ജോയിച്ചന്‍ പുതുക്കുളം
ന്യൂജേഴ്‌സി: മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനവും, നമ്മുടെ രാഷ്ട്രത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയായ ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ നൂറ്റിപ്പതിനഞ്ചാം ജന്മദിനവും ഒക്‌ടോബര്‍ ആറാം തീയതി വൈകിട്ട് 6 മണിയോടുകൂടി ന്യൂജേഴ്‌സിയിലെ ഫെയര്‍ ബ്രിഡ്ജ് ഹോട്ടലില്‍ വച്ചു ഭംഗിയായി ആചരിച്ചു.
ദിവംഗതനായ ശാസ്ത്രിയുടെ പ്രിയ പുത്രന്‍ അനില്‍ ശാസ്ത്രി, മുന്‍ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, എ.ഐ.സി.സി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് എന്നിവരുടെ വീഡിയോ സന്ദേശങ്ങളും സദസിനെ കാണിക്കുകയുണ്ടായി. പാര്‍സിപ്പനി മേയര്‍ മൈക്കിള്‍ സോറിയാനോ മുഖ്യാതിഥിയായിരുന്നു. മാസ്റ്റര്‍ ആനന്ദ് രോമ്പള്ളിയുടെ ദേശീയ ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. അതിനുശേഷം ഉയരുന്ന കൊച്ചു കലാകാരികളുടെ നയനാനന്ദകരമായ നൃത്തം കാണികളെ ഹഠാദാകര്‍ഷിച്ചു. അതിനുശേഷം മഹാത്മാഗാന്ധിയുടേയും ലാല്‍ബഹദൂര്‍ ശാസ്ത്രിയുടേയും ജീവചരിത്ര വീഡിയോ പ്രദര്‍ശനവും, ഭജനയും ഉണ്ടായിരുന്നു.
ഐ.ഒ.സി സെക്രട്ടറി രാദേന്ദ്രര്‍ ഡിച്ചിപ്പള്ളി, ന്യൂജേഴ്‌സി ചാപ്റ്റര്‍ പ്രസിഡന്റ് ജയേഷ് പട്ടേല്‍, ചന്ദു പട്ടേല്‍ എന്നിവര്‍ യോഗത്തിനുവേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ്, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ജനറല്‍ സെക്രട്ടറി ഹര്‍ബചന്‍ സിംഗ്, കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട്, വൈസ് പ്രസിഡന്റ് മാലിനി ഷാ, വൈസ് പ്രസിഡന്റ് ജോസ് ജോര്‍ജ്, ഫൊക്കാന കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കോണ്‍ഗ്രസ് നേതാവ് ജിനേഷ് തമ്പി, ഫിലിപ്പ് മാരേട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. മൊഹീന്ദര്‍ സിംഗ് മഹാത്മജിയുടെ മഹത്തായ തത്വങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിനു നല്‍കിയ വലിയ മാതൃക ചൂണ്ടിക്കാട്ടി. അദ്ദേഹം മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സത്യത്തിലും നീതിയിലും അധിഷ്ഠിതമായ ജീവിതത്തെ പ്രശംസിച്ച് സംസാരിച്ചു.
ഹര്‍ബചന്‍സിംഗ് മഹാത്മജിയുടെ അഹിംസയും സത്യഗ്രഹവും വഴി ബ്രിട്ടീഷ് സാമ്രാജ്യത്തെ കീഴടക്കിയതിനെക്കുറിച്ച് സംസാരിച്ചു. ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ "ജയ് ജവാന്‍ ജയ് കിസാന്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിയ പ്രധാനമന്ത്രിയെ പ്രശംസിച്ചു. വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം മഹാത്മജിയുടെ മഹത്തായ വ്യക്തിപ്രഭാവം ഇന്ത്യയെ മാത്രമല്ല ലോകമെമ്പാടും തന്നെ പരിണാമവിധേയമാക്കാന്‍ പര്യാപ്തമായി എന്നു ചൂണ്ടിക്കാട്ടി.
മഹാത്മജിയുടെ ലളിതവും സത്യസന്ധവുമായ ജീവിതം അനന്തര തലമുറകളിലും ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീമതി ലീല മാരേട്ട് പ്രസ്താവിച്ചു.മേയര്‍ മൈക്കിള്‍ സോറിയനോ ലാല്‍ബഹദൂര്‍ ശാസ്ത്രി അവാര്‍ഡ് കേണല്‍ വിരാന്ദര്‍ റ്റവാറ്റിയയ്ക്ക് നല്‍കി ആദരിച്ചു. മഹാത്മാഗാന്ധി സാമുഹ്യ സേവന അവാര്‍ഡുകള്‍ മുകേഷ് കാഷിവാല, രവീന്ദര്‍ തോട്ട, ബാന്ദ്ര ബുട്ടാല എന്നിവര്‍ക്ക് സമ്മാനിക്കുകയുണ്ടായി.
ഏകദേശം നൂറ്റമ്പതില്‍പ്പരം ആളുകള്‍ സംബന്ധിച്ച സമ്മേളനം ലാല്‍ബഹദൂര്‍ ശാസ്ത്രി ഫൗണ്ടേഷനും, ഗാന്ധി ആശ്രമം എഡിസണ്‍ എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്തു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ക്ക് സമാപനം കുറിച്ചു.
Comments