ കണ്ട നിരപരാധിയായ ആളുകൾക്കു നേരെ അക്രമി നിറയൊഴിയിച്ചത്. ഇന്റർ സ്റ്റേറ്റ് 20ൽ നിന്നും ആരംഭിച്ച വെടിവയ്പ് സമീപത്തുള്ള സിനർജി മൂവി തിയറ്ററിന്റെ പാർക്കിങ് ലോട്ടിൽ അക്രമി പൊലീസിന്റെ വെടിയേറ്റു മരിച്ചതോടെയാണ് അവസാനിച്ചത്.
30 വയസോളം പ്രായമുള്ള വെളുത്ത വർഗക്കാരനായ ഒരാളാണു വെടിവച്ചതെന്ന് പൊലീസ് ചീഫ് പറഞ്ഞു. അക്രമിയെ കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഷോപ്പിങ് സെന്ററിലെ ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടിരുന്നത്. പരുക്കേറ്റവരിൽ 17 മാസം പ്രായമുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഏഴു പേരുടെ നില ഗുരുതരമാണ്. ഓഗസ്റ്റ് മാസം യുഎസിൽ 51 പേരാണു വെടിവയ്പിൽ കൊല്ലപ്പെട്ടത്.
Comments