(രാജു ശങ്കരത്തിൽ, ഫോമാ ന്യൂസ് ടീം)
ഫിലാഡൽഫിയ: ശ്രുതി ലയ താള നടന സമന്വയങ്ങളുടെ ഒത്തുചേരലായ ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയന് യുവജനോത്സവ മാമാങ്കം ഉത്സവ പ്രതീതിയിൽ ഫിലാഡൽഫിയായിൽ പൂർവാധികം ഭംഗിയായി അരങ്ങേറി. ഇരുപത്തിയൊന്ന് വ്യത്യസ്ത മത്സര വിഭാഗങ്ങളിൽ നൂറ്റിയൻപതോളം മത്സരാർത്ഥികൾ പങ്കെടുത്ത വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ, കലാതിലകമായി സ്നേഹാ ഏലിയാസും, ജൂനിയർ കലാതിലകമായി ഹന്നാ ആന്റോ പണിക്കരും തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 19 -ന് ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍വച്ച് വന്‍ ജനാവലിയുടെയും മത്സരാര്‍ത്ഥികളുടെയും, അധ്യാപകരുടെയും, വിധികര്‍ത്താക്കളുടെയും സാന്നിധ്യത്തില്‍ ഫിലാഡല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനും മികച്ച അഭിഭാഷകനുമായ അഡ്വക്കേറ്റ് ജോസ് കുന്നേലും, 2018 -ലെകേരളാ സ്റ്റേറ്റ് ബെസ്റ്റ് ചൈൽഡ് ആര്‍ട്ടിസ്ററ് അവാര്‍ഡ് ജേതാവായ റിഥുന് ഗുജ്ജായും ഒത്തുചേര്‍ന്നാണ് ഉത്സവ മാമാങ്കത്തിന് തിരി തെളിയിച്ചത്.
മത്സരാര്‍ത്ഥികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെക്കാളും വളരെ കൂടുതല്‍ ആയതിനാല്‍ 4 വേദികളിലായാണ് മത്സര ഇനങ്ങള്‍ നടന്നത്. വിജയ പ്രതീക്ഷയില്‍ വളരെ ആവേശത്തോടെ അരങ്ങേറിയ എല്ലാ മത്സരങ്ങളും ഒന്നിനൊന്നു മികച്ചവയും ഉന്നത നിലവാരം പുലര്‍ത്തുന്നവയും ആയിരുന്നു. കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പ്രഗത്ഭരായ വിധികര്‍ത്താക്കള്‍ എല്ലാവേദികളിലും വളരെ സൂഷ്മതയോടെ വിധിനിര്‍ണ്ണയം നടത്തി. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ, വൈകിട്ട് നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രശസ്ത മലയാള സിനിമാ പിന്നണി ഗായകൻ ശ്രീ. എം.ജി. ശ്രീകുമാർ ആയിരുന്നു മുഖ്യാഥിതി. മത്സരാർത്ഥികളെയും, അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും, വൻ ജനാവലിയെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കലാതിലകത്തെയും, ജൂനിയർ കലാതിലകത്തെയും പ്രഖ്യാപിച്ചപ്പോൾ കരഘോഷങ്ങളാലും ആർപ്പുവിളികളാലും സദസ്സ് ഇളകിമറിഞ്ഞു. തുടർന്ന്, കലാതിലകത്തിനും ജൂനിയർ കലാതിലകത്തിനും എം.ജി, ശ്രീകുമാർ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
യുവജനോത്സവത്തിന്റെ വൻ വിജയത്തിനായി അണിയറയിൽ പ്രവർത്തിച്ച ആർട്ട്സ് ചെയർമാൻ തോമസ് ഏബ്രാഹാം, യൂത്ത് ഫെസ്റ്റിവൽ അഡ്വൈസറി ചെയർമാൻ സാബു സ്കറിയാ, ഷെഡ്യൂളിംഗ് ചെർപേഴ്സൺ ശ്രീദേവി അജിത്കുമാർ, റൂൾസ് ആൻഡ് റെഗുലേഷൻ ചെയർപേഴ്സൺ സിറിയക്ക് കുര്യൻ, ടെക്നിക്കൽ ആൻഡ് ലോജിസ്റ്റിക് ചെർപേഴ്സൺ ഹരികുമാർ രാജൻ എന്നിവർക്കും ശ്രീ എം .ജി , ശ്രീകുമാർ അവാർഡുകൾ സമ്മാനിച്ചു. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, സെക്രട്ടറി ജോസ് ഏബ്രാഹാം, ട്രഷറാർ ഷിനു ജോസഫ്, ഫോമാ നാഷണൽ കമ്മറ്റി മെംബേഴ്സ് എന്നിവരോടൊപ്പം റീജിയന്റെ പരിധിയിലുള്ള മറ്റ് അസോസിയേഷനുകളുടെ പ്രസിഡന്റുമാരും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
കൃത്യ സമയത്ത് തുടങ്ങിയ മത്സരങ്ങള്‍ കൃത്യ സമയത്തിനുള്ളില്‍ വിജയകരമായി പൂര്‍ത്തീകരിക്കുവാനായി റീജിയണ്‍ വൈസ് പ്രസിഡന്റ് ബോബിതോമസ്, സെക്രട്ടറി തോമസ് ചാണ്ടി, ആര്‍ട്ട്സ് ചെയര്മാന് തോമസ് ഏബ്രാഹാം, ട്രഷറാര്‍ ജോസഫ് സക്കറിയാ, പി.ആര്. ഓ. രാജു ശങ്കരത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘാടകരും നിരവധി വോളന്റിയേഴ്സും സജീവമായി പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാർ സിംഗർ ഫെയിം വില്യം ഐസക്ക്, പ്രവീൺ രാജ്, ശ്രീദേവീ അജിത് കുമാർ, സാന്ദ്രാ ഏലിയാസ് എന്നിവരുടെ ഗാനങ്ങളും ഹന്നാ ആന്റോ പണിക്കരുടെ ഡാൻസും ഗ്രാന്റ് ഫിനാലെയുടെ ഹൈലൈറ്റ് ആയിരുന്നു.
Comments