ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ചിക്കാഗോയുടെ ഭവന സഹായ പദ്ധതിയുടെ ഉദ്ഘാടനവും, ഓണാഘോഷവും പ്രമുഖ സിനിമാ നടി ആശാ ശരത് സെപ്റ്റംബര്‍ 21-നു മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്തു.
നിര്‍ധനര്‍ക്ക് ഒരു ഭവനമെന്ന് ആശയവുമായി മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ മുന്നോട്ടുവന്നപ്പോള്‍ ഈ പദ്ധതിയുമായി സഹകരിച്ച ചിക്കാഗോയിലെ നല്ലവരായ മലയാളി സമൂഹത്തെ അസോസിയേഷന്‍ നന്ദിയോടെ സ്മരിക്കുന്നു. 510 സ്ക്വയര്‍ഫീറ്റിലുള്ള വാര്‍ക്ക വീടിനു എല്ലാ സൗകര്യങ്ങളോടുകൂടിയ റെയില്‍ ഫ്‌ളോറിംഗ് ചെയ്ത മനോഹരമായ പത്തു വീടുകളാണ് ആദ്യ ഘട്ടത്തില്‍ അസോസിയേഷന്‍ പണിത് നല്‍കുക. 7 ലക്ഷം രൂപയാണ് ഒരു വീടിനു ചെലവു വരിക. ഇനിയും ഈ പദ്ധതിയുമായി സഹകരിച്ച് ഭവന പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേക്കുറ്റുമായി ബന്ധപ്പെടുക ഫോണ്‍: 773 671 9864).
സെപ്റ്റംബര്‍ 21-നു ശനിയാഴ്ച വൈകുന്നേരം നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ സ്വാഗതം ആശംസിച്ച യോഗത്തില്‍ സെക്രട്ടറി റ്റാജു കണ്ടാരപ്പള്ളി എം.സിയായിരുന്നു. നടി ആശാ ശരത് ഉദ്ഘാടന പ്രസംഗം നടത്തി. ക്‌നാനായ വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രഷറര്‍ ബിനു കൈതക്കത്തൊട്ടില്‍ ഭവന പദ്ധതികയെക്കുറിച്ച് വിശദീകരിച്ചു. ജോയിന്റ് സെക്രട്ടറി മഹോഷ് കൃഷ്ണന്‍ യോഗത്തില്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്നു നടന്ന കലാപരിപാടികള്‍ക്ക് ഡോ. സുനിതാ നായര്‍ നേതൃത്വം നല്‍കി.
റ്റാജു കണ്ടാരപ്പള്ളി വാര്‍ത്താകുറിപ്പില്‍ അറിയിച്ചതാണിത്.
Comments