വര്‍ഷം 1977 ജനശ്രദ്ധ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് നാടകാവതരണത്തില്‍ നൂതനമാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കപ്പെട്ടിരുന്ന കാലഘട്ടം. സ്ഥലം തൃശ്ശൂരിലെ പ്രസിദ്ധമായ കേരളവര്‍മ്മ കോളേജ്. കോളേജ് യുവജനോത്സവത്തിനോടനുബന്ധിച്ചു കലാപരിപാടികള്‍ അരങ്ങു തകര്‍ക്കുന്ന സമയം. അടുത്ത ഇനം നാടകമാണ്. അനൗണ്‍സറുടെ ഉച്ചത്തിലുള്ള ശബ്ദം ലൗഡ് സ്പീക്കറിലൂടെ പുറത്തേക്ക് ഒഴുകിയെത്തി. സ്റ്റേജില്‍ ബെല്‍ മുഴുങ്ങി. കര്‍ട്ടന്‍ സാവധാനം ഇരുവശങ്ങളിലേക്കും നീങ്ങി. ശൂന്യമായ സ്റ്റേജിലേക്ക് സുരേന്ദ്രന്‍ പ്രവേശിച്ചു. എവിടെ നിന്നോ എന്നറിയില്ല പെട്ടെന്ന് ഡേവിസ് കടന്നുവന്നു. സുരേന്ദ്രന്‍ നാടകം നടത്തുന്നതിനെക്കുറിച്ചു ഡേവിസ് ചോദ്യം ചെയ്യുവാനാരംഭിച്ചു. രണ്ടു പേരുടേയും സംഭാഷണങ്ങള്‍ അതിരുകടക്കുന്നതായി എനിക്കു തോന്നി. സുരേന്ദ്രനും ഡേവിസും കേരളത്തിലെ പ്രധാന രണ്ടു വ്യത്യസ്ത വിദ്യാര്‍ത്ഥി പ്രസ്താനങ്ങളുടെ ജില്ലാതല നേതാക്കന്മാരായിരുന്നു. സുരേന്ദ്രന്‍ എന്റെ അടുത്ത സുഹൃത്തും ഞാന്‍ അദ്ദേഹം നേതൃത്വം നല്‍കുന്ന പ്രസ്ഥാനത്തിന്‌റെ സജ്ജീവ പ്രവര്‍ത്തകനും ആയിരുന്നു. ഡേവിസ് സുരേന്ദ്രനുമായ തര്‍ക്കം തുടരുന്നതു കണ്ടു നില്‍ക്കാന്‍ എന്റെ രാഷ്ട്രീയബോധം അനുവദിച്ചില്ല. സ്റ്റേജിനു മുന്‍പില്‍ അല്പം അകലെയായി കൂട്ടുക്കാരുമൊത്ത് സംസാരിച്ചു നില്‍ക്കുകയായിരുന്ന ഞാന്‍ ഉടുത്തിരുന്ന മുണ്ടും മടക്കി കുത്തി സ്റ്റേജിലേക്ക് ഓടിക്കയറി. എന്റെ വരവ് കണ്ടു പകച്ചുപോയ ഡേവിഡിനോട് "നീ ആരടാ നാടകം നടത്തുന്നതിനെ കുറിച്ചു സുരേന്ദ്രനോട് സംസാരിക്കാന്‍, ഉടനെ സ്റ്റേജില്‍ നിന്നും ഇറങ്ങി പോകുന്നതാണ് നിനക്കു നല്ലത്." ഇതിനിടയില്‍ കര്‍ട്ടന്‍ വലിക്കുന്ന വിദ്യാര്‍ത്ഥിയോട് കര്‍ട്ടന്‍ വലിച്ചു അടക്കടാ എന്റെ ആക്രോശം കേട്ട വിദ്യാര്‍ത്ഥി ദയനീയമായി സുരേന്ദ്രന്റെ മുഖത്തേക്കു നോക്കി. കാര്യം പന്തിയല്ല എന്ന് മനസ്സിലാക്കിയ സുരേന്ദ്രന്‍ എന്റെ അടുക്കല്‍ വന്ന് ചെവിയില്‍ മന്ത്രിച്ചു."സ്‌നേഹിതാ ഇതു ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് സംവിധാനം ചെയ്ത നാടകത്തിന്റെ ആദ്യ സീനാണ്- ദയവു ചെയ്ത് സ്റ്റേജില്‍ നിന്നും ഇറങ്ങിപോകണം"- അപ്പോഴാണ് എനിക്ക് പറ്റിയ മണ്ടത്തരം മനസ്സിലായത്. ഒട്ടു ഗൗരവം വിടാതെ സ്റ്റേജിന്റെ പുറകിലൂടെ സാവധാനം ഞാന്‍ ഇറങ്ങി നടന്നു. ഇതിനിടയില്‍ ഇരുവശത്തുനിന്നും കര്‍ട്ടന്‍ നിരങ്ങി നീങ്ങി സ്റ്റേജിന്റെ മദ്ധ്യത്തില്‍ കൂട്ടിമുട്ടിയിരുന്നു. ആദ്യത്തെ സീന്‍ കണ്ട വിദ്യാര്‍ത്ഥികള്‍ ഹര്‍ഷാരവം മുഴക്കി നടാകത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. സ്റ്റേജിനു മുമ്പിലിരുന്ന ചില അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും എന്റെ സമീപത്തെ എന്റെ അഭിനയത്തെ അതിഗംഭീരമാണെന്നാണ് വിശേഷിപ്പിച്ചത്. അവരറിഞ്ഞിരുന്നില്ല ഞാന്‍ നാടകത്തില്‍ ആരുമായിരുന്നില്ലാ എന്ന്. നാടകത്തില്‍ ആദ്യവും അവസാനുമായി അഭിനയിച്ച രംഗം എന്റെ ജീവിതത്തിലെ അവസ്മരണീയ സംഭവങ്ങളില്‍ ഒന്നായിരുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് സുരേന്ദ്രനും, സ്‌നേഹിതന്‍ ഡേവീസും അവസാന എം.എ. വിദ്യാര്‍ത്ഥികളും, ഞാന്‍ ബി.എസ്സ്.സ്സി. അവസാനവര്‍ഷ വിദ്യാര്‍ത്ഥിയും ആയിരുന്നു. സുരേന്ദ്രനും, ഡേവീസും കേരളത്തിലെ പ്രധാന രണ്ടു ദിനപത്രങ്ങളില്‍ ഇന്ന് ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്നു.
Comments