പി.പി.ചെറിയാൻ
മിഷിഗൺ∙ ഫാമിലി ഡോളറിലെത്തിയ നാലു പേരിൽ മാസ്ക്ക് ധരിക്കാതിരുന്ന കുട്ടിയെ അകത്തു പ്രവേശിപ്പിക്കുകയില്ലെന്ന് പറഞ്ഞ
സ്റ്റോറിലെ സെക്യൂരിറ്റി ഗാർഡ് വെടിയേറ്റു മരിച്ചു. ഇതുമായി ബന്ധപ്പെട്ടു മൂന്നപേർക്കെതിരെ പോലീസ് കൊലപാതകത്തിന് കേസ്സെടുത്തു. മിഷിഗൺ ഫ്ലിന്റിലാണ് സംഭവം.
മെയ് 1ന് ഫ്ലിന്റ് സൗത്ത് ടൗണിലുള്ള ഫാമിലി ഡോളറിൽ ഷോപ്പിങ്ങിനാണ് മാതാപിതാക്കളോടും മുതിർന്ന സഹോദരനോടും ഒപ്പം കുട്ടിയും എത്തിയത്. മൂന്നുപേർ മാസ്ക്ക് ധരിച്ചിരുന്നുവെങ്കിലും കുട്ടി മാസ്ക്ക് ധരിച്ചിരുന്നില്ല. മാസ്ക്ക് ധരിക്കാതെ കുട്ടിയെ അകത്തു പ്രവേശിപ്പിക്കുകയില്ലെന്ന് സെക്യൂരിറ്റി ഗാർഡ് ശഠിച്ചു. തുടർന്ന് ഇവർ തമ്മിൽ തർക്കം ഉണ്ടായി.
ലാറി ടീഗ് (44) ഭാര്യ ഷർമിൽ ടീഗ് (45) മകൻ റമോണിയ ബിഷപ്പ് (22) ഇവരിൽ മകൻ ബിഷപ്പാണ് സെക്യൂരിറ്റി ഗാർഡ് ഗാർഡ് കാൽവിൻ മുനെർലിനെതിരെ നിറയൊഴിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വെടിയേറ്റ കാൽവിൻ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. തലക്കു പുറകിലാണ് ഇയ്യാൾക്ക് വെടിയേറ്റത്. മൂന്നു പേർക്കെതിരെ കൊലകുറ്റത്തിനു കേസ്സെടുത്തിട്ടുണ്ടെങ്കിലും ഷർമിൽ ടീഗിനെ മാത്രമേ അറസ്റ്റു ചെയ്തിട്ടുള്ളൂ. ഇവരുടെ ഭർത്താവും മകനും ഒളിവിലാണ്. ഇവർക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. കാൽവിന്റെ മരണത്തിൽ മിഷിഗൺ ഗവർണർ വിറ്റ്മർ അനുശോചനം അറിയിച്ചു.
Comments