ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഹൂസ്റ്റണിലെ ട്രിനിറ്റി മാര്‍ത്തോമ്മ സേവിക സംഘത്തിന്റെ ആതിഥേയത്വത്തില്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ട നോര്‍ത്ത് അമേരിക്കയൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ 19മതു സേവികാസംഘം കോണ്‍ഫറന്‍സ് അനുഗ്രഹകരമായി സമാപിച്ചു.
2019 ഒക്ടോബര്‍ 10-13 വരെയുള്ള തീയതികളില്‍ (വ്യാഴം മുതല്‍ ഞായര്‍) നടത്തപ്പെട്ട കോണ്‍ഫ്രന്‍സില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ വിവിധ മാര്‍ത്തോമാ ഇടവകകളില്‍ നിന്നും 400 വനിതകള്‍ പങ്കെടുത്തു. ഒക്ടോബര്‍ 10 നു വ്യാഴാഴ്ച നടന്ന ഉത്ഘാടന സമ്മേളനം പ്രൗഢഗംഭീരമായിരുന്നു. അഭിവന്ദ്യ തിരുമേനിമാരും വിശിഷ്ടാതിഥികളും ചേര്‍ന്ന് നിലവിളക്കു കൊളുത്തി, ഭദ്രാസനാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ കോണ്‍ഫറന്‍സ് ഉത്ഘാടനം ചെയ്തു. റവ. ജേക്കബ് പി. തോമസ് സ്വാഗതം ആശംസിച്ചു.
കോണ്‍ഫറന്‍സ് ചിന്താവിഷയത്തെ അധിഷ്ടിതമാക്കി ഈടുറ്റ ലേഖനങ്ങളും, കവിതകളും ചിത്രീകരണങ്ങളും, സന്ദേശങ്ങളും അടങ്ങിയ കോണ്‍ഫറന്‍സ് സുവനീര്‍ വ്യാഴാഴ്ച പ്രകാശനം ചെയ്തു. ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പയില്‍ നിന്നും സുവനീറിന്റെ ആദ്യ പ്രതി അഭിവന്ദ്യ ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ ഏറ്റുവാങ്ങി പ്രകാശനം നിര്‍വഹിച്ചു. സുവനീറിന്റെ പ്രസിദ്ധീകരണത്തിന് സഹകരിച്ച ഏവരോടും ഉള്ള നന്ദി സുവനീര്‍ കണ്‍വീനര്‍ ഷീജ ജോസ് അറിയിച്ചു.
കോണ്‍ഫറന്‍സിന്റെ ആദ്യകാല നേതാക്കളെ ജനറല്‍ കണ്‍വീനര്‍ മറിയാമ്മ തോമസ് പരിചയപ്പെടുത്തി. വിവിധ ഇടവകകളില്‍ നിന്നും കടന്നു വന്ന പ്രതി നിധികളെ രജിസ്‌ട്രേഷന്‍ കണ്‍വീനര്‍ ദീന മാത്യു പരിചയപെടുത്തി.
"Women as Agents of Life" (സ്ത്രീകള്‍ ജീവന്റെ വാഹകര്‍ പുറപ്പാട് 1:17) എന്നുള്ളതായിരുന്നു കോണ്‍ഫറന്‍സിന്റെ പ്രധാന ചിന്താവിഷയം.ജീവന്റെ നിലനില്പിനെതിരെ ഉയരുന്ന വെല്ലുവിളികളും സ്ത്രീകളുടെ പ്രതികരണങ്ങളും വേദപുസ്തകാടിസ്ഥാനത്തില്‍ സവിസ്തരം ചര്‍ച്ച ചെയ്യപ്പെട്ടു. വൈവിധ്യമാര്‍ന്ന പരിപാടികളോടൊപ്പം ടാലെന്റ്‌റ് നൈറ്റ്, സമര്‍പ്പണ ശുശ്രൂഷ തുടങ്ങിയവ കോണ്‍ഫറന്‍സിനു മികവ് നല്‍കി.
ഭദ്രാസനാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ, സേവികാസംഘം പ്രസിഡണ്ടും അടൂര്‍ ഭദ്രാസനാദ്ധ്യക്ഷനുമായ അഭിവന്ദ്യ ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ, ശ്രീമതി ആനി കോശി, ശ്രീമതി നീതി പ്രസാദ്, ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജിയും മലയാളിയുമായ ജൂലി മാത്യു, എം.ഡി. ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്റര്‍ പ്രൊഫസര്‍ ഡോ. ലോന്‍സെറ്റ ന്യൂമാന്‍ എന്നിവര്‍ കോണ്‍ഫറന്‍സിനു വിവിധ സെഷനുകള്‍ക്കു നേതൃത്വം നല്‍കി.
നിരവധി വൈദികശ്രേഷ്ഠരുടെയും ഭദ്രാസന സേവികാസംഘം വൈസ് പ്രസിഡന്റ് റവ. ഷിബി വര്‍ഗീസ്, സെക്രട്ടറി ജോളി ബാബു, ട്രഷറര്‍ സൂസന്‍ ജി. ഫിലിപ്പ്, അസംബ്ലി മെമ്പര്‍ മറിയാമ്മ ഏബ്രഹാം തുടങ്ങിയവരുടെ സാന്നിധ്യവും നേതൃത്വവും കോണ്‍ഫറന്‍സിനെ ധന്യമാക്കി. നാല് ദിവസം നീണ്ടുനിന്ന കോണ്‍ഫറന്‍സ് മികവുറ്റ പ്രഭാഷണങ്ങള്‍ കൊണ്ടും, പഠനക്ലാസ്സുകള്‍ കൊണ്ടും, സജീവമായ ചര്‍ച്ചകള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു. റവ. റോഷന്‍.വി.മാത്യൂസ് സമര്‍പ്പണ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. കോണ്‍ഫറന്‍സ് ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങളാല്‍ കോണ്‍ഫറന്‍സിനെ സജീവമാക്കി.
അമേരിക്കന്‍, മെക്‌സിക്കന്‍, നോര്‍ത്ത് ഇന്ത്യന്‍, കേരള സ്‌റ്റൈല്‍, ബാര്‍ബിക്യൂ തുടങ്ങി വൈവിധ്യവും വിഭവസമൃദ്ധവുമായ ഭക്ഷണമാണ് ഓരോ നേരവും ക്രമീകരിച്ചിരുന്നത്. 'നാസ' ബഹിരാകാശ കേന്ദ്രവും കാണുന്നതിനുള്ള ടൂര്‍ പാക്കേജും ഒരുക്കിയിരുന്നു. ഹൂസ്റ്റണ്‍ 'ഹോബി' എയര്‍പോര്‍ട്ടിനു തൊട്ടടുത്തുള്ള ഹൂസ്റ്റണ്‍ മാരിയറ്റ് സൗത്ത് ഹോട്ടലിലാണ് താമസ സൗകര്യം ഒരുക്കിയിരുന്നത്.
ഒക്ടോബര്‍ 13 ന് ഞായറാഴ്ച രാവിലെ ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനാ ശുഷ്രൂഷയോടു കൂടെ കോണ്‍ഫറന്‍സ് അനുഗ്രഹകരമായി പര്യവസാനിച്ചു. സെക്രട്ടറി ഷെറി റജി നന്ദി രേഖപ്പെടുത്തി.
റവ. ജേക്കബ് പി. തോമസ് (വികാരി) റവ. റോഷന്‍ വി. മാത്യൂസ് (അസി. വികാരി) മറിയാമ്മ തോമസ് (ജന.കണ്‍വീനര്‍) ഷെറി റജി ( സെക്രട്ടറി) ലിസ്സി രാജന്‍ (ട്രഷറര്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
Comments