ഷിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിതനായതിനുശേഷം ആദ്യമായി ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിയ സംഘടനയുടെ രക്ഷാധികാരിയും മുന്‍ എസ്.ബി കോളജ് പ്രിന്‍സിപ്പലുമായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ അച്ചന് എസ്.ബി അലുമ്‌നി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. സീറോ മലബാര്‍ സഭയില്‍ തന്നെ ആദ്യമായി സ്ഥാപിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അമരക്കാരനായി മഠത്തിപ്പറമ്പിലച്ചന്‍ വന്നതിനെ അഭിനന്ദിക്കുകയും ആ സന്തോഷത്തില്‍ അലുംമ്‌നിയുടെ ഷിക്കാഗോ ചാപ്റ്ററും പങ്കുചേരുന്നു എന്നും ജെന്നി വള്ളിക്കളത്തിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച സ്വീകരണ- അവാര്‍ഡ് നൈറ്റ് സമ്മേളനത്തില്‍ പ്രസിഡന്റ് ബിജി കൊല്ലാപുരം തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിര്‍ണ്ണായക സ്വാധീനമുള്ള സീറോ മലബാര്‍ സഭയുടെ വിശ്വാസദാര്‍ഢ്യതയും അര്‍പ്പണബോധവും ഭാരതത്തിനാകെ അഭിമാനം പകര്‍ന്നുകൊടുക്കുവാനും അതുവഴി ലോകത്തിനു ഉത്തമ മാതൃകയായി ഉന്നത വിദ്യാഭ്യാസ മേഖലയെ ഉയര്‍ത്തിയെടുക്കുവാന്‍ ഉന്നത വിദ്യാഭ്യാസത്തെപ്പറ്റി ഉദാത്ത ചിന്തയുള്ള മഠത്തിപ്പറമ്പിലച്ചന്റെ പുതിയ നിയമനത്തിലൂടെ സാധിക്കുമെന്ന് ഡോ. ഫിലിപ്പ് വെട്ടിക്കാട്ട് തന്റെ ആശംസാപ്രസംഗത്തില്‍ സൂചിപ്പിച്ചു. ഒരു വൈദീകനുവേണ്ട മറ്റനേകം ഗുണങ്ങള്‍ക്കൊപ്പം എളിമയും ലാളിത്യവും ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ദീര്‍ഘവീക്ഷണവും, ക്രാന്തദര്‍ശിയും പണ്ഡിതനുമായ അദ്ദേഹത്തെ ജനമധ്യത്തില്‍ കൂടുതല്‍ ശ്രദ്ധേയനാക്കുന്നുവെന്നും നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഉയരങ്ങളിലേക്കും വളര്‍ച്ചയിലേക്കും നയിക്കുവാന്‍ ഈ ഗുണങ്ങള്‍ മഠത്തിപ്പറമ്പിലച്ചന് കൂടുതല്‍ കരുത്തുനല്‍കുന്നവയാണെന്ന് ഡോ. തോമസ് മുക്കട തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസമൊക്കെ ലഭിച്ചുകഴിഞ്ഞ് ജീവിതത്തിന് അല്‍പം നിറംവെച്ചുകഴിയുമ്പോള്‍ ആദ്ധ്യാത്മികതയില്‍ നിന്നും ധാര്‍മ്മികതയില്‍ നിന്നും വ്യക്തികള്‍ അകന്നുപോകുന്ന ഇന്നിന്റെ പ്രവണത വിനാശത്തിലേക്കും ജീര്‍ണ്ണതയിലേക്കും സമാധാനമില്ലായ്മയിലേക്കുമൊക്കെ നമ്മെ നയിക്കുകയുള്ളുവെന്ന് ജീസസ് യൂത്ത് കോര്‍ഡിനേറ്റററും അസംപ്ഷന്‍ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ബീനാ ജോസഫ് തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. നമ്മെ വളര്‍ത്തുന്നതും ഉയര്‍ത്തുന്നതുമാണ് വിദ്യാഭ്യാസം.
എന്നാല്‍ ഉന്നത വിദ്യാഭ്യാസമൊക്കെ ലഭിച്ചുകഴിയുമ്പോള്‍ ജീവിതത്തിന്റെ ലൗകികപച്ചപ്പില്‍ ഭൗതീകതയില്‍ മാത്രം ലക്ഷ്യംവെച്ച് ആദ്ധ്യാത്മികവും ധാര്‍മ്മികവുമായ മാനങ്ങളില്‍നിന്നും മൂല്യങ്ങളില്‍ നിന്നും സഭയില്‍ നിന്നുമൊക്കെ വ്യക്തികളും കുടുംബങ്ങളും അകന്നുപോകുന്ന ദുഖകരമായ ഇന്നിന്റെ പ്രവണതകളിലേക്ക് കടിഞ്ഞാണിട്ടുകൊണ്ട് അമേരിക്കയിലായാലും നാട്ടിലായാലും അത്തരക്കാരെ സഭയിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന ദൗത്യത്തില്‍ താന്‍ പ്രതിജ്ഞാബദ്ധനാണ് എന്നും, ജീവിതത്തില്‍ എല്ലാ രംഗത്തും വിജയിക്കുക എന്നതിനുപരി സഭയ്ക്കും സമൂഹത്തിനും നന്മ ചെയ്യാനാകുന്നവിധം തന്റെ ജീവിതം സഫലമാക്കി മാറ്റാനാണ് കൂടുതല്‍ ശ്രദ്ധവെയ്ക്കുന്നതെന്നും അലുംമ്‌നി അംഗങ്ങള്‍ തനിക്കു നല്‍കിയ സ്വീകരണത്തിനു നന്ദി പറഞ്ഞുകൊണ്ട് മറുപടി പ്രസംഗത്തില്‍ മഠത്തിപ്പറമ്പിലച്ചന്‍ പറഞ്ഞു. പഠനം വഴി കരഗതമാകേണ്ടത് ജീവിത ദര്‍ശനവും ആത്മബോധവും ലക്ഷ്യബോധവുമാണ്. എന്നാല്‍ ദര്‍ശനത്തിലൂടെ ലക്ഷ്യബോധമുണ്ടാകാന്‍ അത്യന്താപേക്ഷിതമായിട്ടുള്ളത് പ്രതിബദ്ധതയാണ്. ആ പ്രതിബദ്ധതിയിലൂന്നിയ ലക്ഷ്യബോധമാണ് എസ്.ബി കോളജിന്റെ ഐഡന്റിറ്റി. ആ ഐഡന്റിറ്റി നിലനിര്‍ത്തുകയും ജീവിതത്തില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഓരോ അലുംമ്‌നി അംഗവും അതിന്റെ ലക്ഷ്യപ്രാപ്തിയിലെ ഓരോ കണ്ണിയായി മാറുന്നു. സംഘടനകളുടെ ബാഹുല്യത്താല്‍ അരങ്ങുതകര്‍ക്കുന്ന ചിക്കാഗോ നഗരത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ നടുവില്‍ ഒരു സംഘടനയെ വളര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് നിസാരമല്ല.എന്നാല്‍ ഏതാനും സമാന ചിന്താഗതിക്കാര്‍ 2005-ല്‍ ജയിംസ് ഓലിക്കരയുടെ നേതൃത്വത്തില്‍ ഒത്തുചേര്‍ന്നപ്പോള്‍ ഒത്തൊരുമ എളുപ്പം സാധ്യമാകുന്നത് ജീര്‍ണ്ണിച്ചുകിടന്ന ഈ സംഘടനയുടെ പുനര്‍സംഘടനയിലൂടെ കണ്ടു.
എങ്ങും കാണാത്ത ഒരു സൗഹൃദത്തിന്റെ തലം ഇതിലുണ്ട്. ഏതൊരു സമാന്തര സംഘടനയേക്കാളും കെട്ടുറപ്പും ഐക്യബോധവും വൈവിധ്യമാര്‍ന്ന ശൈലിയിലെ കാര്യപരിപാടികളും മറ്റ് സമാന്തര സംഘടനകളില്‍നിന്ന് ഇതിനെ വ്യത്യസ്തമാക്കിയിരിക്കുന്നു. ഇത് എതിരാളികളുടെ സംഘടനയല്ല, മറിച്ച് സുഹൃത്തുക്കളുടെ സംഗമമാണ്, സുഹൃത്തുക്കളുടേത് മാത്രമല്ല. സഹോദരീ സഹോദരന്മാരുടെ സംഗമമാണ്. എസ്. ബി കോളജ് എന്ന ഒരമ്മപെറ്റ മക്കള്‍ മാത്രമാണ് ഇതിലുള്ളത്. ആയതിനാല്‍ ഇതില്‍ സഹോദരങ്ങളേയുള്ളൂ. തന്റെ മികവുറ്റ സംഘാടനക -നേതൃപാടവത്താല്‍ സംഘടനയെ 2005-ല്‍ പുനരുദ്ധരിച്ചുകൊണ്ട് അതിന്റെ പ്രഥമ പ്രസിഡന്റായി സംഘടനയെ വളര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് ചെയ്ത സംഭാവകളേയും സേവനങ്ങളേയും മാനിച്ചുകൊണ്ട് ജയിംസ് ഓലിക്കരയ്ക്ക് പ്രതീകാത്മകമായി പ്ലാക്ക് നല്‍കിക്കൊണ്ട് റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലച്ചന്‍ "സ്‌പെഷല്‍ റെക്കഗ്നേഷന്‍ അവാര്‍ഡ്' ജേതാവായി പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹത്തെ ചടങ്ങില്‍ ആദരിച്ചു. ഗ്രേസ്‌ലിന്‍, ജസ്‌ലിന്‍, ജിസ്സ, ജൂലി, ജെസീക്ക, ഷെറില്‍ എന്നിവരുടെ നൃത്ത നൃത്യങ്ങളും കുര്യന്‍ മംഗലപ്പള്ളി, കുഞ്ഞുമോന്‍ ഇല്ലിക്കല്‍, ഷീബാ ഫ്രാന്‍സീസ്, റെറ്റി കൊല്ലാപുരം, ജെന്നി വെങ്ങാന്തറ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ചടങ്ങുകള്‍ക്ക് ചാരുതയേകിയ ദൃശ്യശ്രാവണ വിരുന്നുകളായിരുന്നു. ജിജി മാടപ്പാട്ട്, ജോളി കുഞ്ചെറിയ എന്നീ വൈസ് പ്രസിഡന്റുമാര്‍ യഥാക്രമം സ്വാഗതവും നന്ദിയും പറഞ്ഞു. ഗുഡ്‌വിന്‍ ഫ്രാന്‍സീസും, ടെറില്‍ വള്ളിക്കളവും അവതാരകരായിരുന്നു. ആന്റണി ഫ്രാന്‍സീസ്, മോനിച്ചന്‍ നടയ്ക്കപ്പാടം, ഷിബു അഗസ്റ്റിന്‍, എബി തുരുത്തിയില്‍, ഷാജി കൈലാത്ത്, സണ്ണി വള്ളിക്കളം, ജോജോ വെങ്ങാന്തറ, ബോബന്‍ കളത്തില്‍,ജോഷി വള്ളിക്കളം, ഷീബാ ഫ്രാന്‍സീസ്, റെറ്റി കൊല്ലാപുരം, ജോളി കുഞ്ചെറിയ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സമ്മേളനത്തിനു വേദിയൊരുക്കി തന്ന ഇമ്പീരിയല്‍ ട്രാവല്‍സ് മാനേജ്‌മെന്റിന് എസ്.ബി അംലുംമ്‌നി ഭാരവാഹികള്‍ പ്രത്യേകം നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. ആന്റണി ഫ്രാന്‍സീസ് വടക്കേവീട് (പി.ആര്‍.ഒ) അറിയിച്ചതാണിത്.
Comments