ഹൂസ്റ്റണ്‍: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ 2019-2020ലെ ഭാരവാഹികള്‍ ചുമതലയേറ്റു. ഒക്ടോബര്‍ 29 നു ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ കൂടിയ പൊതുയോഗത്തില്‍ പ്രസിഡണ്ട് റവ.ഐസക്.ബി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്ക, അടൂര്കടമ്പനാട് ഭദ്രാസനങ്ങളുടെ മെത്രാപോലിത്ത അഭിവന്ദ്യ ഡോ.സക്കറിയാസ് മാര്‍ അപ്രേം മെത്രാപോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തി. യേശുക്രിസ്തുവിന്റെ ജീവിതവും ശൈലിയും ജീവിതത്തില്‍ ഉള്‍ക്കൊണ്ട് ലോകത്തില്‍ പ്രകാശം പരത്തുവാന്‍ ദൈവിക ദര്‍ശനത്തോടെ ജീവിക്കുവാന്‍ നമുക്ക് കഴിയണം. നാം ആയിരിക്കുന്ന സമൂഹത്തില്‍ ലഭിച്ച ദൈവകൃപ നഷ്ടപ്പെടുത്താതെ, സമൂഹത്തെ രൂപാന്തരപ്പെടുത്തിയെടുക്കുവാന്‍ ഉള്ള വലിയ ഉത്തരവാദിത്വം നാം ഏറ്റെടുക്കണമെന്ന് മെത്രാപോലിത്ത ഉത്ബോധിപ്പിച്ചു. പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കും ചുമതലക്കാര്‍ക്കും എല്ലാ ഭാവുകങ്ങളും തിരുമേനി ആശംസിച്ചു.
ഡിസംബര്‍ 25നു ശനിയാഴ്ച വൈകുന്നേരം സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തും. നേറ്റിവിറ്റി സ്റ്റേജ് ഷോ, ക്രിക്കറ്റ്, ബാസ്കറ്റ്ബോള്‍, വോളിബോള്‍, സോക്കര്‍ ടൂര്‍ണമെന്റുകള്‍, എക്യൂമെനിക്കല്‍ ബൈബിള്‍ കണ്വെന്ഷന്, എക്യൂമെനിക്കല്‍ ബൈബിള്‍ ക്വിസ്, പ്രാര്‍ത്ഥനാ വാരം, യൂത്ത് റിട്രീറ്റ് എന്നിവ നടത്തുന്നത്തിനു പൊതുയോഗം അംഗീകാരം നല്കി.
മെത്രാപോലിത്ത തിരുമേനിയെ റവ.ഐസക് പ്രകാശ് പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് റവ. ജേക്കബ് പി. തോമസ് തിരുമേനിക്ക് പ്രത്യേക നന്ദി അറിയിച്ചു.
സെക്രട്ടറി എബി.കെ.മാത്യു സ്വാഗതവും ട്രഷറര്‍ രാജന് തോമസ് കൃതജ്ഞതയും അറിയിച്ചു.
പിആര്‍ഓ റോബിന് ഫിലിപ്പ് അറിയിച്ചതാണിത്,
Comments