വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ നിലവിലുള്ള ഇമിഗ്രേഷന്‍ നിയമങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കിക്കൊണ്ട് കാലാനുസൃതമായ മാറ്റം കൊണ്ടുവരാന്‍ സെനറ്റ് പ്രതിനിധികള്‍ ശ്രമിക്കണമെന്ന് ഫോമാ വൈസ് പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ് വാഷിംഗ്‌ടണില്‍ ആവശ്യപ്പെട്ടു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്റെ (എന്‍.എഫ്.ഐ.എ) ആഭിമുഖ്യത്തില്‍ വൈറ്റ് ഹൗസില്‍ വെച്ച് നടത്തപ്പെട്ട കോണ്‍ഗ്രഷണല്‍ ലഞ്ചന്‍ സെമിനാറില്‍ `ഇമിഗ്രേഷന്‍ നിയമവും, പുതുക്കലും' സംബന്ധിച്ച് ടൂയറ്റ് ഡോംഗ് (White house Initative on AAPIs) നടത്തിയ പ്രഭാഷണ ചര്‍ച്ചയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ സെനറ്റര്‍മാരെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ഹൗസ് പ്രതിനിധികള്‍, സെനറ്റര്‍മാര്‍, ഇതര രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. എന്‍.എഫ്.ഐ.എയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി 22 വര്‍ഷമായി നടന്നുവരുന്ന വാര്‍ഷിക സമ്മേളനങ്ങലുടെ 2013-ലെ കോണ്‍ഫറന്‍സ് ജൂണ്‍ 6,7 തീയതികളിലായാണ് നടത്തപ്പെട്ടത്. ഫോമാ അഡൈ്വസറി കൗണ്‍സില്‍ അംഗവും സൗത്ത് ജേഴ്‌സി മലയാളി അസോസിയേഷന്‍ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ പോള്‍ മത്തായി (ഫിലാഡല്‍ഫിയ), ഫോമാ വൈസ് പ്രസിഡന്റും കെയര്‍ എ ഡേ ചാരിറ്റി സംഘടനയുടെ സി.ഇ.ഒയുമായ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ് (ന്യൂയോര്‍ക്ക്) എന്നിവരുടെ സാന്നിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വാഷിംഗ്‌ടണിലെ വൈറ്റ് ഹൗസിലും കാപ്പിറ്റോള്‍ ഹില്ലിലും, ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലും വെച്ചു നടന്ന കോണ്‍ഗ്രഷണല്‍ ലഞ്ചന്‍ റിസപ്‌ഷന്‍, വൈറ്റ് ഹൗസ് ബ്രീഫിംഗ്, ഇന്ത്യന്‍ എംബസി സമ്മേളനം `എംപവറിംഗ് വിമന്‍ ആന്‍ഡ് ഗേള്‍സ്' എന്ന വിഷയത്തെ ആസ്‌പദമാക്കി സെമിനാര്‍, ഏഷ്യന്‍ അമേരിക്കന്‍ -പസഫിക് ഐലന്റല്‍ ഹെറിറ്റേജ് ആഘോഷം തുടങ്ങിയ വിവിധ പരിപാടികളില്‍ അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി ശ്രീമതി നിരുപമ റാവു, എന്‍.എഫ്.ഐ.എ പ്രസിഡന്റ് സോഹന്‍ പി. ജോഷി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കാന്തി എസ് പട്ടേല്‍, വൈസ് പ്രസിഡന്റുമാരായ ഹരിഹര്‍ സിംഗ്, ആഞ്ചല ആനന്ദ്, ചന്ദ്രകാന്ത് പട്ടേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അമേരിക്കന്‍ മലയാളി സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സുപരിചിതനായ സതീശന്‍ നായര്‍ എന്‍.എഫ്.ഐ.എയുടെ സെക്രട്ടറിയായും, അനില്‍കുമാര്‍ പിള്ള ട്രഷററായും നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നു. ഡോ. പാര്‍ത്ഥസാരഥി പിള്ളയും സംഘടനയുടെ മുന്‍നിര നേതാക്കളില്‍ ഒരാളാണ്. വൈറ്റ് ഹൗസ് ബ്രീഫിംഗ് പ്രോഗ്രാമില്‍ പബ്ലിക് എന്‍ഗേജ്‌മെന്റ് ഓഫീസ് പ്രതിനിധി ഗൗതം രാഘവന്‍ ആമുഖ പ്രഭാഷണം നടത്തി. ഇമിഗ്രേഷന്‍ നിയമപുതുക്കലിനോടൊപ്പം, ബുള്ളിയിംഗ് ആന്‍ഡ് ഹരാസ്‌മെന്റ്, ബിസിനസ് അനന്തസാധ്യതകള്‍, കാലാവസ്ഥാ വ്യതിയാനം, സ്‌ത്രീപുരുഷ സമത്വം ആഗോളവ്യാപകമാക്കുക, ഇന്ത്യ- യു.എസ് വിദേശനയം തുടങ്ങിയ വിവിധ വിഷയങ്ങള്‍ സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ജയിന്‍ ജേക്കബ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.
Comments