ഒക്ലഹോമ സിറ്റി: ഒക്ലഹോമ ഹോളി ഫാമിലി സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ ഓഗസ്റ്റ് 18 ഞായറാഴ്ച നടന്ന വിദ്യാരംഭം കുറിക്കല്‍ ചടങ്ങില്‍ ഇടവകയിലെ അഞ്ചു കുട്ടികള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. വിശുദ്ധ കുര്ബാനക്കുശേഷം ദേവാലയത്തില്‍ പ്രാര്‍ഥനയോടുകൂടി ആരംഭിച്ച ചടങ്ങില്‍ കുരുന്നുകളെ എഴുത്തിനിരുത്തി. ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ കുരുന്നുകളെ മടിയിലിരുത്തി ജീസസിന്റെ 'J ' , ആദ്യാക്ഷരമായ 'A' എന്നിവ അരിയിലെഴുതിച്ചു അറിവിന്റെ വിസ്മയലോകത്തേക്ക് കൈപിടിച്ചു നടത്തി അവര്‍ക്ക് ഗുരുനാഥനായി. പുതിയ അധ്യയനവര്‍ഷത്തില്‍ കലാലയത്തിലേക്ക് പിച്ചവയ്ക്കുന്ന ഈ കുരുന്നുകള്‍ മാതാപിതാക്കളുടെ പ്രതീക്ഷകള്‍ക്കൊത്ത് ദൈവാനുഗ്ര്ഹമുള്ള മക്കളായി വളരട്ടെയെന്നു ഫാ. കുര്യാക്കോസ് ആശംസിച്ചു. ജ്ഞാനത്തിന്റെ ലോകത്തിലേക്ക് കുട്ടികള്‍ ചുവടുവക്കുന്ന ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിക്കുവാന്‍ മാതാപിതാക്കക്കൊപ്പം ഇടവകസമൂഹവും ഉണ്ടായിരുന്നു. വേനലവധിക്ക് ശേഷം ഓഗസ്റ്റ് പകുതിയോടെ ഒക്ലഹോമയില്‍ സ്‌കൂളുകള്‍ തുറക്കും.
Comments