മാസ്സച്യുസെറ്റ്സ് ∙ ഒക്ടോബർ ഒന്നിന് അതിരാവിലെ സ്വവസതിയിൽ നിന്നും രണ്ടു പേർ ചേർന്നു തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ പ്രമുഖ ഇന്ത്യൻ അമേരിക്കൻ വ്യവസായി തുഷാർ അത്രയുടെ (50) കൊലയാളികളെകുറിച്ചു വിവരം നൽകുന്നവർക്ക് 25,000 ഡോളർ പ്രതിഫലമായി നൽകുന്നതാണെന്ന് സാന്റാക്രൂസ് കൗണ്ടി ഷെറിഫ് ജിം ഹാർട്ട് പ്രഖ്യാപിച്ചു. നവംബർ 30 വരെയാണ് അവാർഡ് തുകയുടെ കാലാവധിയെന്നും ജിം പറഞ്ഞു.
തുഷാർ വധത്തിനു കാരണക്കാരായ പ്രതികളെ കണ്ടെത്തുന്നതിന് സാധ്യമായതെല്ലാം പൊലീസ് ചെയ്തുവെങ്കിലും ഇതുവരെ ഒരു സൂചനപോലും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നതെന്നും കഴിഞ്ഞ വാരാന്ത്യം പുറത്തുവിട്ട പ്രസ്താവനയിൽ ചീഫ് പറഞ്ഞു.
തുഷാർ താമസിച്ചിരുന്ന കാലിഫോർണിയ, സാന്റാക്രൂസ് കൊട്ടാര സമമായ വീട്ടിൽ നിന്നും കാമുകിയുടെ സാന്നിധ്യത്തിലാണ് രാവിലെ രണ്ടു പേർ കയറിവന്ന് ബലമായി തുഷാറിനെ കാറിൽ കയറ്റി കൊണ്ടുപോയത്. കാമുകിയുടെ ബിഎംഡബ്ല്യു കാറാണ് പ്രതികൾ (മുൻവശത്തു പാർക്ക് ചെയ്തിരുന്നു) ഇതിനായി ഉപയോഗിച്ചത്.
അന്ന് വൈകിട്ട് പത്ത് മൈൽ ദൂരത്തിൽ തുഷാറിന്റെ കൊല്ലപ്പെട്ട മൃതദ്ദേഹം കാറിൽ നിന്നും കണ്ടെടുത്തു. ഈ സംഭവത്തിൽ കാമുകി റെയ്ച്ചൽ എമർലിയെ സംശയിക്കുന്നില്ലെന്ന് സാന്റാക്രൂസ് ഷെറിഫ് ആഷ്ലി പറഞ്ഞു. അത്ര നെറ്റ് സ്ഥാപകനും സിഇഒയുമായ തുഷാർ അടുത്തിടെയാണ് കാനബിസ് ഡിസ്പെൻസറി ആന്റ് ഡെലിവറി സർവീസ് ആരംഭിച്ചത്. വ്യാപാര രംഗത്തെ കിടമത്സരമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നത്.
Comments