ഫീനിക്‌സ്: സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയി വിശുദ്ധ കിരീടമണിഞ്ഞ കേരളത്തിന്റെ പ്രഥമ പുണ്യവതി വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഫീനിക്‌സ് ഹോളി ഫാമിലി ദേവാലയത്തില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ആഘോഷമായ ദിവ്യബലി, നവനാള്‍ നൊവേന, ലദീഞ്ഞ്, വിശുദ്ധയുടെ തിരുശേഷിപ്പ് വണക്കം എന്നിവ തിരുകര്‍മ്മങ്ങളെ ഭക്തിസാന്ദ്രമാക്കി. ദിവ്യബലിയിലും തിരുനാള്‍ കര്‍മ്മങ്ങളിലും വികാരി ഫാ. മാത്യു മുഞ്ഞനാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു. നിരവധി സഹനങ്ങള്‍ അനുഭവിക്കുന്ന അനേകം പേരുണ്ടെങ്കിലും, സഹനങ്ങളെ ഉള്‍ക്കൊണ്ട മനോഭാവമാണ് അല്‍ഫോന്‍സാമ്മയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‌തയാക്കിയത്. അനുദിന ജീവിതത്തിലെ ദുഖദുരിതങ്ങളെ യേശുവിന്റെ കുരിശിനോടു ചേര്‍ത്തുവെച്ച് ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ ജീവിതം വിശുദ്ധീകരിക്കപ്പെടുമെന്നും നിത്യരക്ഷ സാധ്യമാകുമെന്നും ഫാ. മാത്യു പറഞ്ഞു. തിരുനാള്‍ കര്‍മ്മങ്ങളുടെ ഭാഗമായി കേരള ക്രൈസ്‌തവര്‍ പരമ്പരാഗതമായി ആചരിച്ചുപോരുന്ന നേര്‍ച്ച വിളമ്പ് ഏവരിലും ഭക്തിയുടെ ഗൃഹാതുരത്വമുണര്‍ത്തി. ഇടവകയിലെ സെന്റ് അല്‍ഫോന്‍സാ വാര്‍ഡുകാരാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. വാര്‍ഡ് പ്രതിനിധി തോമസ് സ്‌കറിയ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആഘോഷങ്ങളുടെ ഭാഗമായി തിരുനാള്‍ പ്രസിദേന്തിമാര്‍ സ്‌പോണ്‍സര്‍ ചെയ്‌ത സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. മാത്യു ജോസ് കുര്യംപറമ്പില്‍ അറിയിച്ചതാണിത്.
Comments