ലിന്‍ഡന്‍ : സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയോട് ചേര്‍ന്ന് സ്ഥാപിച്ച കുരിശിന്‍ തൊട്ടിയുടെ കൂദാശാകര്‍മ്മം ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു. ജൂലൈ 7 ഞായറാഴ്ച വി.കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന കൂദാശാ കര്‍മ്മത്തില്‍ ട്രൈസ്റ്റേറ്റ് ഏരിയയില്‍ നിന്നും ഒട്ടനവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ മാര്‍ നിക്കോളോവോസ് അദ്ധ്യക്ഷനായിരുന്നു. ജീവിക്കുന്ന കമ്മ്യൂണിറ്റിയുമായി താദാത്മ്യം പ്രാപിക്കുവാനും, കൂദാശ ചെയ്യപ്പെട്ടിരിക്കുന്ന കുരിശിന്‍ തൊട്ടിയുടെ സാന്നിദ്ധ്യം മൂലം സഭയുടെ മക്കള്‍ക്ക് മാത്രമല്ല കമ്മ്യൂണിറ്റിക്കും ദൈവാനുഗ്രഹം ഉണ്ടാകും എന്ന് മാര്‍ നിക്കോളോവോസ് അദ്ധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
കുരിശിന്‍ തൊട്ടിയുടെ സ്ഥാപനത്തിലൂടെ കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, അതിലൂടെ ദൈവസ്‌നേഹത്തിന്റെ വീചികള്‍ എങ്ങും പ്രസരിക്കട്ടെ എന്നും മാര്‍ നിക്കോളോവോസ് കൂട്ടിച്ചേര്‍ത്തു. ലോകമെങ്ങുമുള്ള മലങ്കര ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ വാര്‍ത്താവിശകലനങ്ങളും വിശേഷങ്ങളും സംപ്രേക്ഷണം ചെയ്യുന്ന ഓര്‍ത്തഡോക്‌സ് ടിവിയുടെ ന്യൂജേഴ്‌സി ബ്യൂറോയുടെ ഉദ്ഘാടന കര്‍മ്മവും കാമറ സ്വിച്ചോണ്‍ ചെയ്തു കൊണ്ട് മാര്‍ നിക്കോളോവോസ് നിര്‍വ്വഹിച്ചു.
ഭദ്രാസന കൗണ്‍സില്‍ അംഗം കൂടിയായ ഷാജി വറുഗീസാണ് ന്യൂജേഴ്‌സിയിലെ ഓര്‍ത്തഡോക്‌സ് ടിവിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം. കൂനന്‍ കുരിശ് സ്മാരകമായി മട്ടാഞ്ചേരിയില്‍ പണിതുയര്‍ത്തുന്ന സ്മാരകത്തിന്റെയും മ്യൂസിയത്തിന്റെയും വിശദാംശങ്ങള്‍, സഭാ മാനേജിംഗ് കമ്മിറ്റി അംഗം കോരസണ്‍ വറുഗീസ് വിശദീകരിച്ചു. ഇതിനായി ഫണ്ട് റെയ്‌സിംഗിനുള്ള മെഡാലിയന്‍ ജോസഫ് വി. തോമസ്, മൈക്കിള്‍ തോമസ്, ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ ഏറ്റുവാങ്ങി. സഭാ മാനേജിംഗ് കമ്മിറ്റി അംഗവും ഓര്‍ത്തഡോക്‌സ് ടിവി ഡയറക്ടര്‍ ബോര്‍ഡ് മെംബറുമായ പോള്‍ കറുകപ്പിള്ളില്‍, ഭദ്രാസന കൗണ്‍സില്‍ അംഗം ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റി ബോര്‍ഡ് അംഗം വറുഗീസ് പോത്താനിക്കാട്, ഭദ്രാസന മീഡിയാ കറസ്‌പോണ്ടന്റ് ജോര്‍ജ് തുമ്പയില്‍ എന്നിവരും സംസാരിച്ചു.
ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഡോ.സാക്ക് സഖറിയാ, ഷാജി വറുഗീസ്, അജിത് വട്ടാശ്ശേരില്‍ എന്നിവരും, വെരി.റവ. സി.എം. ജോണ്‍ കോര്‍ എപ്പിസ്‌ക്കോപ്പാ, ഡീക്കന്‍ ഫിലമോണ്‍ ഫിലിപ്പ്, യൂണിയന്‍ കൗണ്ടി എഞ്ചിനീയര്‍ കാരണ്‍ എന്നിവരും സന്നിഹിതരായിരുന്നു. കുരിശിന്‍ തൊട്ടി പണിത് സംഭാവനയായി ഇടവകയ്ക്ക് നല്‍കിയ അലക്‌സ് ജോണ്‍ താക്കോല്‍ ഭദ്രാസന മെത്രാപോലീത്താ മാര്‍ നിക്കോളോവോസിനെ ഏല്‍പ്പിക്കുകയും, മെത്രാപ്പോലീത്താ വികാരി ഫാ.സണ്ണി ജോസഫിന് കൈമാറുകയും ചെയ്തു. വികാരി, ട്രസ്റ്റി എം.സി. മത്തായിയെ താക്കോല്‍ ഏല്‍പിക്കുകയും ചെയ്തു. ഇടവക സെക്രട്ടറി കിരണ്‍ തോമസ് നന്ദി പ്രകാശിപ്പിച്ചു.
Comments