You are Here : Home / USA News

സൗഹൃദങ്ങളുടെ രാജകുമാരാ അങ്ങേയ്ക്ക് യാത്രാമൊഴി (രാജു ശങ്കരത്തില്‍, ഫിലഡല്‍ഫിയ)

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 14, 2019 03:19 hrs UTC



"രാജുച്ചായന്‍ അറിഞ്ഞോ ..നമ്മുടെ അറ്റ്‌ലാന്റയിലെ റെജി ചെറിയാന്‍ മരിച്ചു'. ഇന്നലെ (വ്യാഴാഴ്ച) വൈകിട്ട് എന്റെ പ്രിയ സുഹൃത്ത് ബെന്‍സണ്‍ പണിക്കര്‍ ഇത് എന്നോട് ഫോണില്‍  വിളിച്ചു പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. കുറെ നേരത്തേക്ക് പിന്നീടൊന്നും കേള്‍ക്കുവാനോ പറയുവാനോ എനിക്ക്  കഴിഞ്ഞില്ല. കാരണം റെജിച്ചായന്‍ വര്‍ഷങ്ങളായി എന്റെ സുഹൃത്താണ്. സൗഹൃദത്തിന്റെ വിലയെന്തെന്ന് മനസ്സിലാക്കിയത് അദ്ദേഹത്തില്‍ കൂടിയാണ്. ഫെയ്‌സ്ബുക്കില്‍ ഏവരുടെയും സൗഹൃദ വേദിയിലെ സ്ഥിര സാന്നിധ്യം ആയിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ബഡി ബോയ്‌സിന്റെ ഓണാഘോഷത്തിന് തലേദിവസം വൈകിട്ട് നടന്ന ആലോചനാ യോഗത്തിന്റെ അവസാനം ആരും പ്രതീക്ഷിക്കാതെ അദ്ദേഹം അവിടേക്ക് കടന്നു വന്നു.അപ്പോഴാണ് ഞാന്‍ അറിയുന്നത് അവിടെയുള്ളവരെല്ലാം അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണെന്ന് . അഴകേറിയ ആ ചിരിയും, ഓരോരുത്തരെ പേരുപറഞ്ഞുള്ള വിളിയും, ആ  കുശലാന്വേഷണവും മനസ്സില്‍നിന്നും മാറുന്നില്ല.
 
ഫൊക്കാനാ ജോയിന്‍റ് ട്രഷറര്‍  ഷീലാ ജോസഫ്, ഏഷ്യാനെറ്റ് റീജിയണല്‍ മാനേജര്‍ വിന്‍സന്‍റ് ഇമ്മാനുവല്‍  എന്നിവര്‍ ഈ മരണ വാര്‍ത്തയെക്കുറിച്ചു ഞാനുമായി സംസാരിച്ചപ്പോള്‍ അവരെല്ലാം പറഞ്ഞത്. മാനുഷിക മൂല്യങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും ഇത്രയധികം  വിലകല്‍പ്പിച്ചിട്ടുള്ള ഒരാളെ കണ്ടിട്ടില്ല എന്നാണ്. അത് പകല്‍ വെളിച്ചം പോലെ യാഥാര്‍ഥ്യവുമാണ്. ഷീലാ ജോസഫ് പറഞ്ഞതുപോലെ, അദ്ദേഹത്തെ ഒന്ന് പരിചയപ്പെട്ടാല്‍, സംസാരിച്ചാല്‍  പിന്നീടൊരിക്കലും  ആരും അദ്ദേഹത്തെ മറക്കുകയില്ല. 

സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം കൊടുത്തു പ്രവര്‍ത്തിച്ച അദ്ദേഹം  കഴിഞ്ഞ വര്‍ഷം ഫോമാ ഇലക്ഷന് കേവലം ഒരു വോട്ടിന്റെ വത്യാസത്തില്‍  തോല്‍വി ഏറ്റുവാങ്ങി. എങ്കിലും സൗഹൃദങ്ങളില്‍ എന്നും മറ്റെല്ലാവരേക്കാളും മുന്നിലായിരുന്നു.   ബഡി ബോയ്‌സിന്റെ ഓണാഘോഷങ്ങളില്‍ ആദ്യാവസാനം വരെയും പങ്കെടുത്ത അദ്ദേഹം അവസാനമായി എന്നോട്  പറഞ്ഞ  വാക്കുകള്‍ ഞാന്‍ ഇപ്പോള്‍ ഓര്‍ത്തുപോകുകയാണ് . "ശങ്കരത്തിലേ..ഞാന്‍ അടുത്ത ഫോമാ ഇലക്ഷന് ഫോമായുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. എന്നേ സപ്പോര്‍ട്ട് ചെയ്യണം. കഴിഞ്ഞ ഇലക്ഷന് എനിക്ക് വോട്ടു തരാമെന്നു പറഞ്ഞവര്‍ പലരും എന്നേ ചതിച്ചു. ഇപ്രാവശ്യം എങ്ങനെയാണെന്നറിയില്ല, തോളത്തു കൈയിട്ടു നടക്കുന്നവരെപ്പോലും വിശ്വസിക്കാന്‍ പറ്റില്ല എന്ന് അന്ന് ഞാന്‍ മനസിലാക്കിയതാ."

ചതികള്‍ നിറഞ്ഞ ഈ ലോകത്തില്‍ നിന്ന്, വഞ്ചനയും കുതികാല്‍ വെട്ടും പാരവയ്പ്പും, സ്‌റേജിനും കസേരയ്ക്കും മൈക്കിനും  വേണ്ടി  ആരെയും ഇല്ലായ്മ ചെയ്യാന്‍ പോലും മടിക്കാത്ത  അധികാര കൊതിയന്മാരോട്  തോറ്റല്ല  അദ്ദേഹം പോയത് . നിത്യതയുടെ കിരീടം അവകാശമാക്കുവാന്‍ ..മത്സരങ്ങളില്ലാത്ത ലോകത്തേക്കാണ് അദ്ദേഹം യാത്രയായത്.

പ്രിയപ്പെട്ട റെജിച്ചായാ ..ഒക്ടോബര്‍ 26നു ഡാളസില്‍ ഫോമാ ജനറല്‍ ബോഡി യോഗത്തിനു വരുമ്പോള്‍ തമ്മില്‍ കാണാം എന്ന് യാത്ര പറഞ്ഞു പിരിയുമ്പോള്‍ അത്  ഇനിയും നിത്യതയില്‍ മാത്രം കാണാന്‍ പറ്റുന്ന ഈ ഭൂമിയിലെ അവസാന യാത്രാപറച്ചിലാണ് എന്ന് ഞാന്‍ അറിഞ്ഞില്ല..

പ്രിയപ്പെട്ട ഞങ്ങളുടെ റജിച്ചായാ..സൗഹൃദങ്ങളുടെ രാജകുമാരാ അങ്ങേയ്ക്ക് യാത്രാമൊഴി ..

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.