എഡിസണ്‍, ന്യൂജേഴ്സി: റിയല്‍ മീഡിയയും സോഷ്യല്‍ മീഡിയയും എന്ന വിഷയം ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സമ്മേളനത്തില്‍ തീപാറുന്ന ചര്‍ച്ചകള്‍ക്ക് വേദിയായി.
മോഡറേറ്ററായിരുന്ന കൈരളി ടിവി യു.എസ്.എ ഡയറക്ടര്‍ ജോസ് കാടാപ്പുറം രണ്ടു മീഡിയകളിലും നിലനില്‍ക്കുന്ന തെറ്റും ശരിയുമായ പ്രവണതകള്‍ ചൂണ്ടിക്കാട്ടി.
വസ്തുനിഷ്ഠമായ പത്രപ്രവര്‍ത്തനം നടത്തുന്നവരാണ് പാനലിസ്റ്റുകള്‍ എന്നു ചൂണ്ടിക്കാട്ടി.
ചര്‍ച്ച നയിച്ച മാതൃഭൂമി ടിവിയുടെ വേണു ബാലകൃഷ്ണന്‍ മാധ്യമങ്ങളെ സംബന്ധിച്ച് കേന്ദ്രത്തിലായാലും കേരളത്തിലായാലും അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നു പറഞ്ഞു. മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയെ പിന്തുണയ്ക്കുകാണ്. മറ്റു മാധ്യമങ്ങള്‍ക്ക് താത്പര്യങ്ങളുണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
തങ്ങള്‍ക്ക് പരിമിതികളുണ്ട്. അതുപക്ഷെ സ്വയം സ്വീകരിക്കുന്ന വിവേകപൂര്‍ണമായ പരിമിതിയാണ്. മാധ്യമങ്ങളെ സോഷ്യല്‍ മീഡിയ വഴി നിയന്ത്രിക്കാമെന്ന സ്ഥിതിയുമുണ്ട്.
ദേശീയതലത്തിലെ ദുരവസ്ഥ ചര്‍ച്ച ചെയ്യുമ്പോള്‍ കേരളത്തിലെ കാര്യം നാം മറക്കുന്നു. ഇപ്പോള്‍ കേരളത്തിലെ മന്ത്രിമാര്‍ കസേരകളില്‍ ഇരിക്കുന്നവര്‍ മാത്രമായി.
ജയലളിത തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവരുടെ സൗകര്യത്തിനായിരുന്നു മന്ത്രിസഭാ യോഗം. കേരളത്തിലെ സ്ഥിതിയും മെച്ചമല്ല.
മാധ്യമങ്ങളില്‍ നിന്നു മുഖ്യമന്ത്രി അകന്നു നില്‍ക്കുന്നു. ഇതു അസാധാരണമാണ്. തമിഴ്നാട്ടില്‍ മാധ്യമങ്ങള്‍ക്ക് ഒരു നിശ്ചിത സ്ഥലം നല്‍കിയിരിക്കുന്നതു കണ്ടു. മന്ത്രിമാര്‍ക്ക് വേണമെങ്കില്‍ അവിടെ പോയി അവരെ കാണാം. കേരളത്തിലും അതിനു ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.
സര്‍ക്കാര്‍ നിലപാടുകള്‍ ജനം അംഗീകര്‍ച്ചു എന്ന രീതിയിലുള്ള സോഷ്യ ല്‍മീഡിയ പോസ്റ്റുകള്‍ കാണാം. പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാറില്ല. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയുന്ന സര്‍ക്കാരിനെതിരേ മിണ്ടിയാല്‍ രാജ്യദ്രോഹിയായെന്നിരിക്കും. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കാണു കൂടുതല്‍ ഭീഷണി. ബര്‍ക്കാ ദത്തിനു മൂവായിരത്തോളവും, റാണാ അയൂബിനു രണ്ടായിരത്തിഅഞ്ഞൂറോളവും ബലാത്സംഗ ഭീഷണി നേരിടേണ്ടിവന്നു. ഏറ്റവും നല്ല അഭിമുഖങ്ങള്‍ നടത്തിയിരുന്ന കരണ്‍ ഥാപ്പര്‍ ഇന്നു ഫലത്തില്‍ തൊഴില്‍ രഹിതനായി ഒരു മൂലയ്ക്കിരിക്കുന്നു. കേരളത്തിന്റെ സ്ഥിതിയും ആശാസ്യമല്ല.
്യൂ എന്നാല്‍ ഷോളി കുമ്പിളുവേലി അതു ചോദ്യം ചെയ്തു. മുഖ്യമന്ത്രി എല്ലാവരുടേയും തോളില്‍ കൈയ്യിട്ട് നടക്കുന്ന ആളല്ലായിരിക്കാം. അങ്ങനെ നടന്നവര്‍ പണിയിച്ച പാലാരിവട്ടം പാലമാണ് തകര്‍ന്നതെന്നു മറക്കരുത്.
ജോളി കേസില്‍ മാധ്യമ പ്രവര്‍ത്തകര്‍ പോലീസിന്റെ ജോലി തടസ്സപ്പെടുത്തുന്നതായി അറിയില്ലെന്നു വേണു പറഞ്ഞു. മാധ്യമങ്ങള്‍ക്കും അന്വേഷണങ്ങള്‍ നടത്താനുള്ള അവകാശമുണ്ട്.
ജോളി കേസ് റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരേ പലവിധ ആക്ഷേപങ്ങളും മീഡിയയ്ക്കെതിരേ ഉയരുന്നുണ്ടെന്നു എം.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. പക്ഷെ ഒ.ജെ. സിമ്പ്‌സണ്‍ കേസ് അമേരിക്കന്‍ മാധ്യമങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്തു എന്നുകൂടി അറിയണം.
ജോളി കേസ് സാധാരണ കുറ്റകൃത്യമല്ല. സ്വാഭാവികമായും സമൂഹവും മാധ്യമങ്ങളും അതിനു പിന്നാലെ പോകും. അതിനാല്‍ മാധ്യമങ്ങള്‍ ഒരു പരിധിക്കപ്പുറം വിമര്‍ശനം അര്‍ഹിക്കുന്നില്ല. മാധ്യമങ്ങള്‍ സമൂഹത്തിന്റെ തന്നെ സൃഷ്ടിയാണല്ലോ. നമ്മുടെ സമൂഹം എവിടെ എത്തിനില്‍ക്കുന്നു എന്നതാണ് ഇതൊക്കെ വിരല്‍ചൂണ്ടുന്നത്. ആര്‍ത്തിയാണ് ഇതിനൊക്കെ പിന്നില്‍.
അതുപോലെ തന്നെ മാധ്യമങ്ങളെ വിമര്‍ശിക്കുന്നവരുടെ കാപട്യം തിരിച്ചറിയേണ്ടതുണ്ട്.ആ വാര്‍ത്ത കൊടുക്കാത്ത മാധ്യമത്തെ ജനം തള്ളിക്കളയും. നിങ്ങളും ജോളിയും തമ്മില്‍ ആറുമാസമായി ബന്ധപ്പെടാറില്ലേ എന്ന ചോദ്യം ശരിയോ എന്ന ചോദ്യം വരാം.
റേറ്റിംഗ് വലിയ കാര്യം തന്നെ. ഉത്തരവാദിത്വം ജനത്തിനുമുണ്ട്. മോറലിസ്റ്റിക് രീതിയില്‍ വിമര്‍ശിക്കുന്നത് ശരിയല്ല.
ഓരോ ദിവസവും ജനം എന്താണ് ആഗ്രഹിക്കുന്നതെന്ന ട്രെന്‍ഡ് മനസിലാക്കി തരുന്നത് സോഷ്യല്‍ മീഡിയ ആണെന്നു ജോണി ലൂക്കോസ് പറഞ്ഞു. ദിലീപിനു എതിരേ കേസ് വന്നപ്പോള്‍ അനുകൂലമായി നില്ക്കാന്‍ പറ്റില്ല. ജനാഭിപ്രായം കണക്കിലെടുക്കാതിരിക്കാനാവില്ല. ചാര കേസില്‍ കരുണാകരന്‍ പ്രതിയല്ലെന്നു പറയുന്നവര്‍ കൂട്ടുപ്രതിയാകുന്ന സ്ഥിതിയുണ്ടായിരുന്നു.
ചിലപ്പോള്‍ പൊതു നിലപാടിനെതിരേ നില്‍ക്കേണ്ടി വരുമെന്നു എം.ജി രാധാകൃഷ്ണന്‍ പറഞ്ഞു. റേറ്റിംഗിനെ അതിജീവിച്ചു നില്‍ക്കാന്‍ ഏഷ്യാനെറ്റിനായി. ചാര കേസില്‍ ഇന്ത്യാ ടുഡേയും ആ ധൈര്യം കാണിച്ചു. അതിനാല്‍ മാധ്യമങ്ങള്‍ക്ക് ഇപ്പോഴും വിലയുണ്ട്.
സോഷ്യല്‍ മീഡിയ ജനാധിപത്യ സ്വഭാവം ഉയര്‍ത്തിക്കാട്ടുന്നത് ജോണി ചൂണ്ടിക്കാട്ടി. അച്ചടി മാധ്യമങ്ങളുടെ കാലം കഴിയുന്നതായി രാധാകൃഷ്ണനും പറഞ്ഞു.
Comments