ഫ്രാന്‍സിസ് തടത്തില്‍
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ പുതുതായി രൂപംകൊണ്ട മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ (മഞ്ച്) എക്‌സിക്യൂട്ടീവ് കമ്മിറ്റി പുന:സംഘടിപ്പിച്ചു. അസോസിയേഷന്‍ വൈസ് പ്രസിഡന്റായി സജിമോന്‍ ആന്റണിയേയും, ജോയിന്റ് സെക്രട്ടറിയായി അരുണ്‍ സദാശിവനേയും തെരഞ്ഞെടുത്തു. ഞായറാഴ്‌ച വുഡ്‌ബ്രിഡ്‌ജിലുള്ള അരോമ പാലസ് റസ്റ്ററന്റില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലായിരുന്നു തെരഞ്ഞെടുപ്പ്. പ്രസിഡന്റ് ഷാജി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അസോസിയേഷന്റെ കള്‍ച്ചറല്‍ കമ്മിറ്റിയുടെ ചെയര്‍മാനായി ഫ്രാന്‍സിസ് തടത്തിലിനെ തെരഞ്ഞെടുത്തു. മീഡിയ റിലേഷന്‍സ് കണ്‍വീനറുടെ അധിക ചുമതലയും ഫ്രാന്‍സിസിനാണ്. പന്ത്രണ്ട് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേയ്‌ക്ക് പുതുതായി മനോജ് വാട്ടപ്പള്ളില്‍, ലിന്റോ മാത്യു, ഹാന്‍സ് ഫിലിപ്പ്, ഷിജി മാത്യു, കുരുവിള ജോര്‍ജ്, ഫ്രാന്‍സിസ് തടത്തില്‍ എന്നിവരേയും തെരഞ്ഞെടുത്തു. നേരത്തെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍: ഷാജി വര്‍ഗീസ് - പ്രസിഡന്റ്, ഉമ്മന്‍ ചാക്കോ - സെക്രട്ടറി, സുജ ജോസ് - ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ബിപിന്‍ രാഘവന്‍, ബിജു കൊച്ചുകുട്ടി, ജയിംസ് ജോയ്, ജോസ് ജോയി, രാജു ജോയി, ഗിരീഷ് നായര്‍.
ന്യൂജേഴ്‌സിയിലെ പ്രമുഖ ഫിനാന്‍ഷ്യല്‍ പ്ലാനറും എം.സി.എന്‍ ചാനല്‍ ഡയറക്ടറുമാണ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സജിമോന്‍ ആന്റണി. പ്രമുഖ സോഫ്‌റ്റ്‌വെയര്‍ കമ്പനിയില്‍ സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറാണ് ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അരുണ്‍ സദാശിവന്‍. മലയാളത്തിലെ പ്രമുഖ ദിനപ്പത്രങ്ങളില്‍ റിപ്പോര്‍ട്ടര്‍, ബ്യൂറോചീഫ്, ന്യൂസ് എഡിറ്റര്‍ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് കള്‍ച്ചറല്‍ - മീഡിയ കമ്മിറ്റി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് തടത്തില്‍. കള്‍ച്ചറല്‍ കമ്മിറ്റിയിലേയ്‌ക്ക് ജോയി ജോസ്, സാം സക്കറിയ, ജീമോന്‍ വര്‍ഗീസ് എന്നിവരേയും തെരഞ്ഞെടുത്തു. രണ്ടുമാസം മുമ്പ് രൂപംകൊണ്ട മഞ്ചില്‍ ഇതിനകം നൂറിലേറെപ്പേര്‍ ആജീവനാന്ത അംഗത്വമെടുത്തു കഴിഞ്ഞു. മറ്റ് സാംസ്‌കാരിക സംഘടനകളില്‍നിന്ന് വ്യത്യസ്‌തമായി നൂതനമായ പദ്ധതികള്‍ അമേരിക്കന്‍ മലയാളികള്‍ക്കായി പ്രത്യേകിച്ച് ന്യൂജേഴ്‌സി മലയാളികള്‍ക്കായി ആവിഷ്‌കരിച്ച് നടപ്പിലാക്കാനാണ് മഞ്ച് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ഷാജി വര്‍ഗീസ് പറഞ്ഞു. വരുംദിവസങ്ങളില്‍ മഞ്ചിന്റെ പ്രഥമ പ്രവര്‍ത്തന പരിപാടികള്‍ പ്രഖ്യാപിക്കുന്നതാണെന്ന് സെക്രട്ടറി ഉമ്മന്‍ ചാക്കോ പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ട്രഷറര്‍ സുജ ജോസ് പങ്കെടുത്തു.
Comments