ഇർവിങ്∙ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ഇർവിങ് ഗാന്ധി മെമ്മോറിയൽ പാർക്കിൽ ഒക്ടോബർ 6 ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹാത്മാഗാന്ധി മെമ്മോറിയൽ ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷം ടെക്സസ് ഗവർണർ ഗ്രേഗ് ഏബട്ട് ഉദ്ഘാടനം ചെയ്തു.
ആധുനിക ലോകത്ത് മഹാത്മാജിയുടെ സന്ദേശം ഉൾക്കൊളളാൻ തയാറാകണമെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. ഇന്ത്യയും ടെക്സസ് സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഗവർണർ ഒാർമപ്പെടുത്തി.
സ്വാതന്ത്ര്യം, സമത്വം, സമൂഹം, കുടുംബമൂല്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ ഇന്ത്യൻ സംസ്കാരം നിലനിർത്തുന്നതിനും പിന്തുടരുന്നതിനും ഇന്ത്യൻ സമൂഹം പ്രകടിപ്പിക്കുന്ന താൽപര്യം പ്രത്യേകം പ്രശംസനീയമാണെന്നും ഗവർണർ പറഞ്ഞു.
ഇന്നലെയും ഇന്നും നാളെയും മഹാത്മജിയെ കുറിച്ചുള്ള ചിന്തകൾ നിലനിൽക്കേണ്ടതാണെന്നും സാഹോദര്യം , അക്രമരാഹിത്യം, ഐക്യം എന്നിവയിൽ അടിസ്ഥാനമാക്കിയാവണം പ്രവർത്തനങ്ങൾ രൂപപ്പെടുത്തേണ്ടതെന്നും ഗവർണർ ഓർമിപ്പിച്ചു. സമാധാനത്തിന്റെ സന്ദേശവാഹകരായി അറിയപ്പെടുന്ന 15 പ്രാവുകളെ ഗവർണർ അന്തരീക്ഷത്തിലേക്കു പറത്തിവിട്ടു.
ഗവർണർക്കു പുറമെ ഇർവിങ് സിറ്റി മേയർ റിക് സ്റ്റോഫർ, സ്റ്റേറ്റ് പ്രതിനിധി ജൂലി ജോൺസൻ, ഡെ.കോൺസൽ ജനറൽ സുരേന്ദ്ര അധാന എന്നിവരും ജന്മദിനാഘോഷത്തിൽ പങ്കെടുത്തു. പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടകൂറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റാവു കർവാല സ്വാഗതവും റാണാ ജാനി നന്ദിയും രേഖപ്പെടുത്തി. എല്ലാവർക്കും പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.
Comments