ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിദ്യാരംഭ മഹോത്സവം ആഘോഷിച്ചു. തിന്മയുടെ മേല്‍ നന്മയുടേയും, അന്ധകാരത്തിനുമേല്‍ പ്രകാശത്തിന്റേയും, അജ്ഞാനത്തിനുമേല്‍ ജ്ഞാനത്തിന്റേയും വിജയം ഉറപ്പിച്ച ദിവസമാണ് വിജയദശമി. ജ്ഞാനവിജ്ഞാനങ്ങളുടെ അധിദേവതായായ മഹാ സരസ്വതിക്ക് മുന്‍പില്‍ അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ തേടി നൂറുകണക്കിന് പേരാണ് ഈ വര്‍ഷം ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ എത്തിയിരുന്നത്.
അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനദീപം മനസ്സില്‍ തെളിയുന്ന വിജയ ദിവസമായ വിജയദശമി നാളില്‍ മഹാദുര്‍ഗ്ഗയുടെയും മഹാലക്ഷ്മിയുടെയും മഹാസരസ്വതിയുടെയും മുന്നില്‍വിദ്യക്കും തൊഴിലിനും ഐശ്വര്യത്തിനും വേണ്ടിയുള്ള വിശേഷാല്‍ പൂജകള്‍ക്ക് പ്രധാന പുരോഹിതന്‍ ശ്രീ ബിജു കൃഷ്ണന്‍ സ്വാമികള്‍ കാര്‍മ്മികത്വം വഹിച്ചു. വേദമന്ത്ര ധ്വനി മുഖരിതമായ അന്തരിഷത്തില്‍ ലോകശാന്തിക്കും സര്‍വ ഐശ്വേര്യങ്ങള്‍ക്കും വേണ്ടി വിഘ്‌ന നിവാരകനായ മഹാഗണപതിക്കും ആദി പരാശക്തിക്കും പ്രത്യേക പൂജകള്‍ നടന്നു. ശേഷം ശ്രീമതി ലക്ഷ്മി നായര്‍, വിജയ ദശമിയുടെ മാഹാത്മ്യവും സനാതന ധര്‍മ്മത്തില്‍ വിദ്യാരംഭത്തിന്റെ പ്രാധാന്യം എന്നി വിഷയങ്ങളെ പറ്റിയുള്ള സത്സംഗ പ്രഭാഷണവും, സജി പിള്ളൈയുടെയും, രശ്മി ബൈജുവിന്റേയും നേതൃത്വത്തില്‍ ഭജനയും നടത്തി.
തുടര്‍ന്ന്, കുട്ടികളുടെ ഭൌതികവും ആത്മീയവും ആയ വളര്ച്ചക്ക് അടിസ്ഥാനമാകുന്ന സനാതനമൂല്യങ്ങള്‍ കുട്ടികളിലേക്ക് ചേരുന്ന മഹനീയമായ വിദ്യാരംഭ മുഹുര്‍തത്തില്‍, സങ്കല്പ പൂജകള്‍ക്കും, അഷ്ടോത്തര അര്ച്ചനകള്‍ക്കും ശേഷം, ശ്രീ ഹരിഹരന്‍ജി സാര'മായ 'സ്വ'ത്തെ പ്രകാശിപ്പിക്കുന്ന ജ്ഞാനദേവതയായ മഹാ സരസ്വതി ദേവിക്ക് മുന്നില്‍ അക്ഷരങ്ങളുടെയും അറിവിന്‍റെയും പുതിയ ലോകം കുരുന്നുകള്ക്ക് തുറന്നു കൊടുത്തു. ഈ വര്‍ഷത്തെ വിദ്യാരംഭത്തിന്, നൂറുകണക്കിന് ഭക്തരാണ് ചിക്കാഗോയില്‍നിന്നും, മറ്റ് വിവിധ സിറ്റികളില്‍ നിന്നും ഗീതാമണ്ഡലം തറവാട്ടില്‍ എത്തിയിരുന്നത്. വിദ്യാരംഭത്തിന് ശേഷം വിപുലമായ അന്നദാനവും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വര്‍ണ്ണാഭമായ കരിമരുന്ന് ഉത്സവവും ഉണ്ടായിരുന്നു.
ലോകത്തിന്റെ ആത്മീയ തലസ്ഥാനമായ ഭാരതത്തിനു അഭിമാനിക്കുവാന് നിരവധി സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്, ഋഷി പരമ്പരയിലൂടെ കൈമാറി വന്ന ശ്രേഷ്ഠമായ ഈ സംസ്കാരവും അറിവും നമ്മുടെ അടുത്ത തലമുറക്ക് പഠിപ്പിച്ചു കൊടുക്കുക എന്നത് ഏതൊരു സനാതന ധര്‍മ്മ വിശ്വാസിയുടെയും ധര്‍മ്മമാണ്. നമ്മുടെ സംസ്കാരത്തിന് മാത്രം അവകാശപ്പെടാവുന്ന ഏറ്റവും ഉജ്ജ്വലമായാ ആശയമാണ് വിദ്യാരംഭം. അതിനാല്‍ ആണ് ഈ വര്‍ഷം നവനവമായരീതിയില്‍ ഗീതാമണ്ഡലം വിജയദശമി ആഘോഷിച്ചത് എന്ന് തഥവസരത്തില്‍ ഗീതാ മണ്ഡലം പ്രസിഡന്റ് ശ്രീ. ജയചന്ദ്രന്‍ അറിയിച്ചു. ഏതൊരു സംസ്കാരവും നിലനില്ക്കുന്നത് ആചാരങ്ങളിലൂടെയും അനുഷ്ടാനങ്ങളിലൂടെയും ആണ്. ഇന്നും ആര്ഷ ഭാരത സംസ്കാരത്തില്‍ മാത്രമാണ്, സ്ത്രീയെ ശക്തിയായും, ഐശ്വര്യമായും, ജ്ഞാനമായും, ആധിപരാശക്തിയായും ആരാധിക്കുവാനും, ഗുരു പരമ്പരയെ, ദൈവതുല്യമോ അതിലുപരിയായോ കാണുവാനും പഠിപ്പിക്കുന്നത്.. "മാതാ പിതാ ഗുരു ദൈവം" എന്ന മഹത്തായ സന്ദേശം ഉദ്ധരിക്കുമ്പോള്, ഭൂമിയില് ജന്മം തന്ന മാതാവ് പ്രഥമ സ്ഥാനത്തിലും, മാതാവിലൂടെ കുട്ടി മനസ്സിലാക്കിയ പിതാവ് രണ്ടാമതും, മാതാപിതാക്കള് വിദ്യാരംഭത്തിലൂടെ കുട്ടിയെ ഏല്പ്പിക്കുന്ന ഗുരുക്കന്മാര് മൂന്നാമതും, ഗുരുവിലൂടെ , ദൈവ സങ്കല്പ്പവും ആത്മബോധവും ഗ്രഹിക്കുന്ന കുട്ടിയുടെ ജീവിതത്തില് ദൈവം നാലാമതും കടന്നു വരുന്നു. നമ്മുടെ ഈ സംസ്കാരം അടുത്ത തലമുറയിലേക്ക് പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തിനായി ആണ് ഗീതാമണ്ഡലം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഗീതാമണ്ഡലം ആത്മീയവേദിയുടെ കോര്‍ഡിനേറ്റര്‍ ശ്രീ. ആനന്ദ് പ്രഭാകര്‍ അഭിപ്രായപ്പെട്ടു.
ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ എത്രയും മനോഹരമായി സംഘടിപ്പിക്കുവാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ഭാഗവത ശുകം ബ്രഹ്മശ്രീ മനോജ് നമ്പൂതിരിക്കും, വിദ്യാരംഭ പൂജകള്‍ക്ക് ആചാര്യസ്ഥാനം വഹിച്ച ശ്രീരാമകൃഷ്ണമഠം അധ്യക്ഷന്‍ (മാവേലിക്കര) ശ്രീ ഹരിഹരന്‍ ജിക്കും, നവരാത്രി ഉത്സവം മനോഹരമായി സംഘടിപ്പിക്കുവാന്‍ പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും, നവരാത്രി ആഘോഷങ്ങള്‍ക്കായുള്ള താമരക്കുളം ഒരുക്കുവാന്‍ സഹായിച്ച മോനുവര്‍ഗ്ഗീസിനും കുടുംബത്തിനും, നവരാത്രി പൂജകളില്‍ പങ്കെടുത്ത എല്ലാ കുടുംബാംഗങ്ങള്‍ക്കും ജനറല്‍ സെക്രട്ടറി ബൈജുമേനോന്‍ നന്ദി പ്രകാശിപ്പിച്ചു.
Comments