ഡാളസ് : ജോലിക്ക് പോകുന്നതിനുള്ള വാഹനം കാത്ത് നിന്നിരുന്ന സ്ത്രീകള്‍ക്കു നേരെ തോക്കു ചൂണ്ടി ബാഗ് തട്ടിയെടുത്ത സംഭവം ഡാളസ്സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഓഗസ്റ്റ് 18 ഞായറാഴ്ച അതിരാവിലെ നാലുമണിക്കാണ് സംഭവം. ഡാളസ്സിലെ ഒരു ഷോപ്പിങ്ങ് കോംപ്ലക്‌സിന്റെ മുമ്പില്‍ ജോലിക്കു പോകുന്നതിനുള്ള വാഹനവും പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്ന മദ്ധ്യവയസ്‌ക്കരായ മൂന്നു മലയാളി സ്ത്രീകള്‍- ഞായറാഴ്ച കടകള്‍ മുടക്കമായതിനാല്‍ പരിസരത്ത് ആള്‍ സഞ്ചാരം കുറവായിരുന്നു. പെട്ടെന്ന് കറുത്ത വര്‍ഗ്ഗത്തില്‍പ്പെട്ട രണ്ടു ചെറുപ്പക്കാര്‍ ഇവരുടെ മുമ്പില്‍ എത്തി. ഒരാള്‍ മുഖം മൂടി ധരിച്ചിരുന്നു. തോളില്‍ തൂക്കിയിട്ടിരുന്ന ബാഗുകള്‍ ആവശ്യപ്പെട്ടു. തോക്കെടുത്ത് ഇവര്‍ക്കു നേരെ ചൂണ്ടിയതും, നിലവിളിച്ചു കൊണ്ട് മൂന്നുപേരും മുന്നോട്ട് ഓടി. ഇതിനിടയില്‍ ഒരാള്‍ നിലത്തു വീണു. ഇവരുടെ തോളില്‍ നിന്നും ബാഗ് ബലപ്രയോഗത്തിലൂടെ തട്ടിയെടുത്ത് അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറി അക്രമികള്‍ രക്ഷപ്പെട്ടു. “ഭാഗ്യം കൊണ്ടാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. മറ്റൊരു സ്ത്രീകള്‍ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകാതിരിക്കട്ടെ.” സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ലാത്ത പേര്‍ വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത സ്ത്രീകള്‍ പറഞ്ഞു. ഡാളസ് കൗണ്ടിയിലെ മസ്‌കിറ്റ്, ഗാര്‍ലാന്റ്, റൗളറ്റ് തുടങ്ങിയ സിറ്റികളില്‍ മലയാളികള്‍ക്കുനേരെ ഇതിനുമുമ്പ് പലതവണ അക്രമങ്ങള്‍ നടന്നിട്ടുണ്ട്. മലയാളികള്‍ വളരെ ജാഗ്രത പാലിക്കേണ്ട സ്ഥിതിയിലേയ്ക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 214 450 4107
Comments