ഡാലസ് : ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ) യുടെ 11-മതു ദേശീയ സമ്മേളനം നവംബർ 1, 2, 3 തിയതികളിൽ ഫാർമേഴ്സ് ബ്രാഞ്ചിലുള്ള ഡബിൾ ട്രീ ഹോട്ടലിൽ (11611 Luna Road, Farmers Branch, TX 75234 ) വച്ച് നടത്തപ്പെടും.
ലാന സെക്രട്ടറി ജോസൻ ജോർജിന്റെനേതൃത്വത്തിൽ സമ്മേളന വിജയത്തിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി കഴിഞ്ഞു.
ലാന പ്രസിഡന്റ് ജോൺ മാത്യു, ലാന ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ഓച്ചാലിൽ, ലാന കൺവെൻഷൻ ചെയർമാൻ എബ്രഹാം തെക്കേമുറി,എം. എസ്. ടി. നമ്പൂതിരി മുതലായ പ്രഗത്ഭരായ മുൻ നേതൃത്വത്തിന്റെ ഉപദേശങ്ങളും അഭിപ്രായങ്ങളും യഥാസമയങ്ങളിൽ പ്രയോജനപ്പെടുത്തി ഡാളസ്സിലെ സമാനമനസ്കരായ സാഹിത്യ സ്നേഹികളും കലാകാരന്മാരും തങ്ങളുടെ നിരന്തരമായ സഹകരണത്തിന്റെയും സമർപ്പണത്തിന്റെയും പരിണിത ഫലമായി ഈ ലാന സമ്മേളനം, ഇതിൽ പങ്കെടുക്കുന്ന ഏവർക്കുംഅവിസ്മരണീയമായ ഒരനുഭവമാക്കിമാറ്റും എന്നതിൽ തർക്കമില്ല.
ഈ വർഷത്തെ ലാന സമ്മേളനം ഉൽഘാടനം ചെയ്യാൻ കേരളത്തിൽ നിന്നും എത്തുന്നത് ബഹുമാനപെട്ട മുൻ ഡി. ജി. പി. ശ്രീ. ജേക്കബ് പുന്നൂസ് ആണ്. പ്രഗൽമാനായ പോലീസ് മേധാവി, അനുഭവ സമ്പന്നനായകുറ്റാന്വേഷകൻ,പുരോഗമനചിന്താഗതിക്കാരനായ ഭരണ പരിഷ്കർത്താവ്, പരന്ന വായനയിലൂടെ നിറഞ്ഞ അറിവിന്നുടമ, ഉജ്ജ്വല വാഗ്മി. അതിലെല്ലാമുപരി സഹൃദയനായ സാഹിത്യ സ്നേഹി. ശ്രീ. ജേക്കബ് പുന്നൂസിന്റെ വിശിഷ്ട സാന്നിധ്യം ഡാളസ്സിലെ ലാന സമ്മേളനത്തിന്റെ ഗരിമയും ഗാംഭീര്യവും പതിന്മടങ്ങു വർധിപ്പിക്കും എന്ന് നിസ്സംശയം പറയാം.
നവംബർ ഒന്നാം തീയതി വൈകിട്ട് കൃത്യം ആറു മണിക്ക് ഡി. വിനയചദ്രൻ നഗർ എന്ന് നാമകരണം ചെയ്തിട്ടുള്ള ലാന സമ്മേളന വേദിയിൽ ശ്രീ ജേക്കബ് പുന്നൂസ് ഭദ്രദീപം തെളിയിച്ചു ലാന സമ്മേളനം ഔപചാരികമായി ഉൽഘാടനം നിർവഹിക്കും. തുടർന്നുള്ള രണ്ടു ദിവസങ്ങൾ നോർത്ത് അമേരിക്കയിലും കാനഡയിലും നിന്നും എത്തിച്ചേരുന്ന പ്രഗത്ഭരും പ്രശസ്തരുമായ മലയാള സാഹിത്യ പ്രവർത്തകർ നയിക്കുന്ന ചർച്ചകളും, പഠന ശിബിരങ്ങളും ഉണ്ടായിരിക്കുന്നതാണ്. വെള്ളിയാഴ്ച വൈകിട്ട് ഉൽഘാടന സമ്മേളനത്തിന് ശേഷം Dr. A. P. സുകുമാർ, Dr. N. P. ഷീല, എബ്രഹാം തെക്കേമുറി, തമ്പി ആന്റണി തുടങ്ങി പ്രശസ്തരായ സാഹിത്യകാരൻമാർ നയിക്കുന്ന നോവൽ ചർച്ചകൾ ഉണ്ടായിരിക്കും. തുടർന്ന് ബിന്ദു ടിജി, സന്തോഷ് പാലാ എന്നിവർ നേതൃത്വം നൽകുന്ന 'കാവ്യാമൃതം' എന്ന കവിയരങ്ങിൽ ലാനയിലെ പ്രഗത്ഭരായ കവികൾ തങ്ങളുടെ കവിതകൾ അവതരിപ്പിക്കും.
സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച കെ. കെ. ജോൺസൺ, നിർമല ജോസഫ് എന്നിവർ നയിക്കുന്ന 'ചെറുകഥയുടെ വായനാനുഭവം 'അവതരണവും ചർച്ചയും ഉണ്ടായിരിക്കും. തുടർന്ന് ജെയിംസ് കുരീക്കാട്ടിൽ , അബ്ദുൾ പുന്നയൂർക്കുളം എന്നിവർ അവതരിപ്പിക്കുന്ന പുസ്തക പരിചയം / പുസ്തക പ്രകാശനം നടത്തപ്പെടും.
ഈ വർഷത്തെ ലാന സമ്മേളനത്തിന്റെ മറ്റൊരു പ്രത്യേകത എന്നവകാശപ്പെടാവുന്ന 'ഭാഷയും സംസ്കാരവും ഞാനും ', പുതു തലമുറയിലെ എഴുത്തുകാരെ ഉൾപ്പെടുത്തി ജെയ്ൻ ജോസഫ് , ജയന്ത് കാമിച്ചേരി എന്നിവർ നയിക്കുന്ന സാഹിത്യ ചർച്ചയാണ്. അമേരിക്കയിൽ ബെസ്റ് സെല്ലെർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള നിരവധി ഇംഗ്ലീഷ് നോവലുകളുടെ കർത്താവായ ശ്രീമതി. കിഷൻ പോൾ, അറിയപ്പെടുന്ന യുവ എഴുത്തുകാരി ആരതി വാരിയർ, യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ( ഓസ്റ്റിൻ) മലയാളം അധ്യാപികയായ ശ്രീമതി. Dr. ദർശന എസ്. മനയത്തു തുടങ്ങിയ പ്രഗത്ഭ വ്യക്തികൾ പ്രസ്തുത യോഗത്തിൽ പങ്കെടുത്തു സംസാരിക്കുന്നതാണ്.
തുടർന്ന് നടക്കുന്ന മാധ്യമ സമ്മേളനത്തിൽ 'മലയാളികളുടെ ദൈനംദിന ജീവിതത്തിൽ മാധ്യമങ്ങളുടെ സ്ഥാനം' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഗത്ഭരായ മാധ്യമ പ്രവർത്തകർ പ്രേക്ഷകരോട് സംവദിക്കുന്നതാണ്. പ്രശസ്ത മാധ്യമ പ്രവർത്തകനും, സംഘാടകനും ഭാഷാസ്നേഹിയുമായ ശ്രീ. ജെ. മാത്യൂസ് മാധ്യമ ചർച്ചകളുടെ ചുക്കാൻ പിടിക്കുന്നതായിരിക്കും. മണ്മറഞ്ഞ പ്രശസ്ത കവിയും തത്വചിന്തകനുമായ ഡി. വിനയചന്ദ്രന്റെ സ്നേഹസ്മരണാര്ഥം ഈ ലാന സമ്മേളന വേദിയെ 'ഡി. വിനയചന്ദ്രൻ നഗർ ' എന്ന്നാ മകരണം ചെയ്തിരിക്കുന്നു. പ്രഗത്ഭനായ അധ്യാപകനും, നിസ്വാർത്ഥനായ മനുഷ്യസ്നേഹിയും ആയിരുന്ന ശ്രീ. വിനയചന്ദ്രൻ, ലാനയുടെ മുൻകാല സമ്മേളങ്ങളിൽ
പങ്കെടുക്കുകയും തുടർന്നുള്ള കാലങ്ങളിൽ ലാനയുടെ ഉറ്റ സുഹൃത്തും, ഉപദേഷ്ടാവും അഭ്യുധേയകാംക്ഷിയും ആയിരുന്നു എന്ന വസ്തുത നന്ദിയോടെ സ്മരിക്കുന്നു. ഡി. വിനയചന്ദ്രൻ സ്മാരക പ്രഭാഷണം ഡോക്ടർ എം. വി. പിള്ള നിർവഹിക്കും.
തിരഞ്ഞെടുക്കപ്പെട്ട കൃതികൾക്കുള്ള ലാന അവാർഡുകൾ വിതരണം ചെയ്യുന്നതോടൊപ്പം 'ഭാഷക്കൊരു വാക്ക് ' സമർപ്പിച്ചവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പുതിയ വാക്കുകൾ വേദിയിൽ വിളംബരം ചെയ്യുന്നതാണ്.
ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ലാനയുടെ സമാപന സമ്മേളനത്തിനു ശേഷം 'കേരള പിറവി ' ആഘോഷിക്കുന്നതാണ്. കേരളീയ വേഷവിധാനത്തിൽ എത്തിച്ചേരുന്ന സുന്ദരികളിൽ നിന്നും 'മലയാളി മങ്ക'യെ തിരഞ്ഞെടുക്കും. സാംസ്കാരിക സമ്മേളനത്തിനു ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറും.
ഞായറാഴ്ച രാവിലെ ലാനയുടെ പ്രതിനിധി സമ്മേളനവും തുടർന്ന് ലാനയുടെ അടുത്ത ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതും ആയിരിക്കും. ഉച്ച ഊണിനു ശേഷം കേരള മുൻ ഡി. ജി. പി. ജേക്കബ് പുന്നൂസുമായി സമകാലിക സാമൂഹ്യ സാംസ്കാരിക വിഷയങ്ങളെ മുൻനിർത്തി ഒരു സമഗ്ര ചർച്ചയ്ക്കും ലാന വേദിയൊരുക്കും.
ഡാലസിൽ നടക്കുന്ന ലാന സമ്മേളനത്തിന്റെ സമഗ്ര വിജയത്തിനായി ലാനയുടെ എല്ലാ അഭ്യുധേയകാംക്ഷികളെയും ഭാഷാസ്നേഹികളെയും സ്നേഹാദരപൂർവ്വം സ്വാഗതം ചെയ്യുന്നതായി ലാന ഭാരവാഹികൾ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴെപറയുന്ന ലാന ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.
ജോൺ മാത്യു ( ലാന പ്രസിഡണ്ട് ) - 281-815-5899 , ജോസൻ ജോർജ് (ലാന സെക്രട്ടറി ) - 469-767-3208.
ജോസ് ഓച്ചാലിൽ (ലാന ട്രസ്റ്റി ബോർഡ് ചെയർമാൻ ) - 469-363-5642., എബ്രഹാം തെക്കേമുറി (ലാന കൺവെൻഷൻ ചെയർ പേഴ്സൺ ) - 469-222-5521.
Comments