ഫ്രാന്‍സിസ് തടത്തില്‍
ന്യൂജേഴ്‌സി: ഗാര്‍ഫീല്‍ഡ് ബ്ലസ്ഡ് ജോണ്‍ പോള്‍ സെക്കന്‍ഡ് സീറോ മലബാര്‍ മിഷനില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും മിഷന്‍ പേട്രണ്‍ വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെയും സംയുക്ത തിരുനാള്‍ ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ ഒന്ന് (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ആഘോഷപൂര്‍വം കൊണ്ടാടും. മിഷന്റെ കീഴിലുള്ള സെന്റ് സൈമണ്‍ വാര്‍ഡ് ഏറ്റെടുത്തു നടത്തുന്ന തിരുനാള്‍ വെള്ളിയാഴ്ച വൈകുന്നേരം 6.30ന് വികാരിയും മിഷന്‍ ഡയറക്ടറുമായ ഫാ. പോള്‍ കോട്ടയ്ക്കല്‍ കൊടിയേറ്റുന്നതോടെ ഔദ്യോഗികമായി തുടക്കം കുറിക്കും. തുടര്‍ന്ന് ആഘോഷമായ കുര്‍ബാനയും ലദീഞ്ഞും ഉണ്ടായിരിക്കും. മുഖ്യ തിരുനാള്‍ ദിനമായ ശനിയാഴ്ച വൈകുന്നേരം 5.15ന് ആരംഭിക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ലദീഞ്ഞും നടക്കും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വിതരണംചെയ്യുന്ന ലളിത ഭക്ഷണത്തെ തുടര്‍ന്ന് മിഷനിലെ കലാപ്രതിഭകളുടെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറും. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാവിരുന്നില്‍ അമേരിക്കയില്‍ ദേശീയ തലത്തില്‍ ശ്രദ്ധേയരായ മിഷന്‍ അംഗങ്ങളുടെ ലൈവ് ഓര്‍ക്കസ്ട്ര, കഥാപ്രസംഗം, നൃത്തപരിപാടികള്‍ തുടങ്ങിയവ ഉണ്ടായിരിക്കും. തുടര്‍ന്ന് അത്താഴ വിരുന്നു നടക്കും. സമാപനദിനമായ ഞായറാഴ്ച രാവിലെ 11.15ന് ആരംഭിക്കുന്ന ആഘോഷമായ സമൂഹബലിയില്‍ ചിക്കാഗോ രൂപയുടെ ചാന്‍സലര്‍ റവ. ഡോ.സെബാസ്റ്റിയന്‍ വേത്താനത്ത് മുഖ്യകാര്‍മികനായിരിക്കും. ഫാ. ജോജി കണിയാമ്പടി തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ലദീഞ്ഞും വിശുദ്ധരുടെ രൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും. അമേരിക്കയിലെ പ്രസിദ്ധമായ ചെണ്ടമേള സംഘം ക്വീന്‍സ് ടീമിന്റെ ആഭിമുഖ്യത്തിലുള്ള ചെണ്ടമേളവും മിഷനിലെ കുട്ടികള്‍ നയിക്കുന്ന ബാന്‍ഡ് വാദ്യവ ും തിരുനാള്‍ അവിസ്മരണീയമാക്കും. പ്രദക്ഷിണത്തിനുശേഷം തിരുനാളിനു സമാപനംകുറിച്ചുകൊണ്ട് കൊടിയിറക്കും. തുടര്‍ന്ന് ഉച്ചഭക്ഷണം. തിരുനാളില്‍ ദിവ്യബലി അര്‍പ്പിക്കുന്നതിനായി ന്യൂജേഴ്‌സിയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി വൈദികര്‍ എത്തിച്ചേരും. തിരുനാളിന്റെ നടത്തിപ്പിനും വിജയത്തിനുമായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുനാളില്‍ സംബന്ധിക്കാനും വിശുദ്ധരുടെ അനുഗ്രങ്ങള്‍ നേടാനും ന്യൂജേഴ്‌സിയിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. പോള്‍ കോട്ടയ്ക്കല്‍, ട്രസ്റ്റിമാരായ ബിനുജോണ്‍, ബാബു ജോസഫ്, സെക്രട്ടറി ജോയി ചാക്കപ്പന്‍, പ്രസുദേന്തിയെ പ്രതിനിധീകരിച്ച് സെന്റ് സൈമണ്‍സ് വാര്‍ഡ് പ്രസിഡന്റ് സജിമോന്‍ ആന്റണി എന്നിവര്‍ അറിയിച്ചു.
Comments