ഹവായ് ∙ ഗർഭചിദ്രത്തെ പൂർണ്ണമായി അല്ലെങ്കിലും ഒരു പരിധിവരെ എതിർക്കുന്ന ആദ്യ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി തുളസി ഗബാർഡാണെന്ന് ഈയിടെ ഡേവ് റൂബിൻ നടത്തിയ അഭിമുഖത്തിൽ പറയുന്നു. അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനാണ് ഡേവ് റൂബിൻ. കുഞ്ഞിന്റെ പൂർണ്ണ വളർച്ചയെത്തുന്ന സമയത്തു (തേർഡ് ട്രൈ മിസ്റ്റർ) ഗർഭചിദ്രം നടത്തുന്നതിനെ ഒരുവിധത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് തുളസി വ്യക്തമാക്കി.
മാതാവിന്റെ ജീവന് ഭീഷണിയാകുകയാണെങ്കിൽ ഗർഭചിദ്രം നടത്തുന്നതിൽ തെറ്റില്ലെന്നും അവർ പറഞ്ഞു. ഇന്നു നടന്ന ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ ഡിബേറ്റിൽ പങ്കെടുക്കുന്നതിൽ നിന്നും തുളസിയെ മാറ്റിയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പോരാട്ടത്തിൽ നിന്നും ഇതുവരെ പിന്മാറിയിട്ടില്ലെന്നും തുളസി വെളിപ്പെടുത്തി.
തുളസി ഗബാർഡിന്റെ ഗർഭചിദ്രത്തോടുള്ള നിലപാടിനെ കുറിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥികൾ എങ്ങനെ പ്രതികരിക്കു മെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കാത്തിരിക്കുന്നത്.
ഹവായ് രാഷ്ട്രീയത്തിൽ സജീവമാകുമ്പോൾ തുളസി ഗബാർഡ് പ്രൊ ലൈഫിന് അനുകൂലമായി ശക്തമായ പ്രചരണം നടത്തിയിരുന്നു. കോൺഗ്രസിലെ അംഗം ആയതോടെ ഗർഭചിദ്രത്തിന് ഫെഡറൽ ഫണ്ട് അനുവദിക്കണമെന്നാവശ്യം ഉയർത്തി രംഗത്തെത്തി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സാധ്യത നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോൾ തുളസി.
Comments