സിജു വി ജോര്‍ജ്, ഡാളസ്സ്
ഡാളസ്: മറുനാടന്‍ മലയാളികളുടെ ഏതൊരാഘോഷങ്ങള്‍ക്കും മലയാളകരയിലെ ആഘോഷങ്ങളേക്കാള്‍ തനിമയും തിളക്കവുമേറും എന്നത് തികച്ചും സത്യസന്ധമായ ഒരു വിലയിരുത്തലാണ്. ഈ വാമൊഴിക്കു കൂടുതല്‍ മിഴിവേകുന്ന ഒരു ഓണാഘോഷത്തിനു കൂടി
ഡാളസ്സിലെ മലയാളികള്‍ സാക്ഷ്യം വഹിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച (September 7, 2019 ) രാവിലെ പത്തുമണിക്ക് ഡാളസ്സിലെ സെന്റ്. ഇഗ്നേഷസ് പള്ളിയുടെ വിശാലമായ ഓഡിറ്റോറിയത്തില്‍, 'ഡാളസ് സൗഹൃദ വേദി'യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ
ഓണാഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞപ്പോള്‍, അവിടെ എത്തിച്ചേര്‍ന്നവരുടെ മനസ്സുകളില്‍ സാംസ്കാരിക പൈതൃകത്തിന്റെയും, പഴമയുടെ പാരമ്പര്യത്തിന്റെയും ഓര്‍മക്കൂട്ടില്‍ ഒരായിരം തിരിവിളക്കുകള്‍ നിറഞ്ഞു കത്തി.
ഓണക്കോടിയുടെ നിറവും ഓണപ്പൂക്കളുടെ മണവും ഓണച്ചിന്തുകളുടെ ഈണം മനസ്സിലും നിറച്ചു കുടുംബ സമേതം വന്നെത്തിയ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ഉത്സവ പ്രതീതി ജനിപ്പിച്ചു. അതിഥികളെ വരവേല്‍ക്കുവാനെന്നവണ്ണം പ്രവേശന കവാടത്തില്‍
ഒരുക്കിയിരുന്ന മനോഹരമായ അത്തപ്പൂക്കളം കണികള്‍ക്കൊരു ദൃശ്യ വിരുന്നൊരുക്കി.
ഓണാഘോഷത്തിന്റെ ആദ്യ പകുതിയിലെ സാംസ്കാരിക സമ്മേളനവേദി അലങ്കരിച്ച വിശിഷ്ടാഥിതികളുടെ നിരയിലെ അധ്യാപക സാന്നിധ്യം സാക്ഷര കേരളത്തിന്റെ സമവാക്യം കുറിക്കുന്നതായിരുന്നു.
ഡാളസ് സൗഹൃദ വേദി പ്രസിഡന്റ് ശ്രീ. അജയകുമാര്‍ അദ്ധ്യ്ക്ഷനായിരുന്ന ഉല്‍ഘാടന സമ്മേളനത്തില്‍ മുഖ്യാഥിതി ആയി എത്തിച്ചേര്‍ന്നത് , യൂണിവേഴ്സിറ്റി ഓഫ് ടെക്സസില്‍ മലയാളം അധ്യാപികയായ പ്രൊഫ. Dr . ദര്‍ശന എസ്. മനയത്തു ആയിരുന്നു. ആശംസ പ്രസംഗകരായി എത്തിയത് റിട്ടയേര്‍ഡ് പ്രൊഫസര്‍. സോമന് ജോര്‍ജ്, കൗണ്ടി കോളേജ് അധ്യാപകനായ ഫിലിപ്പ് തോമസ് , പ്രസ് ക്ലബ് പ്രധിനിധിയായി സണ്ണി മാളിയേക്കല്‍,
കൂടാതെ കേരളത്തിലെ പ്രഗത്ഭനായ ഒരു അധ്യാപകന്റെ മകളും, തന്റെ ലേഖനങ്ങളില്‍ കൂടി തൂലിക പടവാളാക്കി സമൂഹത്തിലെ മൂല്യച്യുതികള്‍ക്കെതിരെ നിരംതരം പ്രതികരിക്കുന്ന സാഹിത്യകാരി അനൂപ സാം തുടങ്ങിയവര്‍ ഉല്‍ഘാടന വേദിയെ സമ്പന്നമാക്കി. Dr . ദര്‍ശന എസ്. മനയത്തു നിലവിളക്കു തെളിച്ചു ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
കലാപരിപാടികളുടെ മുന്നോടിയായി, പൂര്‍വകാല പ്രൗഢിയോടെ എഴുന്നള്ളിയ മഹാബലിക്കു ഡാളസ് സൗഹൃദ വേദിയും ശേഷം സദസ്സിലുണ്ടായിരുന്ന ജനങ്ങളും ചേര്‍ന്ന് രാജോചിതമായ വരവേല്‍പ്പ് നല്കി വേദിയിലേക്ക് ആനയിച്ചു.
തുടര്‍ന്ന് അരങ്ങേറിയ കലാസംഗീത പരിപാടികള്‍ ഒന്നിനൊന്നു മെച്ചപ്പെട്ട നിലവാരം പുലര്‍ത്തി എന്നതിന് കാണികളുടെ നിര്‍ത്താതെയുള്ള കരഘോഷങ്ങളും പ്രോത്സാഹനങ്ങളും തെളിവായിരുന്നു.
അവതാരകരായി എത്തിയ, സഹോദരികളായ ബ്രിന്ദായും ബിന്‍സിയും തങ്ങളുടെ കര്‍ത്തവ്യം തൃപ്തികരമായി നിര്‍വഹിച്ചു.
കലാപരിപാടികളുടെ സംഘാടകരായ സുകു വര്‍ഗീസ് , സജി കോട്ടയടിയില്‍ എന്നിവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. എല്ലാറ്റിലും ഉപരിയായി ഓണാഘോഷത്തിന് തുടക്കം മുതല്‍ ഇതിന്റെ വിജയത്തിനായി തന്റെ മനസും ശരീരവും സമയവും ഉഴിഞ്ഞു വച്ച സൗഹൃദവേദി പ്രസിഡണ്ട് അജയകുമാറിനും ഈ വിജയത്തില്‍ അഭിമാനിക്കാന്‍ വകയുണ്ട്.
വര്‍ണശബളമായ കലാപരിപാടികള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും വിളമ്പി സമൃദ്ധമായ ഒരു സാംസ്കാരിക തനിമയുടെ ഗതകാല സ്മരണകളെ ഉണര്‍ത്തി,
ഡാളസ് സൗഹൃദ വേദിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം പരിസമാപിച്ചപ്പോള്‍ അതില്‍ പങ്കെടുത്ത ഓരോ മനസുകളും തങ്ങളുടെ ഓര്‍മച്ചെപ്പില്‍ സൂക്ഷിക്കുവാന്‍ ഒരുപിടി ഓര്മപ്പൂക്കളുമായിട്ടാണ് തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയത്.
Comments