ചിക്കാഗോ: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ കൂട്ടായ്‌മയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതി ചരിത്രമാകുന്നു.കേരളത്തില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സ് പഠനത്തിനായി ഏര്‍പ്പെടുത്തുന്ന സ്‌കോളര്‍ഷിപ്പ് ഇത്തവണ 130 പേര്‍ക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ ഇതര സ്ഥാപനം നല്‍കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പാണിത്. പ്രതിവര്‍ഷം 250 ഡോളര്‍വീതം ഒരുകുട്ടിക്ക് 1000 ഡോളര്‍ വരെയാണ് ലഭിക്കുക. തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. രണ്ടുവര്‍ഷത്തില്‍ ഒരിക്കലുള്ള കണ്‍വന്‍ഷനുപരി ക്രിയാത്മകമായ മറ്റെന്തെങ്കിലും കൂടി ചെയ്യണം എന്ന തോന്നലില്‍ നിന്നുണ്ടായതാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി. 2005ലെ ചിക്കാഗോ കണ്‍വന്‍ഷനിലാണ് ഇത്തരമൊരു ആശയം മുന്നോട്ടുവന്നത്. ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ഉദയഭാനു പണിക്കരുടെയും സെക്രട്ടറി പ്രസന്നന്‍ പിള്ളയുടെയും നേതൃത്വത്തില്‍ അത് യാഥാര്‍ത്ഥ്യമാക്കി. ചെറിയ രീതിയില്‍ തുടങ്ങിയ പദ്ധതി തുടര്‍ന്ന് ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്മാരായ ടി.എന്‍. നായര്‍, രാജുനാണു, അനില്‍കുമാര്‍ പിള്ള, എന്നിര്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോയി. 2012ല്‍ 103 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ കഴിഞ്ഞു. ഇത്തവണ 130 ആയി. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മിഭായി, സ്വാമി പൂര്‍ണാനന്ദപുരി, മന്ത്രി കെ. ബാബു, പി. പരമേശ്വരന്‍,ഡോ. വി എന്‍. രാജശേഖരന്‍പിള്ള, ഐഎഎസ്സുകാരായ കെ. ജയകുമാര്‍, ജെ. ലളിതാംബിക, രാജുനാരായണ സ്വാമി, ആര്‍. രാമചന്ദ്രന്‍നായര്‍, കവികളായ എസ്. രമേശന്‍ നായര്‍, വി. മധുസൂദനന്‍ നായര്‍, വിഷ്‌ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സ്‌കോളര്‍ഷിപ്പ് ചടങ്ങിന് സാക്ഷ്യംവഹിച്ചവരാണ്. മിടുക്കന്മാരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള സംരംഭത്തിന് കൂടുതല്‍ സംഘടനകുടെയും വ്യക്തികളുടെയും പിന്തുണ ആവശ്യമാണെന്നും അമേരിക്കയില്‍ താമസിക്കുന്ന ഓരോ മലയാളി ഹിന്ദുകുടുംബം സ്‌കോളര്‍ഷിപ്പ് പദ്ധതിയെ പിന്തുണച്ച് നാട്ടില്‍ ഒരു സേവന പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അനില്‍കുമാര്‍ പീള്ള, സെക്രട്ടറി ഗണേഷ്‌നായര്‍, സ്‌കോളര്‍ഷിപ്പ് കമ്മറ്റി ചെയര്‍മാന്‍ ഹരി നമ്പൂതിരി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു കേരളത്തില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് പ്രൊഫഷണല്‍ പഠനത്തിനായി ഏര്‍പ്പെടുത്തിയ കെഎച്ച്‌എന്‍എ സ്‌കോളര്‍ഷിപ്പ് ഇന്ന് നാട്ടില്‍ ഏറെ ശ്രദ്ധിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. സ്‌കോളര്‍ഷിപ്പ്‌പോലെ മറ്റ് ചില പദ്ധതികള്‍ക്ക് കൂടി രൂപം നല്‍കേണ്ടിയിരുന്നു. ഫണ്ട് കണ്ടെത്തുകതന്നെയാണ് പ്രധാന വെല്ലുവിളി. സന്മനസ്സുകള്‍ പലരും സഹായിക്കുന്നതിലാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നത്. ഇത് തുടരുകയും കൂടുതല്‍ പേരുടെ പിന്‍തുണ നേടുകയും വേണമെന്ന് ട്രസ്റ്റി ബോര്‍ഡ് ഭാരവാഹികള്‍ പറഞ്ഞു കേരളത്തില്‍ നടക്കുന്ന സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങുതന്നെ വലിയൊരു സാംസ്‌കാരിക ചടങ്ങായി മാറിയിട്ടുണ്ടന്ന് സ്‌കോളര്‍ഷിപ്പിന്റെ കേരളത്തിലെ കോ-ഓര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍ പറഞ്ഞു. പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് കുട്ടികളും രക്ഷിതാക്കളും കാത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Comments