തൃശൂര്‍: പ്രശസ്‌ത കവിയും കഥാകൃത്തുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന് പ്രവാസി മലയാളം എഴുത്തുകാര്‍ക്കുള്ള പുരസ്‌കാരം നല്‍കി കാവ്യകൗമുദി ആദരിച്ചു. തൃശൂര്‍ കരിഷ്‌മ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് ശ്രീ ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ കാവ്യകൗമുദിയുടെ പുരസ്‌കാരവും പ്രശസ്‌തി പത്രവും സമ്മാനിച്ചു. ദീര്‍ഘകാലമായി അമേരിക്കയില്‍ ജീവിച്ചുകൊണ്ട് മലയാള ഭാഷയ്‌ക്കായി പലവിധത്തിലുള്ള സേവനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് അബ്ദുള്‍ പുന്നയൂര്‍ക്കുളമെന്ന് ശൂരനാട് രവി അഭിപ്രായപ്പെട്ടു. കേരള സാഹിത്യ അക്കാദമിക്കുവേണ്ടി ശൂരനാട് രവി എഴുതിയ `തഞ്ചാവൂരിലെ താരാട്ടുപാട്ടുകള്‍' എന്ന ഗവേഷണ ഗ്രന്ഥം ശ്രീ സി.കെ. ആനന്ദന്‍ പിള്ള പ്രകാശനം ചെയ്‌തു. ദീപിക ലേഖകന്‍ ജോസ് പുന്നയൂര്‍ക്കുളം പ്രസംഗിച്ചു. കാവ്യകൗമുദി സാഹിത്യ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ നല്ലില ഗോപിനാഥ് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സ്വന്തം കവിത അവതരിപ്പിച്ചു. കാവ്യകൗമുദി സംസ്ഥാന ജനറല്‍ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്‌ണന്‍ നായര്‍ നന്ദി പ്രകാശിപ്പിച്ചു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ പ്രശസ്‌ത എഴുത്തുകാരനാണ് അബ്ദുള്‍ പുന്നയൂര്‍ക്കുളം. അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളില്‍ കവിതയും കഥയുമെഴുതിക്കൊണ്ടിരിക്കുന്ന അദ്ദേഹം നിരവധി പുരസ്‌ക്കാരങ്ങള്‍ക്കുടമയാണ്. മിലന്‍, ലാന, മാം തുടങ്ങിയ മലയാളി സംഘടനകളുടെ നേതൃസ്ഥാനങ്ങളേറ്റെടുത്ത് പ്രവര്‍ത്തിച്ചുവരുന്നു. മലയാളി ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റാണ് അദ്ദേഹം. മലയാള ഭാഷയ്‌ക്കുവേണ്ടി അദ്ദേഹം വിദേശരാജ്യങ്ങളില്‍ നടത്തിവരുന്ന മഹത്തായ സേവനങ്ങള്‍ പരിഗണിച്ചാണ് കാവ്യകൗമുദി സാഹിത്യസമിതി അദ്ദേഹത്തെ ആദരിച്ചത്.
Comments