പി.പി.ചെറിയാൻ
കാൻസാസ് : സ്ഖറിയ ജോസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ശനിയാഴ്ച യൂണിവേഴ്സിറ്റി ഓഫ് കാൻസാസ് എഡ്വേർഡ്സ് കാമ്പസിൽ വച്ച് പാടും പാതിരി റവ.ഡോ.പോൾ പൂവത്തിങ്കൽ നയിച്ച സംഗീത വിരുന്ന് ശ്രവണമധുരമായ അനുഭൂതിയായിരുന്നു.
സ്ഖറിയ ജോസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ കോ-ഡയറക്റ്റർ ശ്രീ ഷൈജു ലോനപ്പൻ എല്ലാവരെയും സ്വാഗതം ചെയ്തു.ഈശ്വരപ്രാർത്ഥനയോടു കൂടി ആരംഭിച്ച പരിപാടിയിൽ യു. എസിന്റെയും ഇൻഡ്യയുടെയും ദേശീയഗാനം ആലപിച്ചു.തുടർന്ന് ശ്രീ ഷൈജു ലോനപ്പൻ റവ.ഡോ.പോൾ പൂവത്തിങ്കലിനെ വേദിയിലേക്ക് ക്ഷണിച്ചു.
സംഗീതരാവിന്റെ ആദ്യ 30 മിനിറ്റ് അച്ചൻ നയിച്ച മ്യൂസിക് മെഡിറ്റേഷൻ സംഗീതപ്രേമികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു. തുടർന്ന് കീബോർഡിസ്റ്റ് ശ്രീ ജോൺസൺ സെബാസ്റ്റ്യനോടൊപ്പം അച്ചൻ ക്ളാസിക്കൽ, സെമി ക്ളാസിക്കൽ ഗാനങ്ങൾ ആലപിച്ചു.കർണാടക സംഗീതത്തിൽ ഡോക്റ്ററേറ്റ് നേടിയ അച്ചൻ സംഗീത ചരിത്രത്തെക്കുറിച്ചും സംഗീത പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.അച്ചൻ മലയാളം , ഹിന്ദി, തമിഴ് ചലച്ചിത്രഗാനങ്ങൾ ആലപിച്ചത് മറക്കാനാവാത്ത ശ്രവ്യാനുഭവമായി.ഇൻഡ്യയിലെ ആദ്യത്തെ വോക്കോളജിസ്റ്റായ അച്ചൻ വോക്കോളജിയെക്കുറിച്ചും സംസാരിച്ചു.
കാൻസാസിലെ യുവഗായകരായ അജു ജോൺ, സന്ധ്യ ആദർശ്, നവിൻ ഇരിമ്പൻ, എമ്മാനുവേൽ മാത്യു എന്നിവരും ഗാനങ്ങൾ ആലപിച്ചു.കർണാടിക് മ്യൂസിക് അസോസ്സിയേഷൻ ഓഫ് കാൻസാസ് സിറ്റിയെ പ്രതിനിധീകരിച്ച് ശ്രീമകി ലേഖാ മേനോൻ മെമെന്റോ നൽകി അച്ചനെ ആദരിച്ചു. സ്ഖറിയ ജോസ് മെമ്മോറിയൽ ഫൗണ്ടേഷൻ കമ്മിറ്റി അംഗം ശ്രീ റെമിൽ രാജു നന്ദി അർപ്പിച്ചു. സംഗീത വിരുന്നിനെത്തിയ എല്ലാവർക്കും സ്ഖറിയ ജോസ് മെമ്മോറിയൽ ഫൗണ്ടേഷൻ ലഖുഭക്ഷണം ഒരുക്കിയിരുന്നു.
Comments