രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ
ഫിലഡല്‍ഫിയാ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധ നേടിയ മലയാളി യുവത്വങ്ങളുടെ സൗഹൃദ കൂട്ടായ്മയായ ബഡി ബോയിസിന്റെ നിറപ്പകിട്ടാര്‍ന്ന ഓണാഘോഷം പ്രൗഢോജ്വലമായി.
2019 ആഗസ്റ്റ് 31ന് ശനിയാഴ്ച വൈകിട്ട് അഞ്ചര മണി മുതല്‍ ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് ഓണാഘോഷ പരിപാടികള്‍ അരങ്ങേറിയത്. മിസോറാം മുന്‍ ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ആയിരുന്നു മുഖ്യാതിഥി.
സൗഹൃദവും സാഹോദര്യവുമാണ് ഓണത്തിന്റെ സന്ദേശമെന്നും, ആ ഒത്തൊരുമ മൂലമാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ വളരെ പ്രശംസനീയമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ബഡി ബോയ്‌സിന് കഴിയുന്നതെന്നും കുമ്മനം രാജശേഖരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആ ഒത്തൊരുമയും സാഹോദര്യവും ഇന്ന് കേരളത്തില്‍ കുറഞ്ഞു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യത്വവും സേവന സന്നദ്ധതയുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ ബഡി ബോയ്‌സിന് സാധ്യമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ചെണ്ട മേളങ്ങളുടെയും താലപ്പൊലികളേന്തിയ ബാലികമാരുടെയും ഹര്‍ഷാരവങ്ങളുടെയും അകമ്പടികളോടുകൂടി മാവേലി മന്നനെയും വിശിഷ്ടാധിതികളെയും കാണികള്‍ തിങ്ങിനിറഞ്ഞ ഹാളിലേക്ക് ആനയിച്ചു . തുടന്ന്മാവേലിയും വിശിഷ്ടാതിഥികളും ചേര്‍ന്ന് നിലവിളക്കുകൊളുത്തി ആഘോഷ പരിപാടികള്‍ ആരംഭിച്ചു .
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ബഡി ബോയ്‌സിന്റെ സ്തുത്യര്‍ഹമായ പൊതു പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫിലഡല്‍ഫിയാ സിറ്റിയുടെ അംഗീകാരവും ആദരവും അടങ്ങിയ പ്രശംസാപത്രം സിറ്റി കൗണ്‍സില്‍മാന്‍ അല്‍ ടോബന്‍ബെര്‍ജറില്‍ നിന്നും ബഡി ബോയ്‌സിനുവേണ്ടി സീനിയര്‍ മെമ്പര്‍ സേവ്യര്‍ മൂഴിക്കാട്ട് ഏറ്റുവാങ്ങി. ബിജു ചാക്കോ കൗണ്‍സില്‍മാനെ സദസ്സിന് പരിചയപ്പെടുത്തി.
ജന്മഭൂമി പത്രാധിപര്‍ പി. ശ്രീകുമാര്‍, റവ. ഫാദര്‍ . എം.കെ. കുറിയാക്കോസ്, ഏഷ്യാനെറ്റ് റീജിയണല്‍ മാനേജര്‍ വിന്‍സന്‍റ് ഇമ്മാനുവല്‍ എന്നിവരും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസംഗിച്ചു . ബഡി ബോയ്‌സിന്റെ ഉത്ഭവത്തെക്കുറിച്ചും ഉദ്ദേശശുദ്ധിയെക്കുറിച്ചും ശാലു പുന്നൂസും ചാരിറ്റി പ്രവര്‍ത്തനങ്ങളേക്കുറിച്ചു തോമസ് ചാണ്ടി, ബിനു ജോസഫ് എന്നിവരും സംസാരിച്ചു.
അമേരിക്കന്‍ നാഷണലാന്തം ഐഷാനി ശ്രീജിത്തും, ഇന്ത്യന്‍ നാഷണലാന്തം റോസ്ലിന്‍ സന്തോഷും ആലപിച്ചു . സാധകാ മ്യൂസിക് അക്കാദമി ഡയറക്ടര്‍ ഗാനഭൂഷണം കെ. ഐ . അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ റേച്ചല്‍ ഉമ്മന്‍, സ്‌റ്റെഫിന്‍ മനോജ്, ട്രീന, റ്റാനിയാ ജോസി , എന്നിവരുടെയും, ഹെല്‍ഡാ സുനില്‍, സാബു പാമ്പാടി, അനു കോശി എന്നിവരുടെയും ഗാനങ്ങള്‍ ആഘോഷ പരിപാടികള്‍ക്ക് മിഴിവേകി. കെസിയാ സജു അവതരിപ്പിച്ച ഡാന്‍സ് നയനമനോഹരമായിരുന്നു. അഷിതാ ശ്രീജിത്ത് തയ്യാറാക്കിയ അത്തപ്പൂക്കളം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ജെയിംസ് പീറ്റര്‍ ആയിരുന്നു മാവേലി.
രാജു ശങ്കരത്തില്‍ പബ്ലിക്ക് മീറ്റിംഗ് എംസിയായും , ലിജോ ജോര്‍ജ്ജ് കള്‍ച്ചറല്‍ പ്രോഗ്രാം എം.സി ആയും പരിപാടികള്‍ ക്രമീകരിച്ചു. അനു സ്കറിയാ സ്വാഗതവും, ജോജോ കോട്ടൂര്‍ കൃതജ്ഞതയും പറഞ്ഞു. ദൃശ്യ മാധ്യമ വിഭാഗം റോജിഷ് ശാമുവേല്‍ (ഫ്‌ളവേഴ്‌സസ് ടി വി) , അബി (റിപ്പോര്‍ട്ടര്‍ ചാനല്‍) എന്നിവര്‍ കൈകാര്യം ചെയ്തു. വിവിധ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ഓണാഘോഷ പരിപാടികള്‍ക്ക് സ്‌പൈസ് ഗാര്‍ഡന്‍ കേരളത്തനിമയില്‍ തയ്യാറാക്കിയ സ്വാദിഷ്ടമായ ഓണസദ്യയോടുകൂടി തിരശീല വീണു .
വാര്‍ത്ത തയ്യാറാക്കി അയച്ചത്: രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ.
Comments