ലേബർ ഡേ ഒഴിവ് ദിനത്തിനുശേഷം സെപ്റ്റംബർ 3ന് ന്യുയോർക്കിലെ ഭൂരിപക്ഷം സ്കൂളുകളിലും പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ചു പ്രതിരോധ കുത്തിവയ്പുകൾ സ്വീകരിക്കേണ്ടതിനെകുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.
മതപരമായ കാരണങ്ങളാൽ പ്രതിരോധ കുത്തിവയ്പുകൾ സ്വീകരിക്കുകയില്ല എന്ന ചില മാതാപിതാക്കളുടെ തീരുമാനം ന്യുയോർക്ക് ജനപ്രതിനിധികൾ വോട്ടിനിട്ട് തള്ളിയതോടെ സ്കൂളുകളിൽ പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികളും പ്രതിരോധ കുത്തിവയ്പുകൾ നിർബന്ധമായും സ്വീകരിക്കേണ്ടിയിരിക്കുന്നു.
സെപ്റ്റംബർ 3ന് പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പുകൾ 14 ദിവസത്തിനകം സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റുകൾ സ്കൂളുകളിൽ ഹാജരാക്കേണ്ടതാണെന്ന് സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ അറിയിപ്പിൽ പറയുന്നു.
1992–നുശേഷം മീസെൽസ് വ്യാപകമായി ന്യുയോർക്കിലും സമീപ പ്രദേശങ്ങളിലും പടർന്ന് പിടിച്ചതിനെ തുടർന്നാണു പ്രതിരോധ കുത്തിവയ്പുകൾ നിർബന്ധമായും എടുത്തിരിക്കണമെന്ന തീരുമാനം പുറത്തുവന്നത്. എന്നാൽ ഇതിനെതിരെ ചില കുട്ടികളുടെ മാതാപിതാക്കൾ കോടതിയിൽ കേസ്സ് ഫയൽ ചെയ്യുകയും മതപരമായ കാരണങ്ങളാൽ തങ്ങളെ ഇതിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. 26,000 കുട്ടികളാണ് പ്രതിരോധ കുത്തിവയ്പുകൾ സ്വീകരിക്കാതെ സ്കൂളുകളിൽ പ്രവേശനം നേടിയിരുന്നത്.
1905–ൽ സംസ്ഥാനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പുകൾ നിർബന്ധമാക്കണമെങ്കിൽ അതിനുള്ള അധികാരം സുപ്രീം കോടതി നൽകിയിരുന്നു.
Comments