ഷിക്കാഗോ: ബല്‍വുഡ് മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ ഇടവകയിലെ ഒരാഴ്ച നീണ്ടുനിന്ന വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിനോടനുബന്ധിച്ച് ജൂലൈ അഞ്ചിന് വെള്ളിയാഴ്ച "സീറോ മലബാര്‍ നൈറ്റ്' ഭക്തിനിര്‍ഭരമായ കര്‍മ്മാദികളോടും, വര്‍ണ്ണശബളമായ കലാപരിപാടികളോടുംകൂടി പ്രൗഢഗംഭീരമായി ആഘോഷിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നടന്ന ആഘോഷമായ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് രൂപതാ പ്രൊക്യുറേറ്റര്‍ റവ.ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. റവ.ഫാ. തോമസ് വാതപ്പള്ളില്‍ തിരുനാള്‍ സന്ദേശം നല്‍കി. അഭിവന്ദ്യ പിതാവ് കര്‍മ്മാദികളില്‍ സന്നിഹിതനായിരുന്നു.
ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ക്കുശേഷം കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വര്‍ണ്ണശബളമായ സീറോ മലബാര്‍ നൈറ്റ് അരങ്ങേറി. ഉദ്ഘാടന സമ്മേളനത്തില്‍ കള്‍ച്ചറല്‍ അക്കാഡമി ഡയറക്ടര്‍ ബോര്‍ഡ് അംഗം റോസലിന്‍ സോയല്‍ ചാരാത്ത് ആമുഖ പ്രസംഗം നടത്തി. അക്കാഡമി ഡയറക്ടര്‍ ബിജി മാത്യു ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ജേക്കബ് മാര്‍ അങ്ങാടിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തുകയും, ഭദ്രദീപം തെളിയിച്ച് സമ്മേളനവും കലാപരിപാടികളും ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോയി ആലപ്പാട്ട് ആശംസാ പ്രസംഗം നടത്തി. നിരവധി വൈദീകരും, കന്യാസ്ത്രീകളും, ആയിരക്കണക്കിന് വിശ്വാസികളും മറ്റ് അഭ്യുദയകാംക്ഷികളും തദവസരത്തില്‍ സന്നിഹിതരായിരുന്നു. രാജു പാറയില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.
ഫിയോന മോഹന്‍, ജോസ്‌മോന്‍ ആലുംപറമ്പില്‍ എന്നിവര്‍ പരിപാടികളുടെ അവതരണം വളരെ സ്തുത്യര്‍ഹമായ രീതിയില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ടുനിന്ന വര്‍ണ്ണശബളവും പ്രൗഢഗംഭീരവുമായ കലാപരിപാടികള്‍ അരങ്ങേറി. ഇടവകയിലെ പ്രഗത്ഭരായ കലാകാരികളും കലാകാരന്മാരും പ്രഗത്ഭരായ ഡാന്‍സ് ടീച്ചര്‍മാരുടെ സംവിധാനത്തില്‍ അവതരിപ്പിച്ച കലാപ്രകടനങ്ങള്‍ ഏവരുടേയും കണ്ണിനും കാതിനും കുളിര്‍മയേകുന്നതായിരുന്നു. കള്‍ച്ചറല്‍ അക്കാഡമി ഭാരവാഹികളായ ഡയറക്ടര്‍ ബിജി മാത്യു, റോസലിന്‍ സോയല്‍ ചാരാത്ത്, അനില്‍ മാമ്മന്‍, രാജു പാറയില്‍ എന്നിവരാണ് കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. വികാരി ഫാ. ജോയി ആലപ്പാട്ട്, അസിസ്റ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്ന ഡെസ്‌പ്ലെയിന്‍സ് (സെന്റ് മാത്യൂസ്) വാര്‍ഡ് പ്രതിനിധികളായ ബിജി സി. മാണി (ജനറല്‍ കോര്‍ഡിനേറ്റര്‍), ബ്രിജിറ്റ് ജോര്‍ജ്, നിഷാ മാണി, സന്തോഷ് കാട്ടൂക്കാരന്‍, സജി മണ്ണഞ്ചേരില്‍, കൈക്കാരന്മാരായ മനീഷ് ജോസഫ്, സിറിയക് തട്ടാരേട്ട്, ഇമ്മാനുവേല്‍ കുര്യന്‍, ജോണ്‍ കൂള, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവരാണ് തിരുനാള്‍ മോടിയാക്കുവാന്‍ പ്രവര്‍ത്തിക്കുന്നത്.
Comments