നാന്വറ്റ് (ന്യൂയോര്‍ക്ക്): ജൂലൈ 26-ന് ഹഡ്‌സണ്‍ നദിയിലുണ്ടായ ബോട്ട് അപകടത്തെത്തുടര്‍ന്ന് രണ്ടുപേര്‍ മരിക്കാനിടയായതും, മറ്റു നാലു പേര്‍ക്ക് ഗുരുതരമായ പരിക്കുകളേറ്റതും, അപകട സമയത്ത് ബോട്ട് നിയന്ത്രിച്ചിരുന്ന ബോട്ടിന്റെ ഉടമ കൂടിയായ ജോജോ ജോണിന് തത്സമയ ശുശ്രൂഷകള്‍ നല്‍കുന്നതിനു പകരം അറസ്റ്റ് ചെയ്ത് പൗരാവകാശം നിഷേധിച്ചതില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിഷേധം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ആഗസ്റ്റ് 25 ഞായറാഴ്ച റോക്‌ലാന്റ് കൗണ്ടിയിലെ നാന്വെറ്റിലുള്ള കാരാവല്ലി റസ്റ്റോറന്റില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സമൂഹത്തിലെ നാനാതുറകളില്‍ പെട്ട നിരവധി പേര്‍ ഈ യോഗത്തില്‍ സംബന്ധിച്ചു. സംഘടനാഭേദമന്യേ എല്ലാവരും ഈ യോഗത്തില്‍ സംബന്ധിച്ച് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയതും, ക്രിയാത്മകമായ അഭിപ്രായങ്ങള്‍ പങ്കുവെച്ചതും ഏറെ ശ്രദ്ധേയമായി. ഫൊക്കാന, ഫോമ, ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്‍, റോക്ക്‌ലാന്റ് മലയാളി അസ്സോസിയേഷന്‍, മലയാളി അസ്സോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍, യോങ്കേഴ്സ് മലയാളി അസ്സോസിയേഷന്‍, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് പ്രതിനിധികള്‍ക്കു പുറമെ, ഇന്ത്യാ പ്രസ് ക്ലബ് പ്രതിനിധികളായ ജേക്കബ് റോയി (മലയാളം പത്രം), മധു കൊട്ടാരക്കര, രാജു പള്ളം, മൊയ്തീന്‍ പുത്തന്‍ചിറ, പ്രവാസി ആക്‌ഷന്‍ കൗണ്‍സില്‍ പ്രതിനിധികളായ അലക്സ് കോശി വിളനിലം, തോമസ് ടി. ഉമ്മന്‍ എന്നിവരും, ഇപ്പോള്‍ അമേരിക്കയില്‍ സ്വകാര്യസന്ദര്‍ശനം നടത്തുന്ന കേരളാ കോണ്‍ഗ്രസ് സ്റ്റേറ്റ് കമ്മിറ്റിയുടെ സെക്രട്ടറി ജനറല്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തവരില്‍ പെടുന്നു. ജോജോ ജോണിന് നീതി ലഭിക്കണമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു. അതിനുള്ള പോംവഴികളും ആക്‌ഷന്‍ കൗണ്‍സില്‍ സ്വീകരിക്കേണ്ട സത്വര നടപടികളെക്കുറിച്ചും യോഗത്തില്‍ പങ്കെടുത്തവര്‍ വിശദീകരിച്ചു. ജോജോയ്ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും അനുബന്ധ ഒപ്പുശേഖരണവും തദവസരത്തില്‍ നടത്തുകയും, അപ്രതീക്ഷിതമായുണ്ടായ ഈ അപകടത്തെ മന:പ്പൂര്‍വ്വമല്ലാത്ത നരഹത്യയാക്കി മാറ്റി ജോജോയെ കുറ്റക്കാരനാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ഡിസ്‌ട്രിക്റ്റ് അറ്റോര്‍ണിയുടെ നടപടിയെ അപലപിക്കുകയും അവരുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാനും ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു. ജോജോയുടെ പിതാവ് ജോണ്‍ യോഹന്നാന്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം ഹൃദയസ്‌പൃക്കായി അവതരിപ്പിച്ചു. ജൂലൈ 26-ന് രാത്രി പത്തുമണിയോടെയാണ് ജോജോ ഓടിച്ചിരുന്ന ബോട്ട് അപകടത്തില്‍ പെട്ടത്. ഹഡ്‌സണ്‍ നദിക്കു കുറുകെയുള്ള ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ പാലമായ (ഏകദേശം 17,000 അടി)ടാപ്പന്‍ സീയുടെ അറ്റകുറ്റപ്പണികള്‍ക്കായുള്ള സാമഗ്രികള്‍ നിറച്ച നിരവധി ബാര്‍ജുകള്‍ പാലത്തിനിരുവശവും നദിയില്‍ അങ്ങിങ്ങായി നങ്കൂരമിട്ടിട്ടുണ്ട്. അവയില്‍ ആവശ്യത്തിന് വെളിച്ചമോ അപകട സൂചനകള്‍ നല്‍കുന്ന മറ്റു സംവിധാനങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. അവയിലൊന്നില്‍ ഇടിച്ചാണ് ബോട്ട് തകര്‍ന്നത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടിലുണ്ടായിരുന്ന ആറുപേരില്‍ രണ്ടുപേര്‍ തെറിച്ചു നദിയിലേക്ക് വീണു. ജോജോ അടക്കം മറ്റു നാലുപേരും പരിക്കേറ്റ് ബോട്ടില്‍ ബോധരഹിതരായി കിടന്നു. കുറെ കഴിഞ്ഞ് അവരിലൊരാള്‍ക്ക് ബോധം തെളിഞ്ഞപ്പോള്‍ അയാളാണ് 911 അത്യാഹിത നമ്പര്‍ വിളിച്ച് അപകട വിവരം പോലീസിനെ അറിയിച്ചത്. അതുകഴിഞ്ഞയുടന്‍ അയാള്‍ വീണ്ടും ബോധരഹിതനായി. പോലീസും ഫയര്‍ ഫോഴ്‌സുമൊക്കെ തിരച്ചില്‍ നടത്തി അപകടത്തില്‍ പെട്ടവരെ കണ്ടുപിടിക്കാന്‍ സമയമെടുത്തു. ജോജോയുടെ പിതാവ് വിശദീകരിച്ചു. ഗുരുതരമായി പരിക്കേറ്റവരെ നയാക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ, ജോജോയെ ഒരു കൊടും കുറ്റവാളിയെപ്പോലെയാണ് പോലീസ് കൈകാര്യം ചെയ്തതെന്ന് ജോണ്‍ യോഹന്നാന്‍ പറഞ്ഞു. പിറ്റെ ദിവസം പുലര്‍ച്ചെ മൂന്നര മണിക്ക് ബോധം തെളിഞ്ഞ ജോജോ മതാപിതാക്കളെ വിവരമറിയിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മകന്റെ അപകടവിവരമറിയാതെ പിറ്റെ ദിവസം രാവിലെ 10 മണിക്ക് പള്ളിയുടെ പിക്‌നിക്കിന് പോകാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴാണ് ഞങ്ങള്‍ മറ്റൊരു സ്രോതസ്സ് വഴി അപകട വിവരം അറിഞ്ഞതെന്ന് ജോണ്‍ യോഹന്നാന്‍ പറഞ്ഞു. മകനെ കാണാന്‍ ആശുപത്രിയിലെത്തിയ മാതാപിതാക്കളെ പോലീസും സെക്യൂരിറ്റിയും തടഞ്ഞു. കാരണം അപ്പോഴേക്കും ജോജോക്കെതിരെ നരഹത്യക്ക് കേസ് ചാര്‍ജ് ചെയ്ത് അറസ്റ്റു ചെയ്തിരുന്നു. ഹൃദയവേദനയോടെ തങ്ങളുടെ മകനെ ഒരു നോക്കു കാണാന്‍ അവര്‍ ആവര്‍ത്തിച്ച് അപേക്ഷിച്ചിട്ടും അധികൃതര്‍ കനിഞ്ഞില്ല എന്ന് അദ്ദേഹം സങ്കടത്തോടെ പറഞ്ഞു. ബാര്‍ജ് കിടക്കുന്നത് തങ്ങളാരും കണ്ടില്ലെന്നും, തങ്ങളാരും അമിതമായി മദ്യപിച്ചിരുന്നില്ലെന്നും ബോട്ടിലുണ്ടായിരുന്ന മറ്റു നാലുപേരും മൊഴി നല്‍കിയ സാഹചര്യവും ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. വീണ്ടും വൈകീട്ട് ഒരു ശ്രമം കൂടി നടത്തി. അപ്പോഴേക്കും ജോജോയുടെ അഭിഭാഷകനെ ജോജോ വിളിച്ചതുകൊണ്ട് അദ്ദേഹത്തെ പോലീസ് അകത്തേക്ക് കടത്തി വിട്ടു. അഭിഭാഷകനാണ് സംഭവങ്ങള്‍ വിവരിച്ചതെന്ന് ജോണ്‍ പറഞ്ഞു. രാവിലെ ജോജോ ബോധം തെളിഞ്ഞയുടനെ പോലീസ് ചെയ്തത് ജോജോയ്ക്കെതിരെ മദ്യപിച്ച് ബോട്ട് ഓടിച്ചതിനും രണ്ടുപേരുടെ മരണത്തിനിടയാക്കിയതിനും കേസ് ചാര്‍ജ് ചെയ്യുക എന്നതായിരുന്നത്രെ. അതിനായി അവര്‍ ചെയ്തത് ഒരു താത്ക്കാലിക കോടതി ആശുപത്രി മുറിയില്‍ ഒരുക്കുകയായിരുന്നു. ജഡ്ജിയും ഡിസ്‌ട്രിക്റ്റ് അറ്റോര്‍ണിയും ക്ലാര്‍ക്കും ഗുമസ്ഥരുമെല്ലാം ആശുപത്രിക്കിടക്കരികെ കോടതി സ്ഥാപിച്ച് അവിടെ വെച്ച് ജഡ്ജി വിധി പ്രഖ്യാപിക്കുകയായിരുന്നു എന്ന് ജോണ്‍ പറഞ്ഞു. വിധി പ്രസ്താവിച്ചയുടനെ പോലീസ് ജോജോയെ കൈയ്യാം വെക്കുകയും കാലില്‍ ചങ്ങലകളിട്ട് കട്ടിലിനോട് ബന്ധിപ്പിക്കുകയും ചെയ്തു. കൂടാതെ രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തുകയും നിശ്ചയിച്ചു. അതിനുശേഷം മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മാധ്യമങ്ങളാകട്ടേ ജോജോയുടെ ഒരു പഴയ ഫോട്ടോ (ആ ഫോട്ടൊ എവിടെ നിന്ന് സംഘടിപ്പിച്ചു എന്ന് ആര്‍ക്കും അറിയില്ല എന്ന് പിതാവ് ജോണ്‍ പറയുന്നു)യുടെ കൂടെ എല്ലാ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും നല്‍കി ജോജോയെ ഒരു ഭീകരവാദിയായി ചിത്രീകരിക്കുകയായിരുന്നു എന്ന് ജോണ്‍ ഹൃദയവേദനയോടെ വിവരിച്ചു. കഴുത്തിനും നട്ടെല്ലിനും ക്ഷതമേറ്റ് ഗുരുതരാവസ്ഥയില്‍ കിടക്കുന്ന ഒരു യുവാവിനോടാണ് ഈ അനീതി കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന തങ്ങളുടെ മകനെ ഒരുനോക്കു കാണാന്‍ മാതാപിതാക്കള്‍ അധികാരികളുടെ മുന്‍പില്‍ കേണപേക്ഷിക്കുന്ന സമയത്ത് ആശുപത്രിയ്ക്കകത്ത് നടന്ന നാടകീയ സംഭവങ്ങളാണ് മേല്‍ വിവരിച്ചത്. മൂന്നാം ദിവസമാണ് മകനെ കാണാന്‍ മാതാപിതാക്കള്‍ക്ക് അനുമതി കിട്ടിയത്. ഇത് അമേരിക്കയില്‍ തന്നെയാണോ നടന്നതെന്ന് ഒരുപക്ഷേ വായനക്കാര്‍ക്ക് സംശയം തോന്നാം. എന്നാല്‍ ഈ രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങളിലെ ഒരു ചെറിയ സംഭവം മാത്രമാണിതെന്ന് യോഗത്തില്‍ സംബന്ധിച്ച് സംസാരിച്ചവരില്‍ ഏറെ പേരും അഭിപ്രായപ്പെട്ടു. മലയാളികളില്‍ ഒരു ജോജോ. അങ്ങനെ എത്രയോ ജോജോമാര്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നീതി നിഷേധിച്ച് കാരാഗൃഹങ്ങളില്‍ കഴിയുന്നുണ്ടെന്ന് നമുക്കാര്‍ക്കും അറിയില്ല. 'ജസ്റ്റിസ് ഫോര്‍ ഓള്‍' (ജെ.എഫ്.എ.) പ്രവര്‍ത്തകരുടെ നിരന്തരവും അക്ഷീണവുമായ പ്രവര്‍ത്തനങ്ങളുടെ പരിണതഫലമാണ് രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തുക സര്‍ക്കാര്‍ വേണ്ടെന്നു വെച്ചതും ജോജോയെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചതുമെന്ന് ജെ.എഫ്.എ. ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ പറഞ്ഞു. കൂടാതെ, പ്രതിഷേധ യോഗം സംഘടിപ്പിക്കാനും ജെ.എഫ്.എ. മുന്‍കൈയ്യെടുത്തു. അതിന്റെ ഫലം വരും നാളുകളില്‍ കാണാമെന്ന് തോമസ് കൂവള്ളൂര്‍ പറഞ്ഞു. ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മലയാളികള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അലക്സ് കോശി വിളനിലം, തോമസ് ടി. ഉമ്മന്‍ എന്നിവര്‍ വിശദീകരിച്ചു. 'നമ്മുടെ കുഞ്ഞുങ്ങളെ നല്ല നിലയില്‍ വളര്‍ത്താനും പഠിപ്പിച്ച് ഉയര്‍ന്ന നിലയില്‍ ജീവിക്കാനും പ്രാപ്തരാക്കാനാണ് നാം ഈ രാജ്യത്ത് വന്നിരിക്കുന്നത്. നമ്മുടെ ജീവിതം ഏതാണ്ട് അവസാനിക്കാറായി. നികുതി കൊടുത്ത്, പൗരബോധത്തോടെ, നീതിന്യായ വ്യവസ്ഥയെ മാനിച്ച് ജീവിക്കുന്ന നമ്മുടെ മക്കള്‍ക്ക് ഇങ്ങനെയൊരു ദുര്‍ഗതി വരുന്നത് തീര്‍ത്തും നിര്‍ഭാഗ്യമാണ്. ഇങ്ങനെയുള്ള വിവേചനം ഒരിക്കലും അനുവദിച്ചു കൊടുക്കരുത്. അതിനായി നാം ഒറ്റക്കെട്ടായി പൊരുതണം,' അലക്സ് വിശദീകരിച്ചു. പള്ളികളും മതസ്ഥാപനങ്ങളുമൊക്കെ ആളുകളെ ഭിന്നിപ്പിക്കുന്നതല്ലാതെ അവര്‍ക്ക് ശരിയായ നേതൃത്വം നല്‍കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിനു നേതൃത്വം നല്‍കുന്നത് റവറന്മാരാണ്. നമ്മുടെ സമൂഹത്തില്‍ അവര്‍ പള്ളികള്‍ പണിയുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പള്ളികള്‍ പണിയാന്‍ മില്യന്‍ കണക്കിനു ഡോളര്‍ അവര്‍ സമാഹരിക്കുന്നു. ആര്‍ക്കുവേണ്ടി? എന്തിനു വേണ്ടി? നമ്മുടെ സമൂഹത്തിന്റെ പ്രശ്‌നങ്ങളോ വിഷമതകളോ ഒന്നും അവര്‍ക്ക് പ്രശ്‌നമല്ല, അലക്സ് കൂട്ടിച്ചേര്‍ത്തു. അധികാരികളുടെ കണ്ണു തുറപ്പിക്കാനും മലയാളികള്‍ ഒറ്റക്കെട്ടാണെന്ന് ബോധിപ്പിക്കാനും ഒരു ബഹുജന പ്രക്ഷോഭ റാലി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് തോമസ് ടി. ഉമ്മന്‍ നിര്‍ദേശിച്ചത് യോഗം ഹര്‍ഷാരവത്തോടെ എതിരേറ്റു. പരിമിതികളേറെയുണ്ടെങ്കിലും കഴിവിന്റെ പരമാവധി ഇക്കാര്യത്തില്‍ ചെയ്യാം എന്ന് റോക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ പ്രസ്താവിച്ചു. ദുരൂഹതകള്‍ ഏറെ നിറഞ്ഞതാണ് ഈ ബോട്ടപകത്തിന്റെ പശ്ചാത്തലം. ഹഡ്സണ്‍ നദിയിലെ ബാര്‍ജുകള്‍ അപകടങ്ങള്‍ വരുത്തിവെക്കുമെന്ന് അധികാരികള്‍ ബന്ധപ്പെട്ട കണ്‍സ്‌ട്രക്‌ഷന്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യോഗത്തിലുടനീളം കാണിച്ച പോലീസിന്റേയും അഗ്നിശമന സേനാവിഭാഗത്തിന്റേയും പ്രസ് കോണ്‍ഫറന്‍സ് വീഡിയോയില്‍ അവര്‍ തന്നെ അതു പറയുന്നുണ്ട്. പാലംപണികളുടെ കരാറുകാരുടേയും സ്റ്റേറ്റ് അധികൃതരുടേയും വീഴ്ചകള്‍ മറയ്ക്കാനാണ് ജോജോ ജോണിനെ ബലിയാടാക്കാന്‍ ശ്രമിക്കുന്നതെന്ന് യോഗത്തിനു മുന്‍കൈ എടുത്ത ജസ്റ്റീസ് ഫോര്‍ ഓള്‍ സംഘടനയുടെ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ പറഞ്ഞു. റോഡിനു നടുവില്‍ വലിയൊരു കുഴി കുഴിക്കുന്നതിനോടാണ് വേണ്ടത്ര ലൈറ്റില്ലാതെ ബാര്‍ജ് കിടന്നതിനെ കൂവള്ളൂര്‍ ഉപമിച്ചത്. കുഴിയുണ്ടെന്നു മുന്‍കൂട്ടി അറിയിക്കുകയും, മതിയായ ലൈറ്റ് സ്ഥാപിക്കുകയുമൊക്കെ ചെയ്യേണ്ട ഉത്തരവാദിത്വം സ്റ്റേറ്റ് നിര്‍വഹിച്ചില്ല. ഒരു പിതാവിന്റെ വേദനയെന്തെന്ന് നാമിപ്പോള്‍ കേട്ടുവെന്നും ഇത്തരം അവസ്ഥ ഇന്ത്യക്കാരനായതുകൊണ്ടുമാത്രം ഉണ്ടാകുന്ന സ്ഥിതി വരരുതെന്നും മലയാളം പത്രം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജേക്കബ് റോയി പറഞ്ഞു. ഈ സംഭവം വളരെ നിര്‍ഭാഗ്യമായിപ്പോയി എന്നും, മലയാളികള്‍ ഒരുമിച്ചു നിന്ന് ഇങ്ങനെയുള്ള അനീതിക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും ജോര്‍ജ് ജോസഫ് (ഇ-മലയാളി, ഇന്ത്യാ അബ്രോഡ്, മലയാളം പത്രം)പറഞ്ഞു. നിര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ പ്രതികരിക്കാതെ നമ്മുടെ വീട്ടില്‍ സംഭവിക്കുന്നതുവരെ അനങ്ങാതിരിക്കുന്ന സ്വഭാവമാണ് നമുക്കുള്ളതെന്ന് ഇന്ത്യാ പ്രസ് ക്ലബ് നാഷണല്‍ സെക്രട്ടറി മധു രാജന്‍ ചൂണ്ടിക്കാട്ടി. കണ്‍സ്‌ട്രക്‌ഷന്‍ രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള മധു, അപകട സൂചനകള്‍ എങ്ങനെ നല്‍കണമെന്നും, അങ്ങണെ നല്‍കിയില്ലെങ്കിലുള്ള ഭവിഷ്യത്തുകളെക്കുറിച്ചും സംസാരിച്ചു. മാധ്യമ രംഗത്തും മറ്റെല്ലാ രംഗത്തും മുഖ്യാധാരയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഒരു വേദി തന്നെ ഉണ്ടാവണമെന്നും മധു രാജന്‍ നിര്‍ദേശിച്ചു. കേസ് എന്ന നിലയില്‍ കാര്യത്തെ ഗൗരവത്തോടെ കാണണമെന്നും ആദ്യമായി ഡിസ്ട്രിക്ട് അറ്റോര്‍ണിയുമായി സംസാരിക്കേണ്ടതുണ്ടെന്നും പി.ടി. തോമസ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി ജനറല്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ തന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടന വേളയില്‍ അവിടെ ഒരു ഇന്ത്യക്കാരന്‍ നേരിട്ട സമാന സംഭവത്തെക്കുറിച്ചു വിവരിക്കുകയും ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ട് അത് പരിഹരിച്ചതിനെക്കുറിച്ചും വിശദീകരിച്ചു. വര്‍ഗീസ് ഉലഹന്നാന്‍, അജിന്‍ ആന്റണി, ജോസ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. ജോജോ ജോണിന് നീതി ലഭിക്കുമെന്ന് ഉറപ്പാക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും 'ജസ്റ്റിസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ.) താഴെ പറയുന്നവരെ ഉള്‍പ്പെടുത്തി ഒരു ആക്‌ഷന്‍ കമ്മിറ്റിയുടെ രൂപീകരണവും ഈ യോഗത്തില്‍ നടന്നു. ഇന്നസന്റ് ഉലഹന്നാന്‍ (ചെയര്‍മാന്‍ ) 646 542 4070, അലക്സ് എബ്രഹാം (സെക്രട്ടറി) 845 729 4423, കുരിയാക്കോസ് തരിയന്‍ (ട്രഷറര്‍ ) 845 358 1195, നാരായണന്‍ രവീന്ദ്രന്‍ (ലീഗല്‍ അഡ്വൈസര്‍ ) 917 539 2815, അജിന്‍ ആന്റണി (യുവജന പ്രതിനിധി) 845 642 9417. കോ-ഓര്‍ഡിനേറ്റര്‍മാര്‍ : വിശ്വനാഥന്‍ കുഞ്ഞുപിള്ള, ബോസ് കുരുവിള, ജേക്കബ് റോയ്, അലക്സ് തോമസ്, സണ്ണി കല്ലൂപ്പാറ, ജോസഫ് കുരിയപ്പുറം, രാജു യോഹന്നാന്‍, അലക്സാണ്ടര്‍ പൊടിമണ്ണില്‍, തോമസ് കെ. ജോര്‍ജ്, മത്തായി പി. ദാസ്, റവ. ഡോ. വര്‍ഗീസ് എബ്രഹാം, തോമസ് മാത്യു, വര്‍ഗീസ് ഉലഹന്നാന്‍, ജോണ്‍ തോമസ്, തമ്പി പയയ്ക്കല്‍, മാത്യു കോരുത്, ജോയി ഇട്ടന്‍ , കെ.കെ. ജോണ്‍സണ്‍, സാബു ഇത്താക്കന്‍, അലക്സ് വി. കോശി, ജോര്‍ജ് താമരവേലില്‍, റോയി ചെങ്ങന്നൂര്‍, ഷിബു എബ്രഹാം .
Comments