ഹൂസ്റ്റണ്‍: അമേരിക്കയിലുള്ള മലയാളി അസോസിയേഷനുകളില്‍ ഏറ്റവും വലിയ ഒരു സംഘടനയാണ് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്). ഹൂസ്റ്റണിലും അതിന്റെ പ്രാന്ത പ്രദേശത്തുള്ള സിറ്റികളായ ഷുഗര്‍ലാന്‍ഡ്, സ്റ്റാഫോര്‍ഡ്, മിസോറി സിറ്റി, പെയര്‍ലാന്‍ഡ്, പാസഡീന എന്നീ സിറ്റികളില്‍ താമസിക്കുന്ന മലയാളികള്‍ ഇതിലെ അംഗങ്ങളാണ്. ഏകദേശം 1500 കുടുംബങ്ങള്‍ മാഗില്‍ മെമ്പര്‍ഷിപ്പ് എടുത്തിട്ടുണ്ട്. പതിനയ്യായിരം മലയാളി കുടുംബങ്ങള്‍ മേല്‍പ്പറഞ്ഞ സിറ്റികളിലായി താമസിക്കുന്നതായി കരുതുന്നു. അവര്‍ക്ക് എല്ലാവര്‍ക്കുമായി മാഗ് എന്ന ഏക സംഘടനയേ ഉള്ളുവെങ്കിലും പാസഡീന, പെയര്‍ലാന്‍ഡ്, സ്റ്റാഫോര്‍ഡ് മുതലായ സിറ്റികളില്‍ വേറെ മലയാളി അസോസിയേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മാഗില്‍ 2019-ലെ ഇലക്ഷനില്‍ എതിര്‍ സ്ഥാനാര്‍ത്ഥികളെ കൂടാതെയാണ് പ്രസിഡന്റിനേയും മറ്റ് ബോര്‍ഡ് അംഗങ്ങളേയും തെരഞ്ഞെടുത്തത്. അടുത്ത വര്‍ഷവും (2020) തെരഞ്ഞെടുപ്പ് ഒഴിവാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മാഗില്‍ ഏകാധിപത്യ പ്രവണത കടന്നുകൂടിയതായി അംഗങ്ങള്‍ക്ക് ബോധ്യപ്പെട്ടുതുടങ്ങി. ഒരാള്‍ക്ക് മാത്രമേ കാര്യങ്ങള്‍ പ്രധാനമായും തീരുമാനിക്കാന്‍ സാധിക്കുകയുള്ളൂ എന്ന ചിന്താഗതി ഉടലെടുത്തു. അതിനു ഒരു മാറ്റമുണ്ടാകേണ്ടത് അമേരിക്കയെപ്പോലുള്ള ജനാധിപത്യ രാജ്യത്തിനു ആവശ്യമാണ്.
അടുത്ത വര്‍ഷത്തേക്കുള്ള ഡിസംബറില്‍ നടക്കുന്ന മാഗിന്റെ ഇലക്ഷന്‍ ഏകാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നവരും,, ജനാധിപത്യത്തെ ഇഷ്ടപ്പെടുന്നവരും തമ്മിലാണ്. ജനാധിപത്യത്തെ ഇഷ്ടപ്പെടുന്നവരുടെ പ്രസ്താവന താഴെ കൊടുക്കുന്നു.
ചരിത്രം രചിക്കുക എന്നത് ഓരോകാലത്തും പിറവിയെടുക്കുന്ന മനുഷ്യവംശത്തിന്റെ നിയോഗമാണ്. ഒരു ചരിത്രവും തിരുത്തിക്കുറിക്കാതിരുന്നിട്ടില്ല. ആത്മാഭിമാനമുള്ള ജനത ഒന്നിച്ച് ഒരേ മനസോടെ കൈകോര്‍ത്താല്‍ തീരുന്ന ഭരണമേധാവിത്വമേ ജനാധിപത്യ സംവിധാനത്തില്‍ ഇന്നുള്ളൂ. എന്നെ ഭരിക്കണം, ഞാന്‍ നിന്നാല്‍ ഭരിക്കപ്പെടണം എന്ന അടിമബോധമല്ല രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സര്‍വ്വോപരി സ്വാതന്ത്ര്യബോധമുള്ള മലയാളി സമൂഹം പേറേണ്ടത്. ഞാന്‍ നിശ്ചയിക്കും ആര് ഭരിക്കണം എന്നുള്ളത് ശരിയായ കാര്യമല്ല. എന്റെ അവകാശമാണ് ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന വോട്ട്. അത് എന്റെ അഭിമാനവും, അവകാശവും സംരക്ഷിക്കാനുള്ളതാണ്; അല്ലാതെ മുകളില്‍ കയറി ഇരുന്ന് എന്നെ അടക്കിഭരിക്കാം, എന്റെ ആത്മാഭിമാനത്തെ പരിഹസിക്കാം എന്നു കരുതുന്നത് ജനാധിപത്യത്തെ തലകീഴായി മറിക്കുന്ന ഏര്‍പ്പാടാണ്. മാഗ് നമ്മള്‍ ഓരോ അംഗങ്ങളുടേയും അവകാശമാണ്. അല്ലാതെ ആരുടേയും ഔദാര്യമല്ല. മറിച്ചു പറയുന്നതും കരുതുന്നതും ജനാധിപത്യവിരുദ്ധ പ്രവണതയാണ്. നിശ്ചയമായും നമ്മള്‍ ചരിത്രം തിരുത്തികുറിക്കുകതന്നെ ചെയ്യും. അത് വരും തലമുറയ്ക്ക് അഭിമാനത്തോടെ കയറിവരാന്‍ പറ്റുന്ന വെളിച്ചത്തിന്റെ വലിയ പാതയായി നിലനിര്‍ത്തുകയും ചെയ്യും.
മാഗിന്റെ കരോള്‍ പിരിവിന്റെ ഇടയില്‍ 2020-ലേക്കുള്ള ഇലക്ഷന്‍ സ്ഥാനാര്‍ത്ഥിത്വം മൂലമുള്ള വേക്കേറ്റത്തിനും അസഭ്യവര്‍ഷത്തിനും ശേഷം മാഗിന്റെ ഈവര്‍ഷത്തെ പി.ആര്‍.ഒ പ്രമോദ് റാന്നി മര്‍ദ്ദനമേറ്റതിന്റെ ഫലമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. ഇത് ഏകാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ സ്വഭാവം വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്.
അടുത്ത വര്‍ഷത്തേക്കുള്ള മാഗിന്റെ ഇലക്ഷന്‍ സ്റ്റാഫോര്‍ഡിലുള്ള കേരള ഹൗസില്‍ ഡിസംബര്‍ 7-നു ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6-നു അവസാനിക്കുന്നതാണ്. ജനാധിപത്യത്തെ ഇഷ്ടപ്പെടുന്നവര്‍ നിങ്ങളുടെ വോട്ട് അനുയോജ്യരായ വ്യക്തികള്‍ക്ക് നല്‍കണമെന്ന് അപേക്ഷിക്കുന്നു. ഈ ലേഖകനും ജനാധാപത്യത്തെ ഇഷ്ടപ്പെടുന്നവരുടെ ടീമില്‍ ഉള്‍പ്പെട്ടുകൊണ്ട് മാഗിന്റെ ബോര്‍ഡിലേക്ക് മത്സരിക്കുന്നു.
Comments