You are Here : Home / USA News

ചിക്കാഗോ സെന്റ് മേരീസ്സില്‍ കൂടാരയോഗതല നടവിളി മത്സരം: സെ.ജൂഡിന് ഒന്നാം സ്ഥാനം.

Text Size  

Story Dated: Tuesday, October 29, 2019 03:04 hrs UTC

 

 
ജോയിച്ചന്‍ പുതുക്കുളം
 
ചിക്കാഗോ: സെന്റ് മേരീസ് ഇടവകയില്‍ ഒക്ടോബര്‍ 27 ന് ദശവത്സരത്തോടനുബന്ധിച്ച് നടത്തിയ  ആവേശോജ്ജ്വലമായി നടവിളി മത്സരത്തില്‍ മത്സരാര്‍ത്ഥികളും ഇടവകസമൂഹവും  വളരെ ഉദ്വേഗത്തോടും ഉത്‌സാഹത്തോടും കൂടി പങ്കു ചേര്‍ന്നു.  മത്സര കമ്മിറ്റി കോഓര്‍ഡിനേറ്റേര്‍ പോള്‍സണ്‍ കുളങ്ങരയും,  ബഹു. ബിന്‍സ് ചേത്തലില്‍ അച്ചന്റേയും നേതൃത്വത്തില്‍ അരങ്ങേറിയ ഈ മത്സരം ഇടവകാംഗങ്ങള്‍ക്ക് ഒരു നവ്യാനുഭവമായി.
 
ഏഴു കൂടാരയോഗങ്ങള്‍ ഇഞ്ചോടിഞ്ചു മാറ്റുരച്ച  മത്സരത്തില്‍ വിധികര്‍ത്താക്കളായത്  ശ്രീ. റ്റോണി പുല്ലാപ്പള്ളി,  ജോയി കുടശ്ശേരില്‍, സിസ്റ്റര്‍.  ജസ്സീന എന്നിവരാണ് .  സെന്റ്. ജൂഡ് കൂടാരയോഗം ഒന്നാ സ്ഥാനവും , സെന്റ്. ജെയിംസ് , സെന്റ്. ആന്റണീസ്  എന്നീ കൂടാരയോഗങ്ങള്‍ രണ്ടാം സ്ഥാനവും  സെന്റ് സേവിയേഴ്‌സ് കൂടാരയോഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരാതന കാലഘട്ടത്തിലെ ശൈശവ വിവാഹം മുതല്‍ ആധുനികതയുടെ പരിവേഷമാര്‍ന്ന ഇന്നത്തെ വിവാഹം വരെ കൂടാരയോഗങ്ങള്‍ വളരെ വ്യത്യസ്തമായി  സ്‌റ്റേജില്‍ അവതരിപ്പിച്ചു.
 
ക്‌നാനായ സമുദായം ഇന്നു നേരിടുന്ന ആനുകാലികമായ  വിഷയങ്ങള്‍ പോലും പങ്കെടുത്ത ഇതര കൂടാരയോഗങ്ങള്‍ വളരെ തന്മയത്വത്തോടെ ഞായറാഴ്ച നടന്ന നടവിളി മത്സരത്തില്‍ ഉള്‍ക്കൊള്ളിച്ചു. കണ്ണിനും കാതിനും വളരെയധികം ഇമ്പമേകിയ  ശബ്ദ രംഗാവിഷ്കാരങ്ങളും പരമ്പരാഗത വേഷവിധാനങ്ങളും മത്സരത്തിന് മോടിയും പ്രൗഡ്ഡിയും നല്കി.  
 
ക്‌നാനായ ആചാരങ്ങളുടെ അര്‍ത്ഥവും പ്രാധാന്യവും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും മനസ്സിലാക്കുവാന്‍ ഈ നടവിളി മത്സരം ഏറെ പ്രയോജനപ്പെട്ടു എന്ന് പ്രേക്ഷകര്‍ വിലയിരുത്തി. നൂറു കണക്കിന് ഇടവകാംഗങ്ങള്‍ പങ്കെടുത്ത ഹൃദ്യമായ ഈ ദൃശ്യ വിരുന്നിന് സെന്റ് മേരീസ് ചര്‍ച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വേണ്ട നേതൃത്വം നല്‍കി.
 
സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.