You are Here : Home / USA News

ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും സംയുക്തമായി ആഘോഷിക്കുന്നു

Text Size  

Story Dated: Tuesday, September 03, 2019 02:44 hrs UTC

ജോയിച്ചന്‍ പുതുക്കുളം

അപ്പര്‍ഡാബി: പെന്‍സില്‍വേനിയയിലെ അപ്പാര്‍ഡാബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഫിലഡല്‍ഫിയ 4135 എസ്.എന്‍.ഡി.പി ശാഖയുടെ ആഭിമുഖ്യത്തില്‍ 165-മത് ശ്രീനാരായണ ഗുരുദേവ ജയന്തിയും വിപുലമായ ഓണാഘോഷവും സംയുക്തമായി സെപ്റ്റംബര്‍ 14-നു ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ മാര്‍പ്പിള്‍ പ്രിസ്ബറ്റേറിയന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (Marple Presbyterian Church Auditorium, 105 N Sproul Rd, Broomal, PA 19008) വച്ചു നടത്തപ്പെടുന്നതാണ്. 

ലോക മാനവികതയുടെ മനസ്സില്‍ കാല്‍പ്പനികതയുടെ തത്വചിന്തകളും ഉപനിഷത്തുകള്‍ക്കും കോറിയിട്ടുകൊടുത്ത ചുരുക്കം ചില മഹദ് വ്യക്തികളില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കളെ ആനയിച്ചുകൊണ്ടുള്ള സാംസ്കാരികഘോഷയാത്രയോടുംകൂടി ഈവര്‍ഷത്തെ ഓണാഘോഷത്തിന് തുടക്കം കുറിക്കും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം, ചെണ്ടമേളം, നിശ്ചല ദൃശ്യങ്ങള്‍, നൃത്ത വിദ്യാലയങ്ങളിലെ കുട്ടികളുടെ നൃത്തങ്ങള്‍, ശ്രുതിമധുരമായ ഗാനമേള, തിരുവാതിരകളി, മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്ത്, വിപുലമായ ഓണസദ്യ എന്നിവയും ആര്‍ട്ടിസ്റ്റ് മോഹന്‍ പ്ലാവിള ഒരുക്കുന്ന വളരെ വ്യത്യസ്തവും പുതുമനിറഞ്ഞതുമായ നാടന്‍ കലാരൂപങ്ങളുടെ ദൃശ്യ വിസ്മയങ്ങളും തുടങ്ങി നിരവധി കലാപരിപാടികളും ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. 

വിപുലമായ ഒരുക്കങ്ങളാണ് ഈവര്‍ഷത്തെ ശ്രീനാരായണ ഗുരു ജയന്തിക്കും ഓണാഘോഷത്തിനുമായി ഒരുക്കിയിരിക്കുന്നതെന്നും എല്ലാവരും വന്നു പങ്കെടുത്ത് ഈ ആഘോഷത്തെ വന്‍ ഉത്സവമാക്കിത്തീര്‍ക്കണമെന്നും , അതിലും ഉപരിയായി വന്‍ ജനപങ്കാളിത്തത്തോടുകൂടി നടത്തുന്ന ഈ ഓണാഘോഷം ഒരു നാടിന്റെ തന്നെ ജനകീയോത്സവമാക്കിയാണ് നാട്ടുകാര്‍ ഈ ആഘോഷത്തെ വരവേല്ക്കുന്നതെന്നും മുഖ്യ സംഘാടകന്‍ പി.കെ. സോമരാജന്‍ പറയുകയുണ്ടായി. തലമുറകളിലൂടെ പരമ്പരാഗതമായി നമ്മുടെ സ്വന്തം പൈതൃകങ്ങളെ കൂടെ നിര്‍ത്തി ആഘോഷിച്ചുവരുന്ന ദേശീയോത്സവമായ ഓണം അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടാതെ പ്രവാസി മലയാളികള്‍ നെഞ്ചിലേറ്റി ആഘോഷിച്ചുവരുന്നതായും കൂടാതെ പുതു തലമുറയിലേക്ക് നമ്മുടെ സ്വന്തം സംസ്കാരവും പരമ്പരാഗത കലാസ്മരണകളും, ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളും പകര്‍ന്നു നല്‍കുന്നതിലുള്ള താത്പര്യവും ശുഷ്കാന്തിയും പ്രത്യേകിച്ചും അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. 

പി.കെ. സോമരാജന്‍ (പ്രസിഡന്റ്), കെ.ജി രാജന്‍കുട്ടി (വൈസ് പ്രസിഡന്റ്), സുധാകരന്‍ ഗോപാലന്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ഭുവനേന്ദ്രദാസ് മാധവന്‍ (സെക്രട്ടറി) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് ഈ മഹനീയ മഹോത്സവത്തിനു നേതൃത്വം കൊടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.കെ. സോമരാജന്‍ (484 297 6463). 
ജീമോന്‍ ജോര്‍ജ് (ഫിലഡല്‍ഫിയ) അറിയിച്ചതാണിത്.

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.