ടെന്നസി: നാഷ്വില്ലിലുള്ള ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്ന് രക്ഷപ്പെട്ട നാല് കൗമാരക്കാരില്‍ രണ്ടു പേര് കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായവരാണെന്ന് പോലീസ്.
ശനിയാഴ്ച രാത്രിയാണ് നാഷ്വില്ലിലെ ഡേവിഡ്സണ് കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്ന് നാലു പേരും രക്ഷപ്പെട്ടത്. ഇവരെ കണ്ടെത്താന്‍ മെട്രോ നാഷ്വില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നാലുപേരെയും അപകടകാരികളായി കണക്കാക്കുന്നുവെന്നും, രക്ഷപ്പെട്ടവരെ കണ്ടാല്‍ ഉടന്‍ തന്നെ പ്രാദേശിക അധികാരികളെ വിവരമറിയിക്കണമെന്നും പോലീസ് പറഞ്ഞു.
ഡെകോറിയസ് റൈറ്റ് (16), മോറിസ് മാര്‍ഷ് (17), ബ്രാന്‍ഡന്‍ കാരൂതേഴ്സ് (17), കാള്‍വിന്‍ ഹൊവ്സ് (15) എന്നിവരാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ട കൗമാരക്കാര്‍. ശനിയാഴ്ച രാത്രി ഏകദേശം 9:45ന് ഇവര്‍ അവസാനമായി സൗത്ത് രണ്ടാം സ്ട്രീറ്റില്‍ ജെഫേഴ്സണ്‍ സ്ട്രീറ്റിലേക്ക് ഓടി രക്ഷപ്പെടുന്നത് കണ്ടവരുണ്ടെന്ന് പോലീസ് പറഞ്ഞു.
ജയിലിനകത്ത് ഇവരെ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥന്റെ കണ്ണുവെട്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് ജയില്‍ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. ഇവര്‍ രക്ഷപ്പെട്ട വിവരം പോലീസിനെ അറിയിച്ചപ്പോള്‍ 35 മിനിറ്റെങ്കിലും കഴിഞ്ഞതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇവര്‍ ജോലി ചെയ്യുന്ന സമയം നിരീക്ഷണം നടത്തിയിരുന്ന ഉദ്യോഗസ്ഥന് ജയിലിന്റെ മറ്റൊരു ഭാഗത്ത് ജയില്‍പുള്ളികള്‍ തമ്മില്‍ അടിപിടിയുണ്ടാക്കുന്നതറിഞ്ഞ് അങ്ങോട്ട് പോയപ്പോഴാണ് നാലുപേരും രക്ഷപ്പെട്ടതെന്ന് പറയുന്നു. നാലുപേരും ലിഫ്റ്റില്‍ കയറി താഴത്തെ നിലയിലേക്ക് പോയി അവിടെ നിന്നാണ് പുറത്തേക്ക് രക്ഷപ്പെട്ടതെന്ന് ജയില്‍ വക്താവ് പറഞ്ഞു.
കൊലപാതകം, തോക്ക് കെവശം വയ്ക്കല്‍, വാഹന മോഷണം എന്നിവ ഉള്‍പ്പെടെ ഗുരുതരമായ കുറ്റങ്ങളാണ് നാലുപേരും നേരിടുന്നത്.
24 കാരനായ നാഷ്വില്ലിലെ സംഗീതജ്ഞന് കെയ്ല്‍ യോര്‍ലെറ്റിനെ കൊലപ്പെടുത്തിയ കേസിലാണ് നാലു പേരും അറസ്റ്റിലായത്.
ഫെബ്രുവരി 7 ന് ഇവര്‍ ഒരു മോഷ്ടിച്ച വാഹനവുമായി പോകുമ്പോഴാണ് നാഷ്വില്‍ ടോര്‍ബെറ്റ് സ്ട്രീറ്റിലെ 3200 ബ്ലോക്കില്‍ യോര്‍ലെറ്റ് വീടിന് പുറത്ത് നില്‍ക്കുന്നത് കണ്ടത്. വാഹനം നിര്‍ത്തി യോര്‍ലെറ്റിനെ ആക്രമിക്കുകയും വാലറ്റ് പിടിച്ചു വാങ്ങുകയും ചെയ്തു. പിന്നീട് കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാതിരുന്നതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സമര്‍പ്പിച്ച ആരോപണത്തില്‍ പറയുന്നു. പടിഞ്ഞാറന്‍ നാഷ്വില്ലിലെ ഷാര്‍ലറ്റ് പൈക്ക് വാള്‍മാര്‍ട്ടില്‍ വെച്ചാണ് ഇവരെ പിന്നീട് അറസ്റ്റു ചെയ്തത്. മോഷ്ടിച്ച രണ്ട് പിസ്റ്റളുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു. ഡെകോറിയസ് റൈറ്റ് (16) ആണ് യോര്‍ലെറ്റിനെ വെടിവെച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ഏപ്രില്‍ 8 ന് 19 കാരിയായ ചാര്‍ലി ഈസ്ലിയെ കൊലപ്പെടുത്തിയ കേസില്‍ മോറിസ് മാര്‍ഷിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ലെമോണ്ട് െ്രെഡവ് പോയിന്റ് ബ്രീസ് അപ്പാര്‍ട്ട്മെന്റിലെ വീട്ടില്‍ നിരവധി വെടിയേറ്റ മുറിവുകളുമായാണ് ഈസ്ലിയെ കണ്ടെത്തിയതെന്ന് പോലീസ്. ഡെവിയോണ്‍ ജോര്ഡന് എന്ന പതിനേഴുകാരനും ഈ കേസില്‍ കൂട്ടുപ്രതിയാണ്.
ബ്രാന്‍ഡന്‍ കാരൂതേഴ്സ് സൗത്ത് നാഷ്വില്ലില്‍ 2018 ആഗസ്റ്റില്‍ നടന്ന ഒരു സായുധ കവര്‍ച്ചാ കേസില്‍ പ്രതിയാണ്.
വാഹന മോഷണം, തോക്ക് കെവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി നവംബര്‍ 21നാണ് കാള്‍വിന്‍ ഹൊവ്സിനെ അറസ്റ്റു ചെയ്തത്.
ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ മെട്രോ നാഷ്വില്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ എമര്‍ജന്‍സി കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ 615 862 8600 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
Comments