അന്ധകാരത്തില്‍ നിന്നു പ്രകാശത്തിന്റെ സുതാര്യതയിലേക്ക്, മാനവരാശിയെ കൈപിടിച്ചാനയിക്കുന്ന മഹോത്സവമായ ദീപാവലി രാവില്‍, ചിരാതുകളില്‍ ദീപങ്ങള്‍ തെളിച്ചും, പഠക്കങ്ങള്‍ പൊട്ടിച്ചും, മധുരം വിതരണം ചെയ്തും, ദാണ്ടിയ നൃത്തമാടിയും, അതിവിപുലമായി ദീപാവലി ഉത്സവം ഗീതാമണ്ഡലം തറവാട്ടില്‍ ആഘോഷിച്ചു. പ്രധാന പുരോഹിതന്‍ ശ്രീ ബിജു കൃഷ്ണ സ്വാമിയുടെയും ശ്രീ ആനന്ദ് പ്രഭാകറിന്റെയും നേതൃത്വത്തില്‍, ശ്രീ മഹാഗണപതി പൂജയോടെ ആരംഭിച്ച ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം കാലപുരുഷനായ ശ്രീ മഹാവിഷ്ണുവിനും, സര്‍വ്വ ഐശ്വര്യദായകിയായ ശ്രീ മഹാലക്ഷ്മിക്കും ദീപാവലി വിശേഷാല്‍ പൂജകളും, ശ്രീ സജി പിള്ളയുടെയും, ശ്രീമതി രശ്മി മേനോന്റെയും നേതൃത്വത്തില്‍ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് ഭക്തിനിര്‍ഭരമായ ഭജനയും നടത്തി.
തുടര്‍ന്ന് നിലവിളക്കിലെ ദീപത്തില്‍ നിന്നും പകര്‍ന്ന അഗ്‌നിനാളങ്ങള്‍ കൊണ്ട് ഗീതാമണ്ഡലം കുടുംബത്തിലെ അമ്മമാരും, സഹോദരിമാരും, കുട്ടികളും നൂറിലേറെ ചിരാതുകളില്‍ നന്മയുടെ, ഐശ്വര്യത്തിന്റെ, ജ്ഞാനത്തിന്റെ ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് പ്രതേക ദീപാവലി വിഭവങ്ങളാല്‍ സമൃദ്ധമായ സദ്യക്ക് ശേഷം രാത്രി വൈകുവോളം കുട്ടികളും മുതിര്‍ന്നവരും ഡാണ്ടിയ നൃത്തത്തില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് ,മഴയെ മറികടന്ന് എല്ലാവരും ചേര്‍ന്ന് പൂത്തിരിയും, കമ്പിത്തിരിയും, മത്താപ്പും, ചക്രവും, കളര്‍ കാന്‍ഡിലും കത്തിച്ച് ഈ വര്‍ഷത്തെ ദീപാവലി ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു അനുഭവമാക്കി തീര്‍ത്തു. ഈ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ ശ്രീ ഓമനകുട്ടനും കുടുംബവും ആണ് സ്‌പോണ്‍സര്‍ ചെയ്തത്.
'ഭാരതം എന്നും ജ്ഞാന സൂര്യനെ ആരാധിച്ചിരുന്ന രാഷ്ട്രമാണ്. അജ്ഞാനത്തിനെ ഇരുട്ടായും അറിവിനെ പ്രകാശമായും കരുതിയ സംസ്‌കാരമാണ് ഭാരതത്തിന്റേത് . ഈസംസ്‌കൃതി അല്പം പോലും ചോര്‍ന്നുപോകാതെ അടുത്ത തലമുറക്ക് അനുഭവയോഗ്യമാക്കുക എന്നതാണ് ഓരോസനാതന ധര്‍മ്മപ്രചാരകന്റെയും ധര്‍മ്മം എന്ന് പ്രസിഡന്റ് ശ്രീജയ് ചന്ദ്രനും, ഓരോ ഭാരതീയന്റെയും നിത്യജീവിതത്തോട് വളരെ അധികം താദാത്മ്യപ്പെട്ടിരിക്കുന്ന മഹത്തായ ഉത്സവമാണ് ദീപാവലി എന്നും,, ഈ ഉത്സവം, ഒരേ സമയം മാധുര്യത്തിന്റെയും,ജ്ഞാനത്തിന്റെയും, പ്രകാശത്തിന്റെയും, കൂട്ടായ്മയുടെയും സ്മരണ നമ്മില്‍ ഉണര്‍ത്തുവാന്‍ സഹായിക്കുന്നതിനായി ആണ്, മുന്‍ കാലങ്ങളെക്കാള്‍ മികവാര്‍ന്ന നിലയില്‍ നമ്മുക്ക് ദീപാവലി ആഘോഷിക്കുവാന്‍ കഴിഞ്ഞത് എന്ന് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ശ്രീ പ്രജീഷ് അഭിപ്രായപ്പെട്ടു.
തുടന്ന് ദീപാവലി മഹോത്സവം ഒരു വന്‍ വിജയമാക്കുവാന്‍ പ്രവര്‍ത്തിച്ച എല്ലാ ഗീതാമണ്ഡലം പ്രവര്‍ത്തകര്‍ക്കും, ഉത്സവസത്തില്‍ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങള്‍ക്കും, പൂജകള്‍ക്ക് നേതൃത്വം നല്‍കിയ ശ്രീ ബിജുകൃഷ്ണന്‍ജിക്കും,ദീപാവലി ഉത്സവം സ്‌പോണ്‍സര്‍ ചെയ്ത ശ്രീ ഓമനക്കുട്ടനും കുടുംബത്തിനും ജനറല്‍ സെക്രട്ടറി ബൈജു എസ്. മേനോനും പ്രത്യേകം നന്ദി അറിയിച്ചു.
Comments