ഫിലഡല്‍ഫിയ: കച്ചിറമറ്റം പുരസ്‌കാരം ഫാ. ജോണ്‍ മേലേപ്പുറത്തിന് സമ്മാനിച്ചു. സീറോ മലബാര്‍ സഭാ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ചത്. പുനരൈക്യപ്രസ്ഥാനത്തിലെ ആദ്യകാല പ്രവര്‍ത്തകന്‍, തിരുവല്ല രൂപത അഡ്‌മിനിസ്‌ട്രേറ്റര്‍, മാര്‍ കരിയാറ്റി കമ്മറ്റി കണ്‍വീനര്‍, പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍; 1934ല്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ഉള്‍പ്പെടെയുള്ള മഹാന്മാരോടൊപ്പം ഇറ്റലിയില്‍ നടന്ന ഓറിയന്റല്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത നേതാവ് എന്നീ നിലകളില്‍ സാമൂഹിക പ്രസക്തനായ റവ. ഡോ. മോണ്‍. ജോണ്‍ കച്ചിറമറ്റത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കച്ചിറമറ്റം അവാര്‍ഡ് ഫാ. ജോണ്‍ മേലേപ്പുറത്തിന് നല്‌കുവാന്‍ കച്ചിറമറ്റം ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ഐക്യകണ്‌ഠ്യേന തീരുമാനിക്കുകയായിരുന്നു. സമൂഹത്തിനും സഭയ്‌ക്കും വലിയ സംഭാവനകള്‍ നല്‌കിയ വ്യക്തിത്വമാണ് മോണ്‍. കച്ചിറമറ്റത്തിന്റേതെന്ന് കര്‍ദ്ദിനാള്‍ അനുസ്‌മരിച്ചു. ഫാ. ജോണ്‍ മേലേപ്പുറത്തിനുള്ള പുരസ്‌കാരം ഇന്ത്യയിലും അമേരിക്കയിലും വിശ്വാസിസമൂഹത്തിനു നല്‍കിയ മാതൃകാപരമായ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ പാലാ ബിഷപ്പ് മാര്‍. ജോസഫ് കല്ലറങ്ങാട്ട്, ചിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, റവ. ഡോ.ജോര്‍ജ് മഠത്തില്‌പറമ്പില്‍, കച്ചിറമറ്റം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ജോണ്‍ കച്ചിറമറ്റം, ഫാ. അഗസ്റ്റിന്‍ കച്ചിറമറ്റം, സഭാതാരം ജോണ്‍ കച്ചിറമറ്റം, അഡ്വ. ജോസ് കച്ചിറമറ്റം എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ചു ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം, ആര്‍ച്ച് ബിഷപ്പ് മാര്‍ ആണ്ഡ്രൂസ് താഴത്ത്, ബിഷപ്പുമാരായ മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ പോളീ കണ്ണൂക്കാടന്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ പോള്‍ ചിറ്റിലപ്പിള്ളി, മാര്‍ ജയിംസ് പഴയാറ്റില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയക്കിഴക്കേല്‍, മാര്‍ ഏ.ഡി. മറ്റം, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ മാത്യു അറയ്‌ക്കല്‍ എന്നിവരും പുരസ്‌കാരജേതാവിന്റെ കുടുംബാംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുത്തു. ധനസമ്മാനവും പുരസ്‌കാരപത്രവും ഫലകവുമാണ് അവാര്‍ഡ്. നേതൃവൈഭവത്തിന്റെ സാദ്ധ്യതകളെ വൈദികാന്തസ്സുമായി യോജിപ്പിച്ച് മലയാളികളുടെ ആത്മീയ സാമൂഹിക ചലനങ്ങള്‍ക്ക് വേഗതയാര്‍ന്ന മാതൃക സൃഷ്ടിച്ചതിനാണ് ഫാ. ജോണ്‍ മേലേപ്പുറത്തെ മോണ്‍സിഞ്ഞോര്‍ റവ. ഡോ. ജോണ്‍ കച്ചിറമറ്റത്തിന്റെ പേരില്‍ ഏപ്പെടുത്തിയിരിക്കുന്നപുരസ്‌കാരം തുടക്കത്തിലേ തേടിയെത്തിയത്. 35 വര്‍ഷത്തെ ശുശ്രൂഷയിലൂടെ കേരളത്തിലും തുടര്‍ന്ന് അമേരിക്കയിലും ഫാ. ജോണ്‍ മേലേപ്പുറം വിരചിച്ച വിജയപ്രേഷിതദൗത്യം അവാര്‍ഡു കമ്മറ്റിയുടെ പ്രശംസക്ക് കാരണമായി. പോട്ട ചെറു പുഷ്‌പം ദേവാലയത്തില്‍ അവാര്‍ഡ് ജേതാവിന് അനുമോദന സമ്മേളനം നടന്നു. മാര്‍ പോളീ കണ്ണൂക്കാടന്‍?സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു; സമ്മേള നത്തില്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ചിക്കാഗോ രൂപതാ മുന്‍ ചാന്‍സലര്‍?റവ. ഫാ. ജോയി കടുപ്പില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഫാ. ജോണ്‍ കച്ചിറമറ്റം പുരസ്‌കാര പത്രിക വായിച്ചു. കെ.പി.ധനപാലന്‍ എം.പി, ബി.ഡി.ദേവസ്സി എം.എല്‍.ഏ, വി.ഓ. പൈലപ്പന്‍ (മുന്‍സിപ്പല്‍ ചെയര്‍മാന്‍), ഫാ.മാത്യു പന്തലാനിക്കല്‍,, പ്രഫ.ഡോ.ഇ.എം.തോമസ്, സിസ്റ്റര്‍ എല്‍സി കോക്കാട് (പ്രൊവിന്‍ഷ്യാള്‍, പാവനാത്മാ), സിസ്റ്റര്‍ ഡെയ്‌സി (പ്രൊവിന്‍ഷ്യാള്‍, ഡി പോള്‍) എന്നിവര്‍ ആശംസാ പ്രസംഗം ചെയ്‌തു.?വികാരി ഫാ. ജോയി പുത്തന്‍ വീട്ടില്‍ സ്വാഗതവും കെ. കെ. ജൊസഫ് കച്ചിറമറ്റം നന്ദിയും പറഞ്ഞു. അമേരിക്കയില്‍ 1994-1999 ഡിട്രോയിറ്റ് സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍, 1999-2003 ഡാളസ് സീറോ മലബാര്‍ പള്ളി വികാരി, 2003-2009 മയാമി സീറോ മലബാര്‍ പള്ളി വികാരി, 2009-2013 ഫിലഡല്‍ഫിയാ സീറോ മലബാര്‍ പള്ളി വികാരി എന്നീ നിലകളില്‍ ഫാ. ജോണ്‍ മേലേപ്പുറം സേവനം ചെയ്‌തു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി സീറോ മലബാര്‍ കണ്‍വെന്‍ഷനുകള്‍, ഹെറിറ്റേജ് ഡേ, പയനിയേഴ്‌സിനെ ആദരിക്കല്‍, സെയിന്റ്‌സ് ഡേ പരേഡ്, ജൂബിലി ദമ്പതികളെ ആദരിക്കല്‍, മലയാളം ഇംഗ്ലീഷ് ട്രാന്‍സ്‌ലിറ്റ്രേഷന്‍ പ്രാര്‍ത്ഥനാ പുസ്‌തകം തയ്യാറാക്കല്‍ എന്നീ മേഖലകളില്‍ നവീന രീതികള്‍ക്ക് തുടക്കമിട്ടു. സൗത്ത് ജേഴ്‌സി സെന്റ്. ജൂഡ് ഇന്‍ഡ്യന്‍ കാത്തലിക് മിഷന്റെയും ഡെലവേറിലെ ഹോളി ട്രിനിറ്റി മിഷന്റെയും ഡയറക്ടറാണ് ഫാ. ജോണ്‍ മേലേപ്പുറം ഇപ്പോള്‍. ഫിലഡല്‍ഫിയ നസ്രേത്ത് ഹോസ്‌പിറ്റലില്‍ ചാപ്ലിനായും സേവനം ചെയ്യുന്നു. കച്ചിറമറ്റം ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചതാണിത്.
Comments